ബുറൈദ: ആഭ്യന്തര സംഘർഷം മൂലം സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ സാധിക്കാത്ത സുഡാനിൽനിന്നുള്ള ഉംറ തീർഥാടകർക്ക് സൗദി ആതിഥേയത്വം വഹിക്കും. കാലാവധി തീരുന്ന മുറക്ക് ഉംറ, സന്ദർശന വിസ സൗജന്യമായി പുതുക്കി നൽകാനും ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും നിർദേശം നൽകി.
സൈനിക വിഭാഗങ്ങൾ ഏറ്റുമുട്ടൽ തുടരുന്ന സുഡാനിലെ സഹോദരങ്ങൾക്കൊപ്പം നിൽക്കുകയും അവരെ പിന്തുണക്കുകയും ചെയ്യുകയെന്ന മാനുഷിക നയത്തിന്റെ ഭാഗമാണ് നടപടിയെന്ന് ഔദ്യോഗിക വാർത്ത മാധ്യമമായ സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഇപ്പോഴുള്ള സുഡാനി ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും വിസ കാലാവധി നീട്ടുന്നതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്സ് (ജവാസാത്ത്) നടപടി ആരംഭിച്ചു. ആഭ്യന്തരമന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ അബ്ശിറിൽ ഇതിനുള്ള സേവനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.
‘സുഡാനി തീർഥാടകർക്ക് ആതിഥേയത്വം വഹിക്കുന്നു’എന്ന ശീർഷകത്തിലാണ് സേവനം. വ്യക്തികൾക്ക് അബ്ശിറിലെ അഫ്റാദ് (വ്യക്തിഗതം) വഴി തങ്ങളുടെ പാസ്പോർട്ട്, എൻട്രി വിസ വിവരങ്ങൾ അപ്ലോഡ് ചെയ്ത് അപേക്ഷ നൽകാം.
കുടുംബമോ ബന്ധുക്കളോ സൗദിയിലുള്ളവർക്ക് ഉംറ വിസ സന്ദർശക വിസയാക്കി മാറ്റാനും അവരോടൊപ്പം കഴിയാനും അവസരമൊരുക്കുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇരു സൈനിക വിഭാഗങ്ങൾ ഏറ്റുമുട്ടൽ തുടരുന്ന സുഡാനിൽനിന്ന് 110 രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരെയാണ് സൗദി അറേബ്യ സുരക്ഷിതമായി ഒഴിപ്പിച്ചതും അവരവരുടെ രാജ്യത്തേക്ക് മടങ്ങാൻ അവസരമൊരുക്കിയതും.
സുഡാൻ ജനതക്ക് 1000 കോടി ഡോളറിന്റെ സഹായം സൗദി പ്രഖ്യാപിച്ചിരുന്നു. കിങ് സൽമാൻ റിലീഫ് സെന്ററിന്റെ അഭിമുഖ്യത്തിലുള്ള സാഹിം പ്ലാറ്റ്ഫോം വഴി രാജ്യത്ത് ആരംഭിച്ച ധനസമാഹരണം മൂന്നുദിവസം പിന്നിടുമ്പോൾ 44 ലക്ഷത്തിലേക്ക് അടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.