റിയാദ്: സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഗെയിൻ) ഉച്ചകോടിയുടെ മൂന്നാം പതിപ്പിന് റിയാദിൽ തുടക്കം. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ നീളുന്ന ഉച്ചകോടിക്ക് റിയാദിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര കൺവെൻഷൻ സെന്ററാണ് വേദി. നൂറു രാജ്യങ്ങളിൽനിന്നുള്ള ഈ പ്രമുഖർ, സാമ്പത്തിക നയ നിർമാതാക്കൾ, ചിന്തകർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ധർ, 450 ലധികം പ്രഭാഷകർ എന്നിവരാണ് പെങ്കടുക്കുന്നത്. 150 ലധികം യോഗങ്ങളും ശിൽപശാലകളും നടക്കുന്നുണ്ട്.
സൗദിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ഞങ്ങളുടെ യാത്രയെ നയിക്കുന്നത് ‘വിഷൻ 2030’ ആണെന്ന് സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (സദ്യ) പ്രസിഡൻറ് ഡോ. അബ്ദുല്ല ബിൻ ശറഫ് അൽ ഗാംദി ഉദ്ഘാടന ചടങ്ങിലെ പ്രസംഗത്തിൽ പറഞ്ഞു.
മൂന്നാം പതിപ്പിലെ പ്രവർത്തനങ്ങൾക്ക് കിരീടാവകാശിക്ക് നന്ദി അറിയിച്ചു. കിരീടാവകാശിയുടെ ഉറച്ച നേതൃത്വം ആർട്ടിഫിഷ്യൽ ഇന്റലിജൻസിെന്റ നൂതന രാജ്യങ്ങളുടെ പട്ടികയിൽ സൗദിയെ ഉൾപ്പെടുത്താൻ സഹായിച്ചു. ഡേറ്റ അധിഷ്ഠിത സമ്പദ്വ്യവസ്ഥയിലും കൃത്രിമ ബുദ്ധിയിലും രാജ്യത്തെ നേതൃസ്ഥാനത്തേക്ക് ഉയർത്തുന്നതിന് ‘സദ്യ’ക്ക് കിരീടാവകാശിയുടെ നിരന്തരമുള്ള പിന്തുണ ലഭിച്ചു. ഇന്ന് ഈ ഉച്ചകോടിയിൽ, മനുഷ്യരാശിയുടെ നന്മക്കായി ഞങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിരുകൾ കൂടുതൽ വിപുലപ്പെടുത്തുകയാണെന്നും ‘സദ്യ’ പ്രസിഡൻറ് പറഞ്ഞു.
എ.ഐ പ്രതിഭകൾക്കായുള്ള ആഗോള മത്സരം നമ്മൾ മറികടക്കേണ്ട സങ്കീർണവും പരസ്പരബന്ധിതവും നിർണായകവുമായ ഒരു വെല്ലുവിളിയാണ്. പ്രതിഭകളോടുള്ള ഗ്ലോബൽ നോർത്തിന്റെ ആകർഷണം വിടവ് വർധിപ്പിക്കുന്നു. ഇത് അന്താരാഷ്ട്ര തലത്തിൽ ഡിജിറ്റൽ, സാമ്പത്തിക, സാമൂഹിക വികസനത്തിന് ഭീഷണിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. 2019ൽ സ്ഥാപിതമായതു മുതൽ ഡേറ്റ, ആർട്ടിഫിഷ്യൽ ഇന്റ ലിജൻസ് മേഖലയിൽ സദ്യ നടത്തുന്ന ശ്രമങ്ങൾ നിരവധിയാണ്. ആദ്യ ഉച്ചകോടിയോട് അനുബന്ധിച്ച് ഒരു യു.എൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപദേശക സമിതി സ്ഥാപിക്കുന്നതിനുള്ള കൺസൾട്ടേറ്റിവ് സെഷൻ നടത്തിയിരുന്നു. മൂന്നാം ഉച്ചകോടിയിലേക്ക് എത്തിയപ്പോൾ അതിന്റെ വിജയം ആഘോഷിക്കുന്ന സ്ഥിതിയിലായി.
മെഡിക്കൽ രംഗത്തെ വെല്ലുവിളികളെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ അഭിമുഖീകരിക്കുന്നതിനായി സർക്കാർ ഏജൻസികളുമായി ചേർന്ന് സദ്യ വിവിധ ശ്രമങ്ങളാണ് നടത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഡയബറ്റിക് റെറ്റിനോപ്പതി രോഗസാധ്യതയുള്ള 846 ആളുകളിൽ രോഗനിർണയം നടത്താൻ ‘എന്റെ കണ്ണുകൾ’ എന്ന പേരിൽ ആവിഷ്കരിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
പ്രോഗ്രാമിങ്ങിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും വേണ്ടിയുള്ള ഏറ്റവും വലിയ ദേശീയ ഒളിമ്പ്യാഡ് രാജ്യത്ത് സംഘടിപ്പിച്ചു. അതിൽ 5,70,000-ലധികം വിദ്യാർഥികളും വനിതകളും പങ്കെടുത്തു. ഇപ്പോൾ 25 ലധികം രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായുള്ള ആദ്യത്തെ അന്താരാഷ്ട്ര ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കുന്നുവെന്നും സദ്യ പ്രസിഡൻറ് പറഞ്ഞു. ഈ ഉച്ചകോടി 25-ലധികം പ്രാദേശികവും അന്തർ ദേശീയവുമായ സംരംഭങ്ങൾ ആരംഭിക്കുന്നതിനും 70-ലധികം പ്രാദേശികവും ആഗോളവുമായ കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവെക്കുന്നതിനും സാക്ഷ്യം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.