മക്ക: മസ്ജിദുൽ ഹറാമിൽ നമസ്കരിക്കാനും സന്ദർശിക്കാനും ഉംറക്കും എത്തുന്നവർക്ക് ഇസ്ലാമിക നിയമങ്ങളെയും (ശരീഅത്ത്) അനുഷ്ഠാന കാര്യങ്ങളെയും കുറിച്ച് അവബോധം നൽകാൻ ഏഴു ഭാഷകളിൽ സംവിധാനവുമായി ഇരുഹറം കാര്യാലയം. നേരത്തേ അഞ്ച് ഭാഷകളിലായിരുന്നു. ഇംഗ്ലീഷ്, ഉർദു, പേർഷ്യൻ, ഫ്രഞ്ച്, ടർക്കിഷ്, ബംഗാളി, ഹോസ (ചാഡ്) എന്നീ ഭാഷകളിലാണിപ്പോൾ സംവിധാനം.
നിയുക്ത സ്ഥലങ്ങളിൽ ഭാഷാ വിവർത്തകരെ നിശ്ചയിക്കുക വഴി വിദേശികളായ തീർഥാടകർക്ക് ഒട്ടും പ്രയാസമില്ലാതെ ഹറം സന്ദർശനം നടത്താനും അനുഷ്ഠാനങ്ങൾ പൂർണാർഥത്തിൽ പൂർത്തിയാക്കാനും കഴിയും. ഏഴു ഭാഷകളിൽ ആശയ വിനിമയം നടത്താൻ വികസിപ്പിച്ച ഈ സൗകര്യം ഇതിനകം 23,135 പേർ ഉപയോഗപ്പെടുത്തിയതായി ഇരുഹറം ഇൻഫർമേഷൻ വിഭാഗം വക്താവ് അറിയിച്ചു. 'ഞങ്ങൾ നിങ്ങളുടെ ഭാഷയിൽ നിങ്ങളെ നയിക്കുന്നു' എന്ന ശീർഷകത്തിലുള്ള പ്രോഗ്രാം ആണ് ഒരുക്കിയത്.
പ്രമുഖ പണ്ഡിതന്മാരെ ഉൾപ്പെടുത്തി ഹറം പ്ലാറ്റ് ഫോം വഴി വിവിധ ഭാഷകളിൽ പഠനക്ലാസുകളുമുണ്ട്. സന്ദർശകർക്ക് ഹറമിലെ സംവിധാനങ്ങളെ അറിയാനും അനുഷ്ഠാന നടപടികളെക്കുറിച്ച് ഓർമപ്പെടുത്താനും വേണ്ടിയുള്ള ഡോക്യുമെൻററി ഫിലിമുകളും പുറത്തിറക്കിയിട്ടുണ്ട്.
കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം ഉംറ അനുവദിച്ചതോടെ മൂന്നുമാസത്തിൽ തീർഥാടകരുടെ എണ്ണം നല്ലതോതിൽ വർധിെച്ചന്നും 12,05,600 ലിറ്ററിലധികം സംസം വെള്ളം ഹറം മസ്ജിദിൽനിന്ന് വിതരണം ചെയ്തെന്നും കാര്യാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇക്കാലയളവിൽ വിതരണം ചെയ്ത സംസം കുപ്പികളുടെ എണ്ണം ആറു ദശലക്ഷം കവിഞ്ഞെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.