ജിദ്ദ സൂപ്പർ ഡോമിൽ നടക്കുന്ന 'ഹജ്ജ്​ എക്​സ്​പോ 2023' ഉദ്‌ഘാടന ചടങ്ങിൽ നിന്ന്

'ഹജ്ജ്​ എക്​സ്​പോ 2023'ന്​ ഉജജ്വല തുടക്കം; ഹജ്ജ്​ സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള വേദിയായി ജിദ്ദ സൂപ്പർ ഡോം

ജിദ്ദ:​ ഹജ്ജ്​, ഉംറ സേവന സമ്മേളനങ്ങളും പ്രദർശനങ്ങളും ഉൾകൊള്ളുന്ന 'ഹജ്ജ്​ എക്​സ്​പോ 2023' ന് ഉജ്ജ്വല തുടക്കം. ജിദ്ദ സൂപ്പർ ഡോമിലൊരുക്കിയ സമ്മേളനവും പ്രദർശനവും മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ ഉദ്​ഘാടനം ചെയ്​തു. മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ സന്നിഹിതനായിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള പൊതു സ്വകാര്യ മേഖലകളിൽ നിന്നുള്ള 81 പ്രഭാഷകർ, 57 ലധികം രാജ്യങ്ങളിൽ നിന്നുള്ള മതകാര്യ മന്ത്രിമാർ, ഹജ്ജ് മിഷൻ മേധാവികൾ, ഉന്നത അധികാരികൾ എന്നിവരുൾപ്പെടെയുള്ള ഉന്നതതല പ്രതിനിധികൾ, ഹജ്ജുമായി ബന്ധപ്പെട്ട രാജ്യത്തെ 200 ഓളം സ്ഥാപനങ്ങൾ സമ്മേളനത്തിലും പ്രദർശനത്തിലും പങ്കെടുക്കുന്നുണ്ട്​.

ജിദ്ദ സൂപ്പർ ഡോമിലൊരുക്കിയ സമ്മേളനവും പ്രദർശനവും ജനുവരി 12 വരെ നീണ്ടു നിൽക്കും. ഹജ്ജ്​ ഉംറ മന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ ചടങ്ങിനെത്തിയവരെ സ്വാഗതം ചെയ്​തു. ഹജ്ജ്, ഉംറ സമ്പ്രദായത്തിലെ ചട്ടങ്ങളും നിയമനിർമ്മാണങ്ങളും വികസിപ്പിച്ചുകൊണ്ട് തീർഥാടകർക്ക്​ നൽകുന്ന എല്ലാ സേവനങ്ങളും മെച്ചപ്പെടുത്താനും വികസിപ്പിക്കാനും മന്ത്രാലയം കാണിക്കുന്ന താൽപ്പര്യം അൽറബീഅ സ്വാഗത പ്രസംഗത്തിൽ എടുത്തുകാട്ടി. ഹജ്ജ് സമ്മേളനവും എക്സിബിഷനും രാജ്യത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ സമ്മേളനമാണ്​. തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിന്​ രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരുന്ന വേദിയാണെന്നും ഹജ്ജ്,​ ഉംറ മന്ത്രി ചൂണ്ടിക്കാട്ടി.

തീർഥാടകരെ സേവിക്കുന്നതിൽ സൗദി അറേബ്യ നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങളെ ഉയർത്തിക്കാട്ടുന്ന ദൃശ്യാവതരണം എക്‌സ്‌പൊ ഉദ്‌ഘാടന വേദിയിൽ നടന്നു. മക്ക, മദീന ഗവർണർമാർ ​‘മെയ്​ഡ്​ ഇൻ മക്ക, മെയ്​ഡ്​ ഇൻ മദീന’ എന്ന സംരംഭങ്ങളുടെ ഐഡൻറിറ്റി ലോഞ്ചിങ്​ നടത്തി. ചടങ്ങിന്റെ അവസാനം സ്പോൺസർമാരെയും പങ്കാളികളെയും മക്ക ഗവർണർ ആദരിച്ചു. ഗവർണർമാർ എക്​സ്​പോ ചുറ്റിക്കണ്ടു. ഹജ്ജ്​ ഉംറ മന്ത്രിയും നിരവധി ഉദ്യോഗസ്ഥരും അവരെ അനുഗമിച്ചു. ഗതാഗത, ലോജിസ്​റ്റിക്​ മന്ത്രി എൻജിനീയർ സ്വാലിഹ്​ അൽജാസർ, ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ്​, ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

