ജിദ്ദ: ഹജ്ജ്, ഉംറ തീർഥാടന നിയമ നടപടിക്രമങ്ങൾ എളുപ്പമാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമായ 'നസ്ക്' ഉദ്ഘാടനം ചെയ്തു. 'ഡിജിറ്റൽ ചക്രവാളത്തിലേക്ക്' എന്ന ശീർഷകത്തിൽ ഡിജിറ്റൽ അതോറിറ്റി സംഘടിപ്പിച്ച ചടങ്ങിൽ ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ ഉദ്ഘാടനം നിർവഹിച്ചു. ലോകമെമ്പാടുമുള്ള തീർഥാടകർക്ക് സൗദിയിലേക്ക് വരാനും തീർഥാടനം നിർവഹിക്കാനും ആവശ്യമായ നിയമനടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് നസ്ക് പ്ലാറ്റ്ഫോമിൽ 121ലധികം സേവനങ്ങളാണുള്ളത്. സൗദി പരിവർത്തന പദ്ധതിയായ 'വിഷൻ 2030'ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ഈ പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്. തീർഥാടകർക്ക് വിശിഷ്ടമായ സേവനവും മികച്ച അനുഭവവും പ്രദാനം ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഇതേ പ്ലാറ്റ്ഫോമിൽ ബിസിനസ് മേഖലയുമായി ബന്ധപ്പെട്ട് 75 സേവനങ്ങളും വ്യക്തിഗതമായി 45 സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ബിസിനസ് മേഖലയിലെ 10,000ത്തിലധികം സ്ഥാപനങ്ങളുമായി സഹകരിച്ചും 25 സർക്കാർ ഏജൻസികളെ ഏകോപിപ്പിച്ചും മൂന്നുകോടിയിലധികം ആളുകൾക്ക് സേവനങ്ങൾ ലഭ്യമാക്കാനാവുമെന്ന് ഹജ്ജ്-ഉംറ മന്ത്രി പറഞ്ഞു. തീർഥാടകരുടെ അനുഭവം സമ്പന്നമാക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്നാണ് ഇത്. ടൂറിസം മന്ത്രാലയത്തിന്റെയും സൗദി ടൂറിസം ഏജൻസിയുടെയും സഹകരണത്തോടെ സജ്ജീകരിച്ച തീർഥാടകർക്കായുള്ള ഒരു സംയോജിത സേവന സംവിധാനം കൂടിയാണ് നസ്ക് പ്ലാറ്റ്ഫോം. ഉംറ നിർവഹിക്കുന്നതിന്റെ എല്ലാ ഘട്ടങ്ങളിലും മക്ക, മദീന എന്നിവിടങ്ങളിലെ മതപരവും ചരിത്രപരവുമായ പ്രദേശങ്ങളെ തീർഥാടകരെ പരിചയപ്പെടുത്താനും പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നു. പൂർണ സുതാര്യതയോടെ സംയോജിത സേവനങ്ങൾ നൽകുന്നതിനുള്ള വിശ്വസനീയമായ പ്ലാറ്റ്ഫോമാണ് നസ്ക് എന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.