യാംബു: കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനും പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാനും പ്രഖ്യാപിച്ച 'സൗദി ഗ്രീൻ' പദ്ധതി പൂർത്തിയാകുമ്പോഴേക്കും രാജ്യത്ത് ഒരുലക്ഷം കോടി മരങ്ങളുടെ നടീൽ പൂർത്തിയാക്കാനൊരുങ്ങി അധികൃതർ. രാജ്യത്തെ ഹരിതാഭമാക്കുന്ന ബഹുമുഖ പദ്ധതികൾ ഇപ്പോൾ ഊർജിതമായി നടക്കുകയാണ്. മരുഭൂമിയെയും പ്രകൃതിയെയും ഒരുപോലെ സംരക്ഷിക്കുന്നതിനാണ് സൗദി ഗ്രീൻ പദ്ധതി വഴി ലക്ഷ്യമിടുന്നത്.
ചെടികൾ വെച്ചുപിടിപ്പിക്കുക, കാർബൺ ബഹിർഗമനം കുറക്കുക, കരയിലെയും സമുദ്രത്തിലെയും ജീവികളെ സംരക്ഷിക്കുക, മലിനീകരണം തടയുക, പരിസ്ഥിതിയെ സന്തുലിതമാക്കാൻ ഉതകുന്ന അനുകൂല ഘടകങ്ങൾക്ക് ആക്കം കൂട്ടുക തുടങ്ങിയവക്കുള്ള നടപടികൾ ഉൾക്കൊള്ളുന്നതാണ് ഗ്രീൻ പദ്ധതി. 2030ഓടെ രാജ്യത്തിനാവശ്യമായ ഊർജത്തിെൻറ 50 ശതമാനവും റിന്യൂവബിൾ എനർജിയാക്കി മാറ്റാനും പദ്ധതി വഴി ലക്ഷ്യമാക്കുന്നു.
കാലാവസ്ഥ വ്യതിയാനത്തെ നേരിട്ട് ആഗോളലക്ഷ്യങ്ങൾ കൈവരിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുമുഖമായ പദ്ധതികൾ പൂർത്തിയാക്കുക വഴി പാരിസ്ഥിതിക വെല്ലുവിളികൾ തരണം ചെയ്യാൻ സാധിക്കുമെന്നും കണക്കുകൂട്ടുന്നു. മരുഭൂമിയെ ഹരിതഭൂമിയാക്കാനും 40 ദശലക്ഷം ഹെക്ടർ ഭൂമി പുനരുജ്ജീവിപ്പിക്കാനുമായി രാജ്യത്തുടനീളം 10 ബില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ വമ്പിച്ച മാറ്റങ്ങൾ രാജ്യത്തെ പരിസ്ഥിതി മേഖലയിൽ പ്രകടമാകും.
പ്രധാന അന്താരാഷ്ട്ര എണ്ണ ഉൽപാദകരെന്ന നിലയിൽ കാലാവസ്ഥ പ്രതിസന്ധിക്കെതിരായ പോരാട്ടത്തിൽ മുന്നേറുന്നതിലെ ഉത്തരവാദിത്തവും പങ്കും സൗദി ഭരണാധികാരികൾ അംഗീകരിച്ചുള്ള ആസൂത്രണ പരിപാടികൾ ഏറെ ഫലം കാണുന്നതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ സംരക്ഷിത പ്രദേശങ്ങൾ ആറുലക്ഷം ചതുരശ്ര കിലോമീറ്റർ ആക്കാനും കാർബൺ വാതകങ്ങൾ നാല് ശതമാനം കുറക്കാനും 'സൗദി ഗ്രീൻ' പദ്ധതി വഴി സാധിക്കുമെന്നും അധികൃതർ കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.