യാംബു: യമൻ വിഷയത്തിൽ സൗദിക്കെതിരെ ലബനാൻ ഇൻഫർമേഷൻ മന്ത്രി വിവാദ പ്രസ്താവന നടത്തിയ പശ്ചാത്തലത്തിൽ ഉപരോധംപോലുള്ള കടുത്ത നടപടികളുമായി വിവിധ ഗൾഫ് രാജ്യങ്ങൾ രംഗത്തുവന്നത് ലബനാനിനെ പ്രതിസന്ധിയിലേക്ക് നയിക്കുന്നതായി റിപ്പോർട്ട്. ലബനാൻ ഇൻഫർമേഷൻ മന്ത്രി ജോർജ് കൊർദാഹി യമൻ യുദ്ധത്തെ അപലപിച്ച് സംസാരിച്ചപ്പോൾ സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക ഇടപെടലിനെ വിമർശിച്ച പ്രസ്താവനയാണ് സൗദി അറേബ്യയെ ചൊടിപ്പിച്ചത്. സൗദിയിലെ ലബനാൻ അംബാസഡറോട് രാജ്യം വിടാൻ ഉത്തരവിട്ടതിനു പിന്നാലെ യു.എ.ഇ, ബഹ്റൈൻ, കുവൈത്ത് എന്നിവയും ലബനാൻ അംബാസഡർമാരോട് രാജ്യംവിടാൻ ആവശ്യപ്പെട്ടു.
ലബനാനിൽനിന്നുള്ള എല്ലാ ഇറക്കുമതിയും സൗദി ഇൗ വർഷം ഏപ്രിൽ മുതൽ നിർത്തലാക്കിയിരുന്നു. സൗദിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മറ്റു ഗൾഫ് രാജ്യങ്ങളും ഈ നയം സ്വീകരിക്കുന്നതാണ് ലബനാനിന് ഇരുട്ടടിയായത്. ലബനാെൻറ സാമ്പത്തിക പ്രതിസന്ധിക്ക് ഈ നടപടികൾ ആക്കംകൂട്ടിയതായും വിലയിരുത്തുന്നു. ലബനാനിൽനിന്ന് ചരക്കുകളുടെ മറവിൽ സൗദിയിലേക്ക് മയക്കുമരുന്നുകൾ കടത്തുന്നത് പലതവണ പിടിക്കപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ ഇത് തടയാൻ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് സൗദി ലബനാൻ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിൽ അലംഭാവം കാണിച്ചതും ഭീകര ഗ്രൂപ്പായി സൗദി വിലയിരുത്തുന്ന ഹിസ്ബുല്ലക്ക് പിന്തുണ നൽകുന്നതും കൂടുതൽ കടുത്ത നടപടിയെടുക്കാൻ പ്രേരിപ്പിച്ചതായി സൗദി ഭരണകൂടം വ്യക്തമാക്കുന്നു.
ലബനാൻ-ഗൾഫ് ബന്ധം വഷളാവുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗീത് കഴിഞ്ഞദിവസം പ്രസ്താവന ഇറക്കിയതും പ്രശ്നങ്ങൾ സങ്കീർണമാകുന്നുവെന്നതിലേക്കുള്ള സൂചനയാണ്. സൗദി അറേബ്യ, യു.എ.ഇ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുമായി നേരത്തേ മുതൽ നല്ല വ്യാപാര ബന്ധമാണ് ലബനാനുണ്ടായിരുന്നത്. ഭക്ഷ്യോൽപന്നങ്ങളും പുകയിലയുമാണ് പ്രധാന കയറ്റുമതികൾ. സൗദി അറേബ്യയുമായുള്ള ലബനാെൻറ പഴം, പച്ചക്കറി വ്യാപാരം പ്രതിവർഷം 24 ദശലക്ഷം ഡോളറായിരുന്നുവെന്ന് ലബനൻ കാർഷിക മന്ത്രി അബ്ബാസ് മോർട്ടഡ നേരത്തേ പറഞ്ഞിരുന്നു.
സൗദിയോടൊപ്പം ഇതര ഗൾഫ് രാജ്യങ്ങൾകൂടി ലബനാനുമായി നിസ്സഹകരണം പ്രഖ്യാപിച്ചതോടെ രാജ്യത്തിെൻറ സാമ്പത്തിക അടിത്തറയെതന്നെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.