അബഹ: വാഹനാപകടത്തിൽ കാലൊടിഞ്ഞ് ദുരവസ്ഥയിലായ ഇന്ത്യാക്കാരന് സഹായ ഹസ്തം നീട്ടി അസീർ പ്രവിശ്യാ ഗവർണർ. അബഹയിൽ നിന്ന് 250 കിലോമീറ്റർ അകലെ സബ്ത് അൽഅലായ ജനറൽ ആശുപത്രി ഉദ്ഘാടനം ചെയ്യാൻ പോകുംവഴിയാണ് ഗവർണർ അമീർ തുർക്കി ബിൻ തലാൽ ബിൻ അബ്ദുൽ അസീസിന്‍റെ കൺമുന്നിൽ ഉത്തപ്രദേശ് സ്വദേശി രാജേന്ദ്ര കുമാർ ശ്യാം ധാരി പെട്ടത്.
റോഡരികിലൂടെ ഊന്നുവടിയുടെ സഹായത്തോടെ നടക്കുകയായിരുന്നു ആ മധ്യവയസ്കൻ. നടക്കാൻ വിഷമിക്കുന്ന അയാളെ കണ്ടതും ഗവർണർ വാഹനം നിർത്തി പുറത്തിറങ്ങി അടുത്തേക്ക് ചെന്നു. കാലിലെ മുറിവുകൾ പരിശോധിച്ച് എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചു. മൂന്ന് മാസം മുമ്പ് വാഹനാപകടത്തിൽ കാൽമുട്ടിന് താഴെ ഒടിഞ്ഞതാണെന്ന് അയാൾ പറഞ്ഞു. ശസ്ത്രക്രിയ നടത്തി സ്റ്റീൽ കമ്പികൾ ഇട്ടിരിക്കുകയാണ്. എന്നാൽ പരിക്ക് പൂർണമായി ഭേദമായിട്ടില്ല.
ഊന്നുവടികൊണ്ട് മാത്രമേ നടക്കാനാകൂ. രാജേന്ദ്ര കുമാറിന്റെ കഥ കേട്ട് ഗവർണറുടെ മനസലിഞ്ഞു. അയാളുടെ ഇഖാമയുടെ പകർപ്പും സ്പോൺസറുടെ മൊബൈൽ നമ്പറും വാങ്ങിയ ഗവർണർ യാത്ര തുടർന്നു. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് സ്പോൺസറെ ബന്ധപ്പെടാനും അയാളെയും രാജേന്ദ്ര കുമാറിനെയും ഉദ്ഘാടന ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് എത്തിക്കാനും നിർദേശിച്ചു.
രാജേന്ദ്ര കുമാറും സ്പോൺസറും സ്ഥലത്തെത്തിയപ്പോൾ ഗവർണർ കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അസീർ മേഖലയിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധിയും കമ്യൂണിറ്റി വെൽഫെയർ വളന്‍റിയറുമായ അഷ്‌റഫ് കുറ്റിച്ചലിനെ ഗവർണർ ഫോണിൽ വിളിച്ച് രാജേന്ദ്രനോട് സംസാരിച്ചു കാര്യങ്ങൾ മനസിലാക്കി അറിയിക്കാൻ ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ അഷ്‌റഫ് കുറ്റിച്ചലും സുഹൃത്ത് ഹബീബ് റഹ്മാനും സഹോദരൻ അൻസാരിയും കൂടി രാജേന്ദ്ര കുമാറിനെയും സ്‌പോൺസറെയും കാണാൻ ബഷായിർ എന്ന സ്ഥലത്തേക്ക് പോയി.
അയാളുടെ ദുരവസ്ഥ ഗവർണറെ അറിയിച്ചതായി അഷ്‌റഫ് കുറ്റിച്ചൽ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഗവർണറുടെ നിർദേശപ്രകാരം രാജേന്ദ്രനെ തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. 51 വയസ്സുള്ള രാജേന്ദ്ര കുമാർ ശ്യാം ധാരി എട്ട് വർഷം മുമ്പാണ് സൗദി അറേബ്യയുടെ തെക്കൻ മേഖലയിലെ ബഷായിറിൽ കൃഷിത്തൊഴിലാണി വിസയിലെത്തിയത്. രണ്ട് പെൺമക്കളും ഒരു മകനും ഭാര്യയുമടങ്ങുന്നതാണ് അയാളുടെ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.