ഈ​ജി​പ്തി​ലെ ശ​റ​മു​ശൈ​ഖി​ൽ സ​മാ​പി​ച്ച സൗ​ദി ഗ്രീ​ൻ ഇ​നി​ഷ്യേ​റ്റി​വ് ഫോ​റം ഉ​ച്ച​കോ​ടി​

ശുദ്ധവായുവും പച്ചപ്പും പ്രഖ്യാപിച്ച് ഹരിത സൗദി ഉച്ചകോടിക്ക് സമാപനം

റിയാദ്: രണ്ടാമത് സൗദി ഗ്രീൻ ഇനിഷ്യേറ്റിവ് ഫോറം (ഹരിത സൗദി സംരംഭ ഉച്ചകോടി) ഈജിപ്തിലെ ശറമുശൈഖിൽ സമാപിച്ചു. യു.എൻ കാലാവസ്ഥ സമ്മേളനത്തോടനുബന്ധിച്ച് (സി.ഒ.പി-27) 'അഭിലാഷത്തിൽനിന്ന് കർമപഥത്തിലേക്ക്'എന്ന മുദ്രാവാക്യത്തിൽ സംഘടിപ്പിച്ച ഫോറം ശുദ്ധവായുവിന്റെയും ഹരിതവത്കരണ പദ്ധതിയുടെയും പ്രഖ്യാപന വേദിയായി. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞവർഷത്തെ ഹരിത ഉച്ചകോടിയിൽ പ്രഖ്യാപിച്ച 'പാചക ആവശ്യങ്ങൾക്കുള്ള ശുദ്ധമായ ഇന്ധന പദ്ധതി'നടപ്പാക്കുന്നതിനുള്ള കർമപരിപാടി ചർച്ചയായി.

ശറമുശൈഖിൽ ഈ മാസം ഏഴിന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ രക്ഷാകർതൃത്വത്തിൽ സൗദി ഊർജ മന്ത്രാലയത്തിന്റെ മുൻകൈയിൽ നടന്ന രണ്ടാമത് മിഡിലീസ്റ്റ് ഹരിത ഉച്ചകോടിയുടെ തുടർച്ചയാണ് സൗദി ഗ്രീൻ ഇനിഷ്യേറ്റിവ് ഫോറം. ഉച്ചകോടിക്കിടെ നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കാനുള്ള കർമപദ്ധതികളാണ് ഫോറത്തിൽ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ആദ്യം നിശ്ചയിച്ച 45 കോടി വൃക്ഷത്തൈകൾ എന്നത് 60 കോടിയായി വർധിപ്പിക്കും. 2030ഓടെ ഇത് യാഥാർഥ്യമാകും. 'സർക്കുലർ കാർബൺ ഇക്കോണമി'(സി.സി.ഇ) പദ്ധതിയിലൂടെ കാർബൺ പുറന്തള്ളൽ ഗണ്യമായി കുറക്കും.

2030ഓടെ രാജ്യത്തിന്റെ ആവശ്യത്തിനുള്ള വൈദ്യുതിയുടെ 50 ശതമാനം പുനരുപയോഗിക്കാവുന്ന അസംസ്‌കൃത ഇന്ധനത്തിൽനിന്ന് ഉൽപാദിപ്പിക്കും. 11.4 ഗിഗാ വാട്‌സ് ശേഷിയുള്ള 13 പുതിയ പുനരുപയോഗ ഊർജപദ്ധതികൾ 2030നുള്ളിൽ പൂർത്തിയാവും. ഏകദേശം 34,000 കോടി റിയാലാണ് ഇതിനായി ചെലവഴിക്കുക. പ്രതിവർഷം രണ്ടു കോടി ടൺ കാർബൺ പുറന്തള്ളൽ കുറക്കാൻ സാധിക്കുന്ന 'ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ്'നിയോം നഗരത്തിൽ സ്ഥാപിക്കും.

കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മേഖലയിലെ പ്രാദേശിക സഹകരണം വർധിപ്പിക്കുന്നതിന് പ്രായോഗികവും മൂർത്തവുമായ മാർഗങ്ങൾ ആരായുക എന്നതും ഫോറത്തിന്റെ മുഖ്യ അജണ്ടകളിൽ ഒന്നായിരുന്നു. അന്തരീക്ഷത്തിലെ കാർബൺ പിടിച്ചെടുക്കുന്നതിനും സംഭരണത്തിനുമായി മധ്യപൗരസ്ത്യ മേഖലയിൽ രാജ്യം സ്ഥാപിക്കുന്ന പ്രത്യേക കേന്ദ്രങ്ങളുടെ വിശദാംശങ്ങളും ഫോറത്തിൽ അനാവരണം ചെയ്തു. ആദ്യദിനം ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ, പരിസ്ഥിതി-ജല-കൃഷി മന്ത്രി അബ്ദുറഹ്‌മാൻ അൽ-ഫാദ്‌ലി എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച സംരംഭങ്ങൾ നടപ്പാക്കുന്നതിൽ കൈവരിച്ച പുരോഗതി ചർച്ച ചെയ്തു.

Tags:    
News Summary - Green Saudi summit concludes with declaration of clean air and greenery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.