ജിദ്ദ: ഹജ്ജ് കർമങ്ങൾക്ക് 20 ദിവസം ബാക്കിനിൽക്കെ േലാകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് അഞ്ചു ലക്ഷത്തോളം തീർഥാടകർ പുണ്യഭൂമിയിൽ എത്തി. സൗദി ഹജ്ജ് മന്ത്രാലയം ഹാജിമാരെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കയാണ്. ഹാജിമാർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ വിമാനത്താവളങ്ങളിലും മക്ക, മദീന എന്നിവിടങ്ങളിലും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വരുംദിവസങ്ങളിൽ ഹാജിമാരുടെ വരവ് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച വരെ 4,82,076 തീർഥാടകർ സൗദി അറേബ്യയിൽ എത്തിക്കഴിഞ്ഞതായി പാസ്പോർട്ട് വിഭാഗം അറിയിച്ചു. വിദേശരാജ്യങ്ങളിൽനിന്ന് മാത്രമായി 16 ലക്ഷത്തിലധികം പേർ ഹജ്ജ് നിർവഹിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര തീർഥാടകർ നാലു ലക്ഷത്തോളം വരും. കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും കർശന നിയന്ത്രണം അധികൃതർ ഉറപ്പുവരുത്തുന്നുണ്ട്. ഹജ്ജ് പെർമിറ്റില്ലാത്തവരെ മക്ക അതിർത്തികളിൽ കർശനമായി തടയുന്നുണ്ട്. അനധികൃതമായി ഹജ്ജ് നിർവഹിക്കാൻ ആരെയും അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്്.
ഹാജിമാരുടെ സേവനത്തിന് ആവശ്യമായ എല്ലാവിധ മെഡിക്കല്‍ സൗകര്യങ്ങളും തയാറായതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഹാജിമാരുടെ സേവനത്തിന് ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരുമുൾപ്പെടെ 29,000 ആരോഗ്യവിദഗ്ധരെ നിയോഗിക്കുമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. മഞ്ഞപ്പിത്തത്തിനും പകർച്ചപ്പനിക്കുമെതിരായ കുത്തിവെപ്പ് കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഹാജിമാർക്കും ഹജ്ജ് സേവകർക്കും മക്കയിലും മദീനയിലുമുള്ള പ്രദേശവാസികൾക്കും കുത്തിവെപ്പ് എടുക്കണമെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് ഹാജിമാർക്ക് സമഗ്രമായ ആരോഗ്യ സേവന പദ്ധതിയാണ് ഇത്തവണ ആസൂത്രണം ചെയ്തിരിക്കുന്നത്. 24 മണിക്കൂറും ഹാജിമാർക്ക് കുത്തിവെപ്പുൾപ്പെടെ ആരോഗ്യ സേവനവും മരുന്ന് ലഭ്യതയും ഉറപ്പാക്കും. അറഫ, മിന, മക്ക, മദീന തുടങ്ങിയിടങ്ങളിൽ 25 ആശുപത്രികൾ പ്രവർത്തിക്കും. 155 പ്രാഥമികാരോഗ്യകേന്ദ്രങ്ങളും ഉണ്ടാവും. ആശുപത്രികളിൽ 5000 കട്ടിലുകളുണ്ടാവും. ഇതിൽ 500 തീവ്ര പരിചരണ വിഭാഗങ്ങളും 550 അടിയന്തര വിഭാഗങ്ങളും പ്രവർത്തിക്കും. രോഗികളെ ഏറ്റവും അടുത്ത ആശുപത്രിയിലെത്തിക്കാൻ 100 മിനി ആംബുലൻസുകളുടെ സേവനമുണ്ടാവും. വലിയ ശസ്ത്രക്രിയകളുൾപ്പെടെയുള്ള ചികിത്സ സൗകര്യങ്ങൾ സജ്ജമാണ്.
ഹാജിമാർ മക്കയിലെത്തിത്തുടങ്ങിയ ശേഷമുള്ള രണ്ടാമത്തെ ജുമുഅയായിരുന്നു ഇന്നലെ. മലയാളികൾ ഉൾപ്പെടെ ഹാജിമാർ ഏറെ ആവേശത്തോടെയാണ് മക്ക ഹറമിലെ ജുമുഅയിൽ പെങ്കടുത്തത്. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹാജിമാർ ഞായറാഴ്ച പുണ്യഭൂമിയിലെത്തും. ജിദ്ദ വിമാനത്താവളത്തിലാണ് കേരള ഹാജിമാർ വന്നിറങ്ങുക. മലയാളി സന്നദ്ധ സംഘടനകൾ ഹാജിമാർക്ക് സന്നദ്ധസേവനവുമായി പുണ്യനഗരിയിലും വിമാനത്താവളത്തിലും സജീവമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.