ജിദ്ദ: വിദേശത്തുനിന്നെത്തിയ ഹജ്ജ് തീർഥാടകരുടെ ആഗമന നിയമനടപടികളെല്ലാം ഇത്തവണ പൂർത്തിയാക്കിയത് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സംവിധാനം. സൗദി അതോറിറ്റി ഫോർ ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (സാദിയ) ആണ് ഇതിനുള്ള സംവിധാനം വികസിപ്പിച്ചത്. 2019ൽ സ്ഥാപിതമായ സർക്കാർ ഏജൻസിയാണ് സാദിയ. രാജ്യത്തുടനീളമുള്ള എയർപോർട്ടുകളിലും ചെക്ക്പോസ്റ്റുകളിലും തുറമുഖങ്ങളിലും യാത്രക്കാരുടെ ഡേറ്റാ വിശകലനവും എമിഗ്രേഷൻ നടപടികളും വേഗത്തിൽ പൂർത്തിയാക്കാൻ സാദിയ വികസിപ്പിച്ച എ.ഐ ടൂളാണ് ഉപയോഗപ്പെടുത്തിയത്.
തടസ്സമില്ലാത്ത സേവനം ഉറപ്പുനൽകുന്ന, കോർ, ബാക്കപ്പുകൾ എന്നിവയിൽ വിശ്വസനീയമായ ആശയവിനിമയ സർക്യൂട്ടുകൾ സുരക്ഷിതമാക്കാനും വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് കൂടുതൽ സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനും ഇതിലൂടെ സാധിച്ചു. ഹജ്ജ് സീസണിലേക്കായി സാദിയ പ്രത്യേക സാങ്കേതിക സംഘത്തെതന്നെ ഇതിന് ഒരുക്കിയിരുന്നു.
ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ഇൻറർനാഷനൽ എയർപോർട്ട്, ജിദ്ദ ഇസ്ലാമിക് പോർട്ട്, ത്വാഇഫ് എയർപോർട്ട്, മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇൻറർനാഷനൽ എയർപോർട്ട്, റൂബുൽ ഖാലി അതിർത്തി ചെക്ക്പോസ്റ്റ്, യു.എ.ഇ- സൗദി അതിർത്തി ചെക്ക്പോസ്റ്റായ ബത്ഹ, ഖത്തർ- സൗദി അതിർത്തി കവാടമായ സൽവ, അൽ റഖി, ദമ്മാം- ബഹ്റൈൻ കിങ് ഫഹദ് കോസ്വേ, ജോർഡൻ- സൗദി അതിർത്തിയായ ഹലാത്ത് അമ്മാർ, നിയോം പോർട്ട്, ഇറാഖ്- സൗദി അതിർത്തി കവാടമായ ജദീദത്ത് അറാർ, ജോർഡൻ- സൗദി അതിർത്തി കവാടമായ അൽ ഹദീദ, അൽ വാദിയ തുടങ്ങി ഹജ്ജ് സീസണിലുടനീളം രാജ്യത്തെ മുഴുവൻ പോർട്ടുകളിലും എമിഗ്രേഷൻ നടപടികൾക്ക് എ.ഐ ടൂളാണ് ഉപയോഗിച്ചത്.
ഹജ്ജ് തീർഥാടകരുടെ ആഗമന നടപടികൾ വേഗത്തിലാക്കുക എന്ന ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ് ‘ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്’ ഉപയോഗം കാര്യക്ഷമമാക്കുക എന്നത്. ഈ രംഗത്തുള്ള പുതിയ സംവിധാനങ്ങളും സേവനങ്ങളും ഉപകരണങ്ങളും നൽകിക്കൊണ്ട് സാദിയ രാജ്യത്തിന്റെ അതിർത്തി ക്രോസിങ്ങുകൾ, സോർട്ടിങ് സെൻററുകൾ, സുരക്ഷ നിയന്ത്രണ കേന്ദ്രങ്ങൾ എന്നിവക്ക് ഒരു സാങ്കേതിക ഉത്തേജനം നൽകാൻ ഇതിനകം സാധിച്ചു.
ഈ വർഷത്തെ ഹജ്ജ് പാക്കേജുകൾ നൽകുന്ന വിവിധ കമ്പനികൾ അഭിമുഖീകരിക്കുന്ന ഏത് പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിനായി സാദിയ പ്രത്യേക ‘ടെക് സപ്പോർട്ട് റൂമും’ സജ്ജീകരിച്ചിരുന്നു. എല്ലാ തുറമുഖങ്ങളിലും ‘മൊബൈൽ ടെക്’ കിറ്റുകളുള്ള ടീമുകളെ ഒരുക്കിയിരുന്നു. ഈ ടീമുകൾക്ക് സാങ്കേതിക പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാനാകുന്നതും മികച്ച നേട്ടമായി വിലയിരുത്തുന്നു.
അതിർത്തി കവാടങ്ങളിലെ എമിഗ്രേഷൻ സംവിധാനങ്ങളിൽ ‘ബയോമെട്രിക് സ്കാനറുകളും’ സാദിയ എ.ഐ വിദ്യയിലൂടെ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഉപകരണങ്ങൾ സജ്ജീകരിക്കുന്നതിനും അംഗീകൃത സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനും പുതിയ സാങ്കേതിക വിദ്യകൾ എങ്ങനെ ഉപയോഗിക്കണമെന്ന് ഹജ്ജ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനും പ്രത്യേകം ശ്രദ്ധിച്ചു.
ഹാജിമാർ എത്തുന്ന വിവിധ കേന്ദ്രങ്ങളിൽ ജനക്കൂട്ടത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിക്കുന്നതിന് സവാഹർ, ബസീർ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും സാദിയ വികസിപ്പിച്ചെടുത്തു. തീർഥാടകർക്ക് സുരക്ഷിതവും സുഗമവുമായ രീതിയിൽ നടപടികൾ പൂർത്തിയാക്കുന്നതിലൂടെ ഓരോ സ്ഥലത്തും തിരക്ക് അനുഭവപ്പെടുന്നില്ലെന്ന് സാദിയ സംവിധാനങ്ങൾ മൂലം ഉറപ്പാക്കാൻ കഴിഞ്ഞു.
അതോറിറ്റി നിരവധി തീർഥാടക സേവനങ്ങളെ ‘തവക്കൽന’ ആപ്പിലേക്ക് ഇതിനകം സംയോജിപ്പിച്ചിട്ടുണ്ട്. തീർഥാടകരെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ അടങ്ങുന്ന ‘നുസ്ക് കാർഡ്’ ഈ വർഷം മുതൽ നടപ്പാക്കിയതും വമ്പിച്ച നേട്ടമാണ്. ഹജ്ജ് കർമങ്ങൾ കൂടുതൽ വ്യവസ്ഥാപിതമാക്കാനാണ് ഹജ്ജ് ഉംറ മന്ത്രാലയം വിവിധ മേഖലയിലെ പരിഷ്കരണങ്ങൾ മൂലം ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.