വെൻറിലേറ്ററിൽ കഴിഞ്ഞിരുന്ന ഹംസയെ നാട്ടിലേക്ക്​ യാത്രയാക്കാൻ അംബുലൻസിൽ കയറ്റുന്നു

മൂന്നുമാസമായി വെന്‍റിലേറ്ററിലായ ഹംസയെ നാട്ടിലെത്തിച്ചു

ഹാഇൽ: ഗുരുതരമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി ഹാഇൽ കിങ് സൽമാൻ ആശുപത്രിയിലെ വെൻറിലേറ്ററിൽ കഴിഞ്ഞിരുന്ന തൃശുർ കൈപ്പമംഗലം സ്വദേശി ഹംസയെ (44) തുടർ ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഹാഇൽ ഐ.സി.എഫ് നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ സാധിച്ചത്.

നഗരത്തിൽ തയ്യൽ ജോലികൾ ചെയ്തിരുന്ന ഹംസയെ ശ്വാസതടസ്സത്തെ തുടർന്ന് കഴിഞ്ഞ നവംബറിലാണ് അശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടരെയുണ്ടായ ഹൃദയാഘാതം തലച്ചോറി​െൻറ പ്രവർത്തനത്തെ ബാധിക്കുകയും സ്ഥിതി വഷളാവുകയും ചെയ്തതിനെ തുടർന്ന് വെൻറിലേറ്റർ സംവിധാനത്തിൻ കീഴിലാക്കി.

വിദഗ്ധ ചികിത്സക്കായി വെൻറിലേറ്റർ സംവിധാനത്തോടെ തന്നെ നാട്ടിലെത്തിക്കാൻ ഐ.സി.എഫ് ഹാഇൽ സെൻട്രൽ വെൽഫെയർ സമിതി ശ്രമം തുടങ്ങിയെങ്കിലും ഭീമമായ സാമ്പത്തിക ചെലവ് ചോദ്യചിഹ്നമായി. തുടർന്ന് ഹാഇൽ നവോദയ സാംസ്കാരിക വേദി, ബെസ്​റ്റ്​ വേ ഡ്രേവേഴ്സ് ഹാഇൽ യുനിറ്റ്, രിസാല സ്​റ്റഡി സർക്കിൾ എന്നിവയുൾപ്പെടെയുള്ള സംഘടനകളും സാമൂഹിക മാധ്യമ കൂട്ടായ്മകളും ചേർന്ന് ഇതിനുള്ള തുക സ്വരൂപിച്ചു.

ഹംസയുടെ താമസരേഖ കാലാവധി കഴിഞ്ഞതിനാൽ റിയാദ് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ യാത്രാരേഖകൾ ശരിപ്പെടുത്താൻ ജീവകാരുണ്യ പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, ചാൻസാ അബ്​ദുറഹ്‌മാൻ എന്നിവരും രംഗത്തെത്തി. ചികിത്സക്ക് വേണ്ടിവന്ന വൻതുക സൗജന്യചികിത്സ ഇനത്തിൽ ഉൾപ്പെടുത്തി ആശുപത്രി അധികൃതർ ഒഴിവാക്കി നൽകുകയും ചെയ്തു.

സൗദി ആരോഗ്യ വിഭാഗത്തി​െൻറ വെൻറിലേറ്റർ സംവിധാനമുള്ള ആംബുലൻസിൽ ഹംസയെ മെഡിക്കൽ സംഘത്തോടൊപ്പം റിയാദ് വിമാനത്താവളത്തിൽ എത്തിച്ചു. അവിടെനിന്ന് കഴിഞ്ഞ ദിവസം കൊച്ചിയിലേക്ക് പോയ സൗദി എയർലൻസ് വിമാനത്തിൽ കേരളത്തിൽ നിന്നെത്തിയ ഡോക്ടർമാരുടെ സംഘത്തോടൊപ്പമാണ് നാട്ടിലെത്തിച്ചത്.

ഐ.സി.എഫ് ഹാഇൽ സെൻട്രൽ കമ്മിറ്റി പ്രവർത്തകരായ ബഷീർ സഅദി കിന്നിംഗാർ, എൻജി. ബഷിർ നെല്ലളം, ഷാജഹാൻ അഹ്സനി, അബ്​ദുൽ സലാം റഷാദി, ആലുവ, റഫീഖ് കൊടുവള്ളി, അഫ്സൽ കായംകുളം, നൗഫൽ പറക്കുന്ന്, ബാസിത്​ മുക്കം തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Hamza, who has been on a ventilator for three months, was brought home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.