മദീന: മദീന ഭാഗത്തുനിന്ന് ഹജ്ജിനായി എത്തുന്ന തീർഥാടകർക്ക് ‘ഇഹ്റാം’ ചെയ്യുന്ന സ്ഥലമായ (മീഖാത്ത് ) ദുൽ ഹുലൈഫയിലെ പള്ളി വിശ്വാസികളെ സ്വീകരിക്കാനൊരുങ്ങി. ഹജ്ജ് തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ വിലയിരുത്താൻ മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ദുൽ ഹുലൈഫയിലെ മിഖാത്ത് കഴിഞ്ഞ ദിവസം സന്ദർശിച്ചു. മക്കയുടെ വടക്കും മദീനയുടെ തെക്കുമായി സ്ഥിതി ചെയ്യുന്ന ദുൽ ഹുലൈഫ ഇനി തിരക്കുകളിൽ അമരും. മദീനയിലേക്ക് 13 കിലോമീറ്ററും മക്കയിലേക്ക് ഏകദേശം 400 കിലോമീറ്ററും ദൂരമാണുള്ളത്. മക്കയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരമുള്ള മീഖാത്തും ഇതാണ്. ഹജ്ജ്, ഉംറ തീർഥാടനത്തിന്റെ പ്രധാന കർമങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പായി പുരുഷന്മാർ വെള്ള വസ്ത്രം ധരിച്ച് ഒരുങ്ങുന്ന പ്രഥമ കർമമാണ് ‘ഇഹ്റാം’. ഇതിനായി ഓരോ രാജ്യത്ത് നിന്ന് വരുന്നവർക്ക് പ്രത്യേകം പ്രദേശങ്ങൾ തന്നെ നിശ്ചയിച്ചിട്ടുണ്ട്.
ഉംറയും ഹജ്ജും നിർവഹിക്കാൻ വരുന്ന തീർഥാടകർ ഇഹ്റാം ചെയ്യാൻ നിശ്ചയിക്കപ്പെട്ട പ്രദേശങ്ങളിൽ നിന്ന് ഇഹ്റാം ചെയ്താണ് മക്കയിലേക്ക് വരുന്നത്. ഹജ്ജിന്റെ വസ്ത്രം ധരിച്ച് തീർഥാടകർ തൽബിയ്യത്ത് മന്ത്രങ്ങൾ ഉരുവിട്ട് തുടങ്ങുന്നത് ഇഹ്റാമിൽ പ്രവേശിച്ച ശേഷമാണ്. ‘അബിയാൻ അലി’ എന്ന പേരിൽ അറിയപ്പെടുന്ന ദുൽ ഹുലൈഫയിലെ മീഖാത്ത് പള്ളിയിൽ ഈ വർഷം ഹജ്ജിനെത്തുന്നവരെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്.
മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ, മദീന വികസന അതോറിറ്റി സി.ഇ.ഒ എൻജിനീയർ ഫഹദ് മുഹമ്മദ് അൽ ബലിഹുഷി, പൊലീസ് മേധാവി മേജർ ജനറൽ യൂസഫ് അൽ സഹ്റാനി എന്നിവർ മീഖാത്ത് സന്ദർശിച്ച് അവിടത്തെ സംവിധാനങ്ങൾ വിലയിരുത്തി. മീഖാത്തിലെത്തിയ ഗവർണർ മീഖാത്ത് മസ്ജിദിലെ സൗകര്യങ്ങളും അതിന് ചുറ്റുമുള്ള പ്രദേശങ്ങളും സന്ദർശിച്ചു. പ്രദേശത്തെ ഒരു കൂട്ടം വികസന പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുന്നതിനും ഗവർണർ സാക്ഷ്യം വഹിച്ചു.
ഹജ്ജും ഇരു ഹറം പള്ളികളുടെ സന്ദർശനവും സുഗമമാക്കാനും തീർഥാടകർക്ക് എല്ലാ സേവനങ്ങളും നൽകാനും ഇരുഹറമുകളിൽ പരമാവധി പരിചരണം നൽകാനും അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാനുമുള്ള ഭരണകൂട ശ്രമങ്ങളെ മദീന മേഖലയിലെ അമീർ പ്രശംസിച്ചു. തീർഥാടകരുടെയും ഉംറ നിർവഹിക്കുന്നവരുടെയും സന്ദർശകരുടെയും അനുഭവം മെച്ചപ്പെടുത്തുന്നതിനും സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇത് സഹായിക്കുമെന്നും ഗവർണർ പറഞ്ഞു. ദുൽ ഹുലൈഫയിലെ മീഖാത്ത് പള്ളിയിൽ തീർഥാടകർക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഇതിനകം ഒരുക്കിയിട്ടുണ്ട്.
കുളിമുറികൾ, ശൗച്യാലയങ്ങൾ എന്നിവ വിശാലമായ രീതിയിൽ തന്നെ ഇവിടെ സംവിധാനിച്ചിട്ടുണ്ട്. ഒരേ സമയം പ്രാർഥനക്ക് 6000 വിശ്വാസികളെ ഉൾക്കൊള്ളാൻ വിശാലമായ അകത്തളമുള്ള പള്ളിയിൽ ഉയർന്ന നിലവാരമുള്ള പരവതാനികളാണ് വിരിച്ചിട്ടുള്ളത്. മുഹമ്മദ് നബി ഹജ്ജിന് ഇഹ്റാം ചെയ്തത് ദുൽ ഹുലൈഫയിൽ വെച്ചായിരുന്നു. ഹജ്ജിനെത്തുന്ന തീർഥാടകരിൽ ഹജ്ജ് കർമത്തിന് മുമ്പ് മദീന സന്ദർശനം നടത്തുന്നവർ ഹജ്ജിനോടടുത്ത ദിവസങ്ങളിലാണ് മക്കയിലേക്ക് മടങ്ങുന്നതെങ്കിൽ ഹജ്ജിന് ഇഹ്റാമിൽ പ്രവേശിക്കാൻ ദുൽ ഹുലൈഫയിൽ എത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.