ജിദ്ദ: അനുമതി പത്രമില്ലാതെ ഹജ്ജിനെത്തിയ നിയമലംഘകരെ കണ്ടെത്താൻ മക്കയിൽ കർശന പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ രണ്ടു വിദേശികളും 16 സ്വദേശിയും ഉൾപ്പെടെ 18 പേർ കൂടി ഹജ്ജ് സുരക്ഷസേനയുടെ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുറ്റവാളികളെ 15 ദിവസം കസ്റ്റഡിയിലെടുക്കുകയും 10,000 റിയാൽ പിഴ ചുമത്തുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു. ഹജ്ജ് പെർമിറ്റില്ലാതെ 91 പേരെ കടത്തിക്കൊണ്ടുപോയി ഹജ്ജ് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിനാണ് പ്രതികളെ മക്കയുടെ പ്രവേശന കവാടത്തിൽ ഹജ്ജ് സുരക്ഷസേന പിടികൂടിയത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടിന്റെ സീസണൽ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റികൾ കുറ്റവാളികൾക്കെതിരെ അനന്തര നടപടികൾ സ്വീകരിക്കും. പ്രവാസി കുറ്റവാളികളെ സൗദിയിലെ അവരുടെ ശിക്ഷക്ക് ശേഷം നാടുകടത്തുകയും നിശ്ചിത കാലയളവിലേക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു. ഗതാഗതത്തിന് ഉപയോഗിച്ച രണ്ടു വാഹനങ്ങളും അധികൃതർ കണ്ടുകെട്ടിയിട്ടുണ്ട്. ഹജ്ജ് നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ പൗരന്മാരോടും പ്രവാസികളോടും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് ആവശ്യപ്പെട്ടു.
തീർഥാടകർക്ക് അവരുടെ ഹജ്ജ് അനുഷ്ഠാനങ്ങൾ ശരിയായ രീതിയിൽ നിർവഹിക്കാനും സമാധാനത്തോടെ ഹജ്ജ് നാളുകളിൽ കഴിയാൻ അവസരമൊരുക്കാനുമാണ് അധികൃതർ കർശന പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി മക്കയിലേക്കുള്ള എല്ലാ അതിർത്തി ചെക്ക്പോസ്റ്റുകളിലും വിവിധ റോഡുകളിലും പൊലീസിന്റെ പഴുതടച്ചുള്ള പരിശോധനയാണ് നടക്കുന്നത്. ഈ വർഷം ഹജ്ജ് സേവനത്തിന് തയാറായ സന്നദ്ധപ്രവർത്തകരായ ഇന്ത്യൻ പ്രവാസികളും സൗദി അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ചേ സേവനത്തിനായി രംഗത്തിറങ്ങാവൂ എന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.