ദമ്മാം: നൂറ്റാണ്ടുകൾ പുറകിലേക്ക് വേരുകളാഴ്ത്തിയ പൗരാണിക നാഗരികതകളുടെ ചരിത്രത്തിലേക്ക് ചൂണ്ടുപലകയായി സൗദിയിലെ ശിലാലിഖിതങ്ങൾ. വൈവിധ്യമാർന്ന 13ലേറെ ശിലാലിഖിതങ്ങളാണ് ഇതുവരെ പുരാവസ്തു ചരിത്ര ഗവേഷണ വിഭാഗം കണ്ടെത്തിയത്. അതത് പൗരാണിക കാലത്തെ തനത് കലാവിഷ്കാരങ്ങളാണ് അവയെന്നും സാമൂഹികവും സാംസ്കാരികവും വൈജ്ഞാനികവുമായ വേറിട്ട ഉള്ളടക്കമുള്ളവയാണ് ഇത്തരം ലിഖിതങ്ങളെന്നും പൗരാണിക ലിഖിതങ്ങളിൽ ഗവേഷണം നടത്തുന്ന ഡോ. സുലൈമാൻ അൽദിയാബ് അഭിപ്രായപ്പെട്ടു. വിവിധ ഗോത്രങ്ങൾ തമ്മിലുള്ള കരാറുകളും നിയമവ്യവസ്ഥകളുമൊക്കെ ആശയവിനിമയം നടത്താൻ ഇത്തരത്തിൽ പാറകളിൽ കൊത്തിവെക്കുന്ന രീതി പ്രാചീന കാലം തൊട്ടേ നിലവിലുണ്ടായിരുന്നു.
ഇതിെൻറത്തന്നെ വികസിത രൂപമാണ് പിന്നീട് രചനാത്മകമായ ആവിഷ്കാരമായി പല നാഗരികതകളിലും ജനതതികളിലും രൂപമാറ്റം സംഭവിച്ചത്. കേവലം വരകൾ മാത്രം ഉപയോഗിച്ചിരുന്ന അതിപുരാതന കാലം പിന്നിട്ട്, കാലചക്രം ഉരുളവെ അടയാളങ്ങളും ചിഹ്നങ്ങളും പ്രതിരൂപങ്ങളും വികസിപ്പിച്ച് ലിപികൾ രൂപപ്പെടുത്തിയിരുന്നുവെന്ന് കിങ് സുഉൗദ് സർവകലാശാല പ്രഫസർ ഡോ. സൽമ ഹാവ്സാവി പറഞ്ഞു. ലഭ്യമായ സാധ്യതകൾ ഉപയോഗപ്പെടുത്തി കലഹം, പ്രണയം, വിരഹം, സന്തോഷ, സന്താപങ്ങൾ തുടങ്ങിയ വ്യക്തി -സാമൂഹിക ജീവിത പരിസരങ്ങളിലെ വൈകാരിക സന്ദർഭങ്ങളെ വരച്ചുകാണിക്കുന്നതാണിവയിൽ ഭൂരിഭാഗമെന്നും അവർ പറഞ്ഞു.
ഹിബ്രു, ലാറ്റിൻ, ഗ്രീക്ക്, പുരാതന ഈജിപ്ഷ്യൻ ലിപി, ബാബിലോണിയൻ ലിപി, പുരാതന അറബിക് തുടങ്ങിയ വിവിധ ലിപികളിലും വരമൊഴികളിലും അജ്ഞാത കോഡുകളിലുമാണ് ലിഖിതങ്ങളുള്ളത്. ബി.സി 1200നും മുമ്പുള്ള സമൂദ് നാഗരികതയുടെ, കൂറ്റൻ പാറകളിൽ കൊത്തിവെക്കുന്ന എഴുത്തുരൂപങ്ങളാണ് ഇവയിൽ ഏറ്റവും പഴക്കമേറിയതും ആകർഷണീയവും. അന്ന് നിലവിലുണ്ടായിരുന്ന പ്രധാന വാണിജ്യ പാതയിലെ നഗരങ്ങളായ അൽഉല, നജ്റാൻ, തൈമ, അൽജൗഫ് എന്നിവിടങ്ങളിലെ മരുഭൂമിയിലാണ് ഇവരുടെ ലിഖിതങ്ങളിലേറെയും. ബി.സി 1000ത്തിൽ വസിച്ചിരുന്ന അരാമിക് നാഗരികതയുടേതാണ് മറ്റൊരു അമൂല്യ സംഭാവന.
അൽഉലയുടെ സമീപ പ്രവിശ്യകളിലെ മരുഭൂ പ്രദേശങ്ങളിലാണ് ഇവരുടെ ശിലാലിഖിതങ്ങളിൽ അധികവുമുള്ളത്. പിന്നീട്, നബ്തിയൻസിെൻറ ആഗമനത്തോടെ ഈ നാഗരികതകൾ ചരിത്ര ശേഷിപ്പുകൾ ബാക്കിയാക്കി പതുക്കെ വിസ്മൃതമായി. നബ്തികളുടെയും ലിഹാനൈറ്റ്, സബഇയാൻ നാഗരികതകളുടെയും പാറയിൽ തീർത്ത നിരവധി കൊത്തുപണികൾ കണ്ടെത്തിയിട്ടുണ്ട്. തദ്ദേശീയ ഗവേഷണങ്ങൾക്ക് പുറമെ, ജർമനി, ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്ക, കാനഡ, ജപ്പാൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ ചരിത്ര- പുരാവസ്തുശാസ്ത്ര വിദഗ്ധരുടെ നേതൃത്വത്തിലും ഇതുസംബന്ധിച്ച ഗവേഷണ പഠനങ്ങൾ വിവിധ തലങ്ങളിൽ പുരോഗമിക്കുകയാണെന്ന് ഡോ. സുലൈമാൻ പറഞ്ഞു.
യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള ഹാഇൽ, മദായിൻ സാലിഹ് എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള പഠനങ്ങൾ കൂടുതൽ നടക്കുന്നത്. അറേബ്യൻ ഉപദ്വീപിലെ 70 ശതമാനം ഭൂപ്രദേശങ്ങളും നിലകൊള്ളുന്ന സൗദിയെ പൗരാണിക നാഗരികതയുടെ കളിത്തൊട്ടിലായും ശിലാലിഖിത ആവിഷ്കാരങ്ങളുടെ കലവറയുമായാണ് അന്താരാഷ്ട്ര ചരിത്രകാരന്മാർ കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.