ജിദ്ദ: സൗദിയിൽ മാസ്ക് ധാരണവും സാമൂഹിക അകലം പാലിക്കലും വീണ്ടും നിർബന്ധം. നിയമം വ്യാഴാഴ്ച രാവിലെ ഏഴു മുതൽ പ്രാബല്യത്തിൽ. രാജ്യത്ത് കോവിഡ് വീണ്ടും വർധിച്ച വരുന്ന സാഹചര്യം പരിഗണിച്ച് ആഭ്യന്തര മന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത്. ആഗോളതലത്തിലും പ്രാദേശികമായും കോവിഡ് വ്യാപന സാഹചര്യങ്ങൾ വിലയിരുത്തിയാണ് നടപടി. എല്ലാവരും എല്ലാ മുൻകരുതലുകളും പ്രതിരോധ നടപടികളും പാലിക്കണം. നിയമം ലംഘിക്കുന്നവർക്കെതിരെ നിയമനടപടികളും പിഴയും ഉണ്ടാവും. വാക്സിൻ ഡോസുകൾ സ്വീകരിക്കുന്നത് പൂർത്തിയാക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. നേരത്തേ ദൈനംദിന കോവിഡ് രോഗികളുടെ എണ്ണം 20 വരെയായി കുറെഞ്ഞങ്കിലും ഇപ്പോൾ വർധിക്കുകയാണ്. 744 പേർക്കാണ് ബുധനാഴ്ച രോഗം ബാധിച്ചത്. ഈ സാഹചര്യത്തിലാണ് കരുതൽ നടപടി കടുപ്പിക്കുന്നത്.
ഹറമുകളിൽ അടക്കം എല്ലാ പള്ളികളിലും മാസ്കും സാമൂഹിക അകലവും നിർബന്ധം
ജിദ്ദ: മക്കയിലെ മസ്ജിദുൽ ഹറാമിലും മദീന മസ്ജിദുന്നബവിയിലും പ്രവേശിക്കുന്ന തീർഥാടകർക്കും സന്ദർശകർക്കും സാമൂഹിക അകലം പാലിക്കൽ പുനഃസ്ഥാപിച്ചതായി ഇരുഹറം കാര്യാലയ വകുപ്പ് അറിയിച്ചു. പ്രാർഥന നടത്തുമ്പോഴും ത്വവാഫിലും സഅയിലുമെല്ലാം ആരാധകർക്കിടയിൽ ശാരീരിക അകലം പാലിക്കൽ നിർബന്ധമാണ്. മുൻകരുതൽ നടപടികളുടെ ഭാഗമായി മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, മുൻകൂർ അനുമതി പത്രം നേടി മാത്രം പള്ളിയിൽ പ്രവേശിക്കൽ, ഉദ്യോഗസ്ഥരുടെ നിർദേശം പാലിക്കൽ എന്നിവ ഇരുഹറമിലും പ്രവേശിക്കുന്ന സന്ദർശകർക്കും തൊഴിലാളികൾക്കുമെല്ലാം ബാധകമാണെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ എല്ലാ പള്ളികളിലും പ്രവേശിക്കുമ്പോൾ മാസ്കും സാമൂഹിക അകലം പാലിക്കലും നിർബന്ധമാണെന്ന് മതകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലു ശൈഖും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.