ജിദ്ദ: ലബനാനിലെ സൗദി അംബാസഡർ അവിടേക്ക് മടങ്ങുന്നു. സൗദി അംബാസഡർ ലബനാനിലേക്ക് മടങ്ങുന്നുവെന്ന വിവരം സൗദി വിദേശകാര്യ മന്ത്രാലയമാണ് വ്യക്തമാക്കിയത്. ലബനാനിലെ മിതവാദ ദേശീയ രാഷ്ട്രീയ ശക്തികളുടെ ആഭ്യർഥനകൾ പരിഗണിച്ചാണ് തീരുമാനം. സൗദി അറേബ്യയുമായും ജി.സി.സി രാജ്യങ്ങളുമായും സഹകരണം വർധിപ്പിക്കുന്നതിനും, സൗദിയേയും ജി.സി.സി കൗൺസിലിനെയും ബാധിക്കുന്ന എല്ലാ രാഷ്ട്രീയ-സൈനിക പ്രവർത്തനങ്ങളും അവസാനിപ്പിക്കുന്നതിനും നടപടി സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന ലബനാൻ പ്രധാനമന്ത്രിയുടെ പ്രസ്താവനയും സൗദിയുടെ തീരുമാനത്തിന് കാരണമായെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ലബനാനിൽ സമാധാനവും സുരക്ഷിതത്വവും നിലനിൽക്കട്ടെയെന്നും അവിടെത്തെ ജനങ്ങൾ സ്ഥിരതയും സുരക്ഷിതത്വവും ആസ്വദിക്കട്ടെയെന്നും അറബ് ആഴത്തിലേക്ക് രാജ്യം മടങ്ങേണ്ടതുണ്ടെന്നും പ്രസ്താവനയിൽ സൗദി അറേബ്യ പറഞ്ഞു.
സൗദി അറേബ്യക്കെതിരെ ലബനാൻ ഇൻഫർമേഷൻ മന്ത്രി അപമാനകരമായ പ്രസ്താവന നടത്തിയതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിലാണ് സൗദി അറേബ്യ തങ്ങളുടെ അംബാസഡറെ ലബനാനിൽ നിന്ന് തിരിച്ചുവിളിച്ചത്. ലബനാനിൽ നിന്നുള്ള ഇറക്കുമതികൾ നിർത്താനും അന്ന് സൗദി അറേബ്യ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.