ആരോഗ്യമന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ-ജലാജിൽ ആരോഗ്യമേള ഉദ്ഘാടനം ചെയ്യുന്നു

ആഗോള ആരോഗ്യ മേളക്ക് റിയാദിൽ തുടക്കം

റിയാദ്: സൗദി ആരോഗ്യമന്ത്രാലയം സംഘടിപ്പിക്കുന്ന ആഗോള ആരോഗ്യമേള 'ഗ്ലോബൽ ഹെൽത്ത് 2022'ന് റിയാദിൽ തുടക്കമായി. 'ആരോഗ്യമേഖലയുടെ പരിവർത്തനം' എന്ന തലവാചകത്തിലാണ് റിയാദ് നഗരത്തിലെ എക്സിറ്റ് 10 നടുത്തുള്ള റിയാദ് ഇന്റർനാഷനൽ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ (റൈസക്) ത്രിദിന മേള. ആരോഗ്യമന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ-ജലാജിൽ ഉദ്ഘാടനം ചെയ്തു. ഞായർ, തിങ്കൾ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെയും ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെയുമാണ് സന്ദർശകർക്ക് പ്രവേശനാനുമതി.


30 രാജ്യങ്ങളിൽനിന്നായി 250 ലധികം കമ്പനികൾ പങ്കെടുക്കുന്ന പ്രദർശനമേളയിൽ പതിനായിരത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ആരോഗ്യ പരിപാലന മേഖലയിലേക്ക് നിരവധി സുപ്രധാന നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിനും കൂടുതൽ ഊർജസ്വലവും സമൃദ്ധവുമായ ആരോഗ്യ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും സംഗമം വേദിയാകും. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ കമ്പനികൾ അവരുടെ ഏറ്റവും പുതിയ മെഡിക്കൽ ഉപകരണങ്ങളും മെഷീനുകളും പ്രദർശനത്തിന് അണിനിരത്തിയിട്ടുണ്ട്. ആശുപത്രികൾ, പോളിക്ലിനിക്കുകൾ, ഫർമസികൾ ഉൾപ്പടെയുള്ള സ്ഥാനാപനങ്ങൾക്ക് ആവശ്യമായ സോഫ്റ്റ് വെയറുകളുകളും മറ്റ് ഐ.ടി ബിസിനസ്സ് സൊലൂഷനുകളും പരിചയപ്പെടാനും വാങ്ങുന്നതിനുമുള്ള അവസരമാണിത്.


സൗദി അറേബ്യയിൽ ആരോഗ്യ രംഗത്ത് സംരഭകത്വത്തിന് വലിയ സാധ്യതകൾ ഉണ്ടെന്നും വിദേശ നിക്ഷേപർക്ക് ഇത് സുവർണാവസരമാണെന്നും പഠനം നടന്നിരുന്നു. ജനസംഖ്യയുടെ ആഗോള ശരാശരി അനുസരിച്ച് 2030 ആകുമ്പോഴേക്കും 20,000 ആശുപത്രി കിടക്കകൾ കൂടി വേണ്ടിവരുമെന്നാണ് കണക്ക്. സൗദി ആരോഗ്യരംഗത്ത് നിക്ഷേപ സാധ്യത തിരിച്ചറിഞ്ഞ വിദേശ കമ്പനികളും പ്രതിനിധികളും ഏറെ താൽപര്യത്തോടെയാണ് മേളയിൽ പങ്കെടുക്കുന്നത്. നിക്ഷേപം നടത്താൻ താല്പര്യമുള്ളവർക്ക് ഈ മേഖലയിലെ വിദഗ്ദ്ധരെ കണ്ടെത്താനും അവരുമായി പ്രത്യേക യോഗങ്ങൾ ചേരാനുമുള്ള അവസരം കൂടിയാണിത്.


പൊതുജനാരോഗ്യം, ക്വാളിറ്റി ഹെൽത്ത് കെയർ, ദി ഫ്യൂച്ചർ ഓഫ് മെഡിക്കൽ ലബോറട്ടറി, റേഡിയോളജി തുടങ്ങിയ വിഷയങ്ങളിലടക്കം (സി.എം.ഇ) അഞ്ച് ആഗോള സമ്മേളനം ഇതോടൊപ്പം നടക്കും. ആരോഗ്യ രംഗത്തെ വിവിധ വകുപ്പുകളിൽ പ്രഗത്ഭ്യമുള്ളവർ മേളയുടെ ഭാഗമായ സെമിനാറുകളിൽ സംസാരിക്കും.

മെഡിക്കൽ വിദ്യാർഥികൾ, അധ്യാപകർ, ഡോക്ടർമാർ, മറ്റ് മെഡിക്കൽ പാരാമെഡിക്കൽ സ്റ്റാഫുകൾ ഉൾപ്പടെ വിവിധ തുറകളിൽനിന്നുള്ളവർ ആദ്യദിനത്തിൽ തന്നെ സന്ദർശകരായി മേളയിലെത്തി. www.globalhealthsaudi.com എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്‌താൽ ഇ-മെയിൽ വഴി ലഭിക്കുന്ന ബാഡ്‌ജുമായാണ് ഹാളിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാത്തവർക്ക് നേരിട്ടെത്തിയും നടപടികൾ പൂർത്തിയാകാവുന്നതാണ്. പ്രവേശനം പൂർണമായും സൗജന്യമാണ്.

Tags:    
News Summary - Global Health Exhibition starts in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.