ജിദ്ദ: ഹൂതി ആക്രമണത്തിന്റെ വെളിച്ചത്തിൽ ആഗോള എണ്ണ വിപണിയിൽ എന്തെങ്കിലും കുറവുണ്ടായാൽ തങ്ങൾ ഉത്തരാദികളായിരിക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. സൗദിയിലെ എണ്ണ സംഭരണശാലകൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഹൂതി ആക്രമണ സാഹചര്യത്തിലാണ് സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ആക്രമണത്തിന്റെ വെളിച്ചത്തിൽ ആഗോള വിപണികളിലേക്കുള്ള എണ്ണ വിതരണത്തിലെ കുറവിന്റെ ഉത്തരവാദിത്തം സൗദി അറേബ്യ വഹിക്കില്ല. ഭീകരരായ ഹൂതികൾക്ക് ബാലിസ്റ്റിക് മിസൈലും സാങ്കേതിക വിദ്യകളും അത്യാധുനിക ഡ്രോൺ വിമാനങ്ങളും നൽകുന്നത് ഇറാൻ തുടരുന്നതിലെ അപകടത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹം ബോധവാന്മാരാകേണ്ടതിന്റെ പ്രധാന്യം രാജ്യം ഊന്നിപ്പറയുന്നു.
രാജ്യത്തെ എണ്ണ, വാതക, അനുബന്ധ ഉൽപ്പാദന സൈറ്റുകളും അവയുടെ വിതരണവുമാണ് ഹൂതികൾ ലക്ഷ്യമിടുന്നത്. ഇത് എണ്ണ ഉൽപ്പാദനം, സംസ്കരണം, ശുദ്ധീകരണം എന്നീ മേഖലകളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. രാജ്യത്തിന്റെ ഉൽപാദന ശേഷിയിലും അതിന്റെ ബാധ്യതകൾ നിറവേറ്റാനുള്ള കഴിവിലും സ്വാധീനം ചെലുത്തുമെന്നും സൗദി വിദേശ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
ആഗോള വിപണികളിലേക്കുള്ള ഊർജ്ജ വിതരണത്തിന്റെ സുരക്ഷിതത്തിനും സ്ഥിരതക്കും ഇത് ഭീഷണിയാകുമെന്നതിൽ സംശയമില്ല. ഊർജ്ജ വിതരണം നിലനിർത്തുന്നതിനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കേണ്ടതിന്റെയും ഹൂതി മിലിഷ്യയ്‌ക്കെതിരെ ഉറച്ചുനിൽക്കുകയും അവരുടെ അട്ടിമറി ആക്രമണങ്ങളിൽ നിന്ന് അവരെ പിന്തിരിപ്പിക്കേണ്ടതിന്റെയും പ്രധാന്യം വിദേശകാര്യ വൃത്തങ്ങൾ വിശദമാക്കി.
ആഗോള വിപണിയിലെ വളരെ സങ്കീർണമായ ഈ സാഹചര്യത്തിൽ പെട്രോളിയം വിതരണത്തിന്റെ സുരക്ഷയ്ക്ക് നേരിട്ട് ഭീഷണി ഉയർത്തുന്നതാണ് ഹൂതികളുടെ തുടർച്ചയായുള്ള ആക്രമണമെന്നും വിദേശകാര്യ വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.