റിയാദ്: സൗദി അറേബ്യയിൽ സ്വത്തുവകകൾ വാങ്ങാനും കൈവശം വെക്കാനും വിൽപന നടത്താനും വിദേശികളെ അനുവദിക്കുന്ന നിയമം വൈകാതെ പ്രഖ്യാപിക്കുമെന്ന് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി (റെഗ) സി.ഇ.ഒ അബ്ദുല്ല അൽ ഹമ്മാദ് പറഞ്ഞു.
വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നൽകുന്നതിനുള്ള പുതിയ നിയമം അതിന്റെ അവസാന ഘട്ടത്തിലാണെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത് പരസ്യമാക്കുമെന്നും ‘റൊട്ടാന ഖലീജിയ’ ടെലിവിഷനിലെ അൽ-ലിവാൻ പരിപാടിയിൽ പങ്കെടുക്കവേ അൽഹമ്മദ് വ്യക്തമാക്കി.
നിലവിലെ റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമത്തേക്കാൾ വിശാലവും സമഗ്രവുമായിരിക്കും പുതിയ നിയമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചട്ടങ്ങൾക്കനുസൃതമായി വാണിജ്യ, പാർപ്പിട, കാർഷിക രംഗത്തെ എല്ലാത്തരം സ്വത്തുവകകളും സ്വന്തമാക്കാൻ വിദേശികൾക്ക് അനുമതി നൽകുമെന്ന് അതോറിറ്റി മേധാവി പറഞ്ഞു.
മക്കയും മദീനയും ഉൾപ്പെടെ രാജ്യത്തെവിടെയും വിദേശികൾക്ക് സ്വത്ത് കൈവശംവെക്കാൻ അനുമതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശ ഉടമസ്ഥതയുടെ പ്രതികൂല ഫലങ്ങൾ ഒഴിവാക്കുന്നതിന് നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുകയും അസ്വീകാര്യമായ രീതികൾക്കും പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനുള്ള മാനദണ്ഡങ്ങൾ വികസിപ്പിക്കുകയും ചെയ്യുമെന്നും അതോറിറ്റി മേധാവി പറഞ്ഞു. റിയൽ എസ്റ്റേറ്റ് രംഗത്തെ വില വർധനയിൽ തങ്ങൾ തൃപ്തരല്ലെന്ന് പറഞ്ഞ അൽഹമ്മാദ്, സാമ്പത്തിക സന്തുലിതാവസ്ഥ കൈവരിക്കുന്നതിന് മേഖലയെ പ്രാപ്തമാക്കാനാണ് അതോറിറ്റി പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.