(എക്​സ്​പോയിൽ പ്രദർശിപ്പിച്ച അബ്​ദുൽ അസീസ്​ രാജാവിന്റെ 90 വർഷം പഴക്കമുള്ള കാർ അമീർ ഖാലിദ്​ അൽഫൈസൽ സന്ദർശിക്കുന്നു)

 

എക്​സ്​പോയിൽ ഹജ്ജ്​ വേളയിലെ അബ്​ദുൽ അസീസ്​ രാജാവിന്‍റെ കാറും

ഹജ്ജ്​ എക്​സ്​പോയിൽ 90 വർഷം മുമ്പ്​ സൗദി രാഷ്​ട്ര സ്ഥാപകനായ അബ്​ദുൽ അസീസ്​ രാജാവ്​​ സഞ്ചരിച്ച വാഹനവും. കിങ്​ അബ്​ദുൽ അസീസ്​ ഹൗസ്​ പവലിയലനിലാണ്​ അബ്​ദുൽ അസീസ്​ രാജാവ്​ ഹജ്ജ്​ വേളയിൽ സഞ്ചരിച്ച വാഹനം ഒരുക്കിയിരിക്കുന്നത്​. ഹജ്ജ്​ എക്​സ്​പോ ഉദ്​ഘാടന ശേഷം മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ കിങ്​ അബ്​ദുൽ അസീസ്​ ഹൗസ്​ പവലിയൻ സന്ദർശിച്ചു. സെക്രട്ടറി ജനറൽ ഡോ. ഫഹദ്​ ബിൻ അബ്​ദുല്ല അൽസമാരി ഗവർണറെ സ്വീകരിച്ചു. പവലിയനിലൊരുക്കിയ അബ്​ദുൽ അസീസ്​ രാജാവിന്റെ കാറും മക്ക, ജിദ്ദ, മദീന, മശാഇർ എന്നിവിടങ്ങളിലെ അബ്​ദുൽ അസീസ്​ രാജാവി​ന്റെ അപൂർവ ഫോട്ടോകളും ഗവർണർ കണ്ടു. 

(ഹജ്ജ്​ എക്​സ്പോയിൽ ഒരുക്കിയ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പവലിയൻ അമീർ ഫൈസൽ ബിൻ സൽമാൻ സന്ദർശിക്കുന്നു)

 

സേവനങ്ങൾ എടുത്തുകാട്ടാൻ ആഭ്യന്തര മന്ത്രാലയ പവലിയനും

ഹജ്ജ്​ എക്​സ്പോയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പവലിയനും. ഹജ്ജ്​ ഉംറ മേഖലയിൽ തീർഥാടകർക്ക്​ മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകൾ നൽകിവരുന്ന സേവനങ്ങൾ പരിചയപ്പെടുത്തുന്നതും വിഷൻ 2030 ഭാഗമായി നടപ്പിലാക്കുന്ന സംരംഭങ്ങൾ എടുത്ത്​ കാണിക്കുന്നതുമാണ്​ ആഭ്യന്തര മന്ത്രാലയ പവലിയൻ. ഹജ്ജ്​ സുരക്ഷ സേന, പാസ്​പോർട്ട്​, ട്രാഫിക്ക്​, മക്കയിലേയും മദീനയിലേയും സുരക്ഷ ഉദ്യോഗസ്ഥരുടെ ക്ലബുകൾ, സിവിൽ സ്​റ്റാറ്റസ്​ ഏജൻസി, സെൻറർ ഫോർ സെക്യൂരിറ്റി ഓപ്പറേഷൻസ്​ എന്നീ വകുപ്പുകൾ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്​. മന്ത്രാലയം നടപ്പിലാക്കിയ അബ്​ഷിർ, മൈദാൻ, ബനാൻ തുടങ്ങിയ ആപ്ലിക്കേഷനുകൾ പരിചയ​പ്പെടുത്താനുള്ള സംവിധാനങ്ങളും പവലിയനിലുണ്ട്​. മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ, ഹജ്ജ്​ ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്​ദുൽഫത്താഹ്​ മുശാത്​ തുടങ്ങിയ പല പ്രമുഖർ പവലിയൻ സന്ദർശിക്കുകയും തീർഥാടകർക്ക്​ ഒരുക്കിയ സേവനങ്ങൾ കാണുകയുമുണ്ടായി.


Tags:    
News Summary - Hajj Expo 2023 starts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.