ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് (ജി.ജി.ഐ) ജിദ്ദയിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ടാലന്റ് ലാബ് സീസണ്‍ രണ്ട് ഏകദിന ശില്‍പശാലയിൽ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം സംസാരിക്കുന്നു.

വിദ്യാർഥികൾക്ക് സമഗ്ര മികവിന്റെ ജീവിതപാഠങ്ങള്‍ പകര്‍ന്നുനല്‍കി ജി.ജി.ഐ ടാലന്റ് ലാബ് ശിൽപശാല

ജിദ്ദ: പ്രവാസി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സമഗ്ര മികവിന്റെ ജീവിതപാഠങ്ങള്‍ പകര്‍ന്നുനല്‍കിയും വിജയത്തിലേക്കുള്ള വാതായനങ്ങൾ തുറന്നുകൊടുത്തും ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റിവ് (ജി.ജി.ഐ) ടാലന്റ് ലാബ് സീസണ്‍ രണ്ട് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് 'സമഗ്ര മികവ്'എന്ന ശീര്‍ഷകത്തില്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി നടത്തിയത്.

അഞ്ച് സെഷനുകളിലായി പത്ത് മണിക്കൂറോളം നീണ്ട ശില്‍പശാലയില്‍ ജിദ്ദ, ഖമീസ് മുശൈത്ത്, യാംബു തുടങ്ങി സൗദിയുടെ പടിഞ്ഞാറന്‍ മേഖലയിലെ ഒരു ഡസനോളം ഇന്റര്‍നാഷനല്‍ സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 250ലേറെ പ്രതിഭകള്‍ പങ്കെടുത്തു.

ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം മുഖ്യാതിഥിയായിരുന്നു. അഭിരുചിക്കിണങ്ങുന്ന മേഖല തെരഞ്ഞെടുത്ത് സ്ഥിരതയോടെ കഠിനാധ്വാനം ചെയ്യുകയും ഏത് സാഹചര്യത്തിലും മനസ്സാന്നിധ്യം കൈവിടാതിരിക്കുകയും ചെയ്താല്‍ വിജയം സുനിശ്ചിതമാണെന്ന് സമാപന സെഷനില്‍ മുഖ്യപ്രഭാഷണം നടത്തവെ കോണ്‍സല്‍ ജനറല്‍ ഷാഹിദ് ആലം വിദ്യാര്‍ഥികളെ ഉണര്‍ത്തി. ആരുടെയും സമ്മര്‍ദത്തിന് വഴിപ്പെടാതെ നല്ലവണ്ണം ആലോചിച്ചുറപ്പിച്ചശേഷം അഭുരുചിക്കിണങ്ങുന്ന പഠനമേഖല തെരഞ്ഞെടുക്കണം. അങ്ങനെയെടുക്കുന്ന തീരുമാനമായിരിക്കും ജീവിതം കരുപ്പിടിപ്പിക്കുന്നത്. അച്ചടക്കവും അര്‍പ്പണബോധവും പ്രതിബദ്ധതയും ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

ജി.ജി.ഐ പ്രസിഡന്റ് ഹസന്‍ ചെറൂപ്പ അധ്യക്ഷത വഹിച്ചു. ജിദ്ദ ഇന്റര്‍നാഷനല്‍ മെഡിക്കല്‍ സെന്റര്‍ സി.ഇ.ഒയും സൗദി ഇന്ത്യന്‍ ഹെല്‍ത്ത്‌ കെയര്‍ ഫോറം പ്രസിഡന്റുമായ ഡോ. അഷ്‌റഫ് അമീര്‍, ഇഫത്ത് യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ് ഡീന്‍ ഡോ. അകീല സരിറെതെ, അബീര്‍ മെഡിക്കല്‍ ഗ്രൂപ് പ്രസിഡന്റ് മുഹമ്മദ് ആലുങ്ങല്‍, ഇന്ത്യന്‍ സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. പ്രിന്‍സ് മുഫ്തി സിയാവുല്‍ ഹസന്‍, പ്രിന്‍സിപ്പല്‍ ഡോ. മുസഫര്‍ ഹസന്‍, സകരിയ ബിലാദി എന്നിവര്‍ സംസാരിച്ചു.

ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് (ജി.ജി.ഐ) അംഗങ്ങൾ അതിഥികളോടൊപ്പം.

വിദ്യാര്‍ഥികളായ അന്‍വര്‍ പര്‍വേസ് (അല്‍ജനൂബ് സ്‌കൂള്‍, ഖമീസ് മുശൈത്ത്), മറിയ അബ്ദുല്‍ (ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍) ശില്‍പശാലയെക്കുറിച്ച അനുഭവം പങ്കുവെച്ചു.അസിം സീഷാന്‍ ചടങ്ങ് നിയന്ത്രിച്ചു. ജി.ജി.ഐ ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും ട്രഷറര്‍ ഇബ്രാഹിം ശംനാട് നന്ദിയും പറഞ്ഞു. സഹല്‍ കാളമ്പ്രാട്ടില്‍ ഖിറാഅത്ത് നടത്തി. ഡോ. മുഷ്‌ക്കാത്ത് മുഹമ്മദ് അലി, കുഞ്ഞാന്‍ പട്ടര്‍കടവന്‍, സിദ്ദീഖ് (അബീര്‍ ഗ്രൂപ്), അസിം സീഷാന്‍ എന്നിവരും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Tags:    
News Summary - GGI Talent Lab workshop imparted life lessons of holistic excellence to students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.