മക്ക: പൈശാചികതയെ കല്ലെറിഞ്ഞകറ്റി ജീവിതത്തെ വിശുദ്ധിയിലേക്ക് പരിവർത്തിപ്പിക്കുന്ന സുപ്രധാന കർമമാണ് ഹജ്ജിലെ ജംറയിൽ കല്ലേറ്. തുടർച്ചയായ നാലുദിവസം കല്ലേറ് കർമം നടത്തും. ഞായറാഴ്ച ആദ്യ ദിനത്തിലെ കല്ലേറായിരുന്നു. മിനായിൽ തങ്ങി ഇനിയുള്ള മൂന്നുദിവസം കൂടി ഹാജിമാർ ജംറകളിലെത്തി കല്ലേറ് തുടരും. ഇതിനായി തീർഥാടകർക്ക് കനത്ത സുരക്ഷയും മികച്ച സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. പിശാചിന്റെ പ്രതീകാത്മക സ്തൂപങ്ങളായി മൂന്നു ജംറകളാണുള്ളത്. എല്ലാം സ്ഥിതിചെയ്യുന്നത് മിനായിലാണ്. ജംറത്തുല്‍ ഊലാ (ജംറത്തുസ്സുഗ്റ) മസ്ജിദുല്‍ ഖൈഫിന്റെ ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്നു. 200 മീറ്റര്‍ അകലെ രണ്ടാമത്തെ സ്തൂപമായ ജംറത്തുല്‍ വുസ്ത്വ. അവിടെ നിന്ന് 247 മീറ്റര്‍ അകലെയാണ് ജംറത്തുല്‍ അഖബ എന്ന മൂന്നാമത്തെ സ്തൂപം.
മക്കയുടെ ദിശയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏറ് കൊള്ളാൻ സ്തൂപവും കല്ലുകൾ വീണുകിടക്കാൻ ചുറ്റും തളവും നിർമിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകൻ ഇബ്രാഹീമിനെ ബലിയറുക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ച പിശാചിനെയാണ് മൂന്ന് സ്തൂപങ്ങളും പ്രതിനിധീകരിക്കുന്നത്. ജംറ എന്നാല്‍ ചെറിയ കല്ല് എന്നാണര്‍ഥം. മിനായിലെ കല്ലുകള്‍ മാത്രമായ ജംറകള്‍ സ്തൂപങ്ങളായി പുനര്‍നിര്‍മിക്കപ്പെട്ടത് തീര്‍ഥാടകര്‍ക്ക് എറിയാനുള്ള സൗകര്യാര്‍ഥം പില്ക്കാലത്താണ്. ഈ കല്ലെറിയൽ ചരിത്രസംഭവങ്ങളുടെ സ്മരണകളാണെന്ന് വ്യക്തമാക്കുന്ന പ്രവാചക വചനങ്ങളുണ്ട്.
കല്ലേറ് ഇബ്രാഹീം നബിയാണ് തുടങ്ങിവെച്ചത് എന്ന് മുഹമ്മദ് നബി വ്യക്തമാക്കിയിട്ടുണ്ട്. കല്ലേറ് പ്രതീകാത്മക കര്‍മമാണ്. ഓരോരുത്തരും തങ്ങളെ വഴിപിഴപ്പിക്കുന്ന പിശാചിനെ എറിഞ്ഞാട്ടുകയാണെന്ന ബോധത്തോടെയാണ് നിര്‍വഹിക്കേണ്ടത്. വെറും കുന്നുകളായിരുന്ന ഈ ഭാഗം ഹാജിമാരുടെ സൗകര്യാര്‍ഥം ഇപ്പോള്‍ വികസിപ്പിച്ചിട്ടുണ്ട്. കല്ലെറിയുന്ന സന്ദര്‍ഭത്തില്‍ സാധാരണ ഉണ്ടാകാറുള്ള തിക്കും തിരക്കും ഒഴിവാക്കുന്നതിന്ന് സൗദി ഭരണകൂടം അവിടെ വ്യത്യസ്ത വികസന പ്രവര്‍ത്തനങ്ങള്‍ പൂർത്തിയാക്കിയിട്ടുണ്ട്. ദൈവത്തിന്റെ പരീക്ഷണമായിറങ്ങിയ കൽപനയനുസരിച്ച് ഇബ്രാഹീം പ്രവാചകൻ മകൻ ഇസ്മാഈലിനെ ബലി നൽകാൻ കൊണ്ടുപോയ മലമടക്കാണിത്. 1963ലാണ് ഇവിടെ ആദ്യമായി സ്തൂപവും കല്ലുകൾ വീഴാൻ ചുറ്റും തളവും നിർമിച്ചത്.
തീർഥാടകരുടെ എണ്ണം വർഷന്തോറും വർധിക്കാൻ തുടങ്ങിയതോടെ 2006ൽ ഇത് പുനർനിർമിക്കാൻ സൗദി ഭരണകൂടം തീരുമാനിച്ചു. 11,000 തൊഴിലാളികൾ മൂന്ന് വർഷം തുടർച്ചയായി ജോലിയെടുത്താണ് ജംറ പാലം നിർമിച്ചത്. സ്തൂപത്തിന് ചുറ്റും വൃത്താകൃതിയിലുള്ള തളം ദീർഘവൃത്തത്തിലാക്കി മാറ്റിപ്പണിതു. അഞ്ചു നിലകളോട് കൂടിയതാണ് നിലവിൽ ജംറ. പാലങ്ങൾക്ക് 950 മീറ്റർ നീളവും 80 മീറ്റർ വീതിയും ഉണ്ടെന്നാണ് കണക്ക്. അഞ്ച് നിലകൾക്കിടയിൽ 12 മീറ്റർ വീതം അകലമുണ്ട്. ആംബുലൻസ് നീങ്ങാനുള്ള വഴികളും ഹെലികോപ്റ്റർ ഇറങ്ങാനുള്ള സൗകര്യവും ആശുപത്രിയും ഈ നിർമിതിയിൽ ഉണ്ട്.
നിലവിൽ അഞ്ച് നിലയാണുള്ളതെങ്കിലും 12 നില വരെ ഉയർത്താവുന്ന തരത്തിലാണ് ജംറത്തിന്റെ പ്ലാൻ. ഹജ്ജ് പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ തിരക്കിന് സാധ്യതയുള്ള ജംറകളിൽ ഹാജിമാർക്ക് പരമാവധി സൗകര്യപ്രദമായി കർമം നിർവഹിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി ജംറകളിലേക്ക് പ്രവേശിക്കാനും തിരികെ മടങ്ങാനും വൺവേ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കല്ലേറ് നടത്താൻ ഓരോ രാജ്യക്കാർക്കും പ്രത്യേക സമയവും നിശ്ചയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.