റിയാദ്: ഇക്കൊല്ലത്തെ ഹജ്ജ് വേളയിൽ ഹറമൈൻ അതിവേഗ റെയിൽവേ ഉപയോഗിച്ചവരുടെ എണ്ണം ഏഴര ലക്ഷമായി ഉയർന്നതായി സൗദി റെയിൽവേ കമ്പനി (സാർ) അറിയിച്ചു. 2022-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 96 ശതമാനം വർധനയാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായത്. ഈ വർഷത്തെ ഹജ്ജ് സീസണിൽ ഹറമൈൻ ഹൈസ്പീഡ് റെയിൽവേയുടെ പ്രവർത്തന പദ്ധതി വിജയകരമായി പൂർത്തിയാക്കിയതായും കമ്പനി അറിയിച്ചു. ഇക്കൊല്ലത്തെ ഹജ്ജ് സീസണിൽ 3,627 സർവിസുകളാണ് ഹറമൈൻ നടത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 79 ശതമാനം കൂടുതലാണിത്.
ഹജ്ജിെൻറ തിരക്കേറിയ ദിവസങ്ങളിൽ ബുക്കിങ് വർധനക്ക് അനുസൃതമായി ശരാശരി 126 ട്രിപ്പുകൾ വരെ നടത്തി. ദുൽഹജ്ജ് ഏഴിന് 131 ട്രിപ്പുകളാണ് നടത്തിയത്. ഇത് ഹറമൈൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന ട്രിപ്പാണ്. മണിക്കൂറിൽ ആറ് ട്രെയിനുകൾ എന്ന തോതിൽ മക്ക സ്റ്റേഷൻ വഴി കടന്നുപോയി. ഹജ്ജ് തീർഥാടകരും മറ്റു യാത്രക്കാരും ഈ കാലയളവിൽ മക്കക്കും മദീനക്കുമിടയിൽ യാത്ര ചെയ്തിട്ടുണ്ട്. ജിദ്ദയിലെ പ്രധാന സ്റ്റേഷൻ, കിങ് അബ്ദുൽ അസീസ് അന്തർദേശീയ വിമാനത്താവളം, റാബിഗിലെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലാണ് മക്കയും മദീനയും കൂടാതെ ഹറമൈൻ ട്രെയിനുകൾക്ക്സ്റ്റോപ്പുകളുള്ളത്. സമയനിഷ്ഠ 98 ശതമാനമായി ഉയർന്നത് യാത്രക്കാർക്കും റെയിൽവേക്കും സഹായകമായതായി ഹറമൈൻ റെയിൽവേ എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് എൻജി. റയാൻ അൽ ഹർബി പറഞ്ഞു. ഹറമൈൻ ട്രെയിൻ കൈകാര്യം ചെയ്യുന്ന സൗദി-സ്പാനിഷ് റെയിൽവേ പ്രോജക്ട് കമ്പനി ഇരുഹറം കാര്യാലയ അധികൃതരുമായി ഏകോപിപ്പിച്ചാണ് റെയിൽവേയുടെ ഹജ്ജ് ഓപറേഷൻ പ്ലാൻ നടപ്പാക്കിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഹജ്ജ് തീർഥാടകർക്ക് സുരക്ഷിതമായും സൗകര്യത്തോടും കൂടി രണ്ട് ഹറമുകളിലേക്കുള്ള യാത്രകൾ സുഗമമാക്കുന്നതിനുള്ള സമഗ്രമായ പ്രവർത്തന പദ്ധതി സഹായകമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.