റിയാദ്: ഭാര്യക്ക് ഫൈനല്‍ എക്‌സിറ്റ് അടിച്ചത് കാരണം സന്ദര്‍ശന വിസയിലെത്തിയ ഭര്‍ത്താവിന് വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങാനായില്ല. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം.
നജ്‌റാനിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയായ നഴ്‌സ് ദുബൈയില്‍ ജോലി ചെയ്യുന്ന തന്‍റെ ഭര്‍ത്താവിന് സൗദിയിലേക്ക് സന്ദര്‍ശന വിസ അയച്ചുകൊടുത്തിരുന്നു. വിസ സ്റ്റാമ്പ് ചെയ്ത് ഭര്‍ത്താവ് സൗദിയിലേക്ക് പുറപ്പെട്ടപ്പോഴേക്കും നഴ്‌സിന് കോണ്‍ട്രാക്‌ട് അവസാനിച്ച് കമ്പനി ഫൈനല്‍ എക്‌സിറ്റ് നല്‍കി. ഇതറിയാതെയാണ് ഇവരുടെ ഭര്‍ത്താവ് റിയാദ് വിമാനത്താവളത്തിലെത്തിയത്.
സന്ദര്‍ശക വിസ ഭാര്യയുടെ ഇഖാമ നമ്പറിലുള്ളതായതിനാല്‍ ഭര്‍ത്താവിന് പുറത്തിറങ്ങാന്‍ സാധിക്കില്ലെന്നും ഫൈനല്‍ എക്‌സിറ്റ് കാന്‍സല്‍ ചെയ്യുകയോ തിരിച്ചുപോവുകയോ ചെയ്യണമെന്നും എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ഇവര്‍ റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിനെ ബന്ധപ്പെടുകയായിരുന്നു. ഭര്‍ത്താവിനും സുഹൃത്തിനും ആവശ്യമായ നിയമവശങ്ങള്‍ സിദ്ദിഖ് പറഞ്ഞു കൊടുത്തു. അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ആശുപത്രി ഫൈനല്‍ എക്‌സിറ്റ് കാന്‍സല്‍ ചെയ്തു. തുടര്‍ന്നാണ് ഇവര്‍ പുറത്തിറങ്ങിയത്. നാലു ദിവസം ഇവിടെ തങ്ങിയ ശേഷം ഭര്‍ത്താവ് തിരിച്ചു പോയി. പിന്നീടാണ് ഭാര്യക്ക് ഫൈനല്‍ എക്‌സിറ്റ് അടിച്ചത്.
ഫൈനല്‍ എക്‌സിറ്റ് അടിച്ചവരുടെ പേരിലെത്തുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നാണ് സൗദി വ്യവസ്ഥ. ഫൈനല്‍ എക്‌സിറ്റടിച്ച് 60 ദിവസം സൗദിയില്‍ തങ്ങാമെങ്കിലും സന്ദര്‍ശക വിസയില്‍ മറ്റൊരാളെ കൊണ്ടുവരാനുള്ള ആനുകൂല്യം ലഭിക്കില്ല. മാത്രമല്ല ആരെങ്കിലും സന്ദര്‍ശക വിസയില്‍ സൗദിയിലുണ്ടെങ്കില്‍ അവര്‍ തിരിച്ചുപോകാനുള്ള എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഫൈനല്‍ എക്‌സിറ്റ് അടിക്കാനുമാവുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.