ജിദ്ദ: വിവിധ രാജ്യക്കാരായ 2,48,000 തീർഥാടകരെ മക്കയിലെ താമസകേന്ദ്രങ്ങളിലെത്തിച്ചതായി ബസ് ഗൈഡൻസ് സെന്റർ വ്യക്തമാക്കി. 15 ദിവസങ്ങളിൽ 4412 ബസുകളിലായാണ് ഇത്രയും പേരെ എത്തിച്ചത്.
പരിശീലനം ലഭിച്ച ഗൈഡുകളാൽ തീർഥാടകരുടെ ബസുകൾ നയിക്കാൻ സെന്ററിന് കഴിഞ്ഞതായി സെന്റർ ഡയറക്ടർ ജനറൽ അബ്ദുല്ല സിന്ദി വിശദീകരിച്ചു. തീർഥാടകരെ താമസകേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് കൃത്യമായ ഭൂമിശാസ്ത്ര ഭൂപടങ്ങളുടെ സംവിധാനത്തോടെ പ്രവർത്തിക്കുന്ന സ്മാർട്ട് ടാബ്ലെറ്റുകൾ ഗൈഡുകൾക്കുണ്ട്. കൃത്യസമയങ്ങളിൽ തീർഥാടകരെ എത്തിക്കുന്നതിനുള്ള പദ്ധതി കേന്ദ്രം നേരത്തേ ആവിഷ്കരിച്ചിട്ടുണ്ട്. കേന്ദ്രം സ്വീകരിച്ച് മക്കയിലെത്തിച്ച 2,48,634 തീർഥാടകരിൽ 68,903 പേർ ജിദ്ദ വിമാനത്താവളത്തിൽനിന്ന് 1707 ബസുകളിലായി എത്തിയവരാണ്. മദീനയിൽനിന്ന് 2705 ബസുകളിലായി 1,79,731 തീർഥാടകരെയും മക്കയിലെത്തിച്ചിട്ടുണ്ട്. പ്രതിദിനം 900ത്തിലധികം ബസുകൾ തീർഥാടകരുടെ യാത്രക്കായി സർവിസ് നടത്തുന്നുണ്ട്.
ജനറൽ മോട്ടോഴ്സ് സിൻഡിക്കേറ്റിന്റെ പങ്കാളിത്തത്തോടെയും ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലുമാണ് ബസുകൾ സർവിസ് നടത്തുന്നത്.
തീർഥാടകരെ സ്വീകരിക്കുന്നതിനും മാർഗനിർദേശം നൽകുന്നതിനും എല്ലാവരുമായി ഏകോപിപ്പിച്ച കേന്ദ്രം അതിന്റെ പ്രവർത്തനം തുടരുകയാണെന്നും അബ്ദുല്ല സിന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.