യുദ്ധങ്ങളെ എന്നും ലോകം ഭീതിയോടെയാണ് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. പരസ്പരം നഷ്ടങ്ങൾ മാത്രമവശേഷിപ്പിച്ച് വിജയികളും പരാജിതരും തമ്മിൽ കൊമ്പുകോർക്കുമ്പോൾ എങ്ങനെയാണ് ലോകത്തിലെ വെറും സാധാരണ ജനങ്ങൾക്ക് മനസ്സമാധാനത്തോടെ ഇരിക്കാൻ കഴിയുക? അവസാനം അവ അവശേഷിപ്പിക്കുന്ന പാടുകൾ വരുംതലമുറകളിലേക്കുകൂടി കൈമാറിക്കൈമാറി..!
പറഞ്ഞുവന്നത്, യുദ്ധസന്നാഹങ്ങളുള്ള, ആയുധങ്ങളും പരിവാരങ്ങളുമുള്ള വൻ രാജ്യങ്ങളെക്കുറിച്ചാണ്. ഇതൊന്നുമില്ലാത്ത വെറും സാധാരണ ജനങ്ങൾ നിവസിക്കുന്ന ഒരു പ്രദേശത്തെ ഒന്നടങ്കം നശിപ്പിച്ച് കൊന്നൊടുക്കി കൈപ്പിടിയിലൊതുക്കാൻ വെമ്പുന്ന സയണിസ്റ്റ് തീവ്രവാദികളുടെ അതിനീചമായ കടന്നുകയറ്റത്തെക്കുറിച്ചല്ല. അവരുടെ മുടന്തൻ ന്യായത്തെ കൈയടിച്ച് പാസാക്കുന്ന അമേരിക്കപോലുള്ള വൻശക്തികളെക്കുറിച്ചുമല്ല.
‘ദൈവമേ! എവിടെയാണ് നിെൻറ നീതി, എവിടെനിന്നാണ് നിെൻറ സഹായ’മെന്നറിയാതെ ഉഴറിയുരുകിയൊലിക്കുന്ന ഒരു രാജ്യത്തിെൻറ (പലസ്തീൻ എന്ന വെട്ടിച്ചുരുക്കിയ ചെറിയ പ്രദേശം) നിസ്സഹായതയിൽ ഉൾവേദനയോടെ കാതോർത്തിരിക്കുന്ന ഒരു ലോകം! ഇങ്ങനെയും അന്യായത്തെ കൂട്ടുപിടിക്കുന്ന ഈ ലോകത്തെ, അല്ലെങ്കിൽ ഇവയൊന്നും നമ്മെ ബാധിക്കുന്ന പ്രശ്നമേയല്ല എന്നു ചിന്തിച്ച് സ്വയം മുഴുകുന്ന മനുഷ്യരെ, മനുഷ്യത്വമുള്ള മനുഷ്യർക്കു പിന്തുണക്കാനാകുമോ?!
മധ്യപൗരസ്ത്യ മേഖലയിൽ ജീവിക്കുന്ന ഒരു പ്രവാസിയെന്ന നിലയിൽ വളരെയധികം സംഘർഷങ്ങളാണ് ഇസ്രായേൽ-ഗസ്സ യുദ്ധം ഉള്ളിൽ നിറക്കുന്നത്. ലോകത്ത് ഏതു പ്രകൃതിദുരന്തങ്ങളും അനീതികളും സംഭവിക്കുമ്പോൾ, അതിലൊക്കെയും ഔദാര്യപൂർവം ഇടപെടുന്ന അറബ് രാജ്യങ്ങൾ ഈ വിഷയത്തിൽ ലോകത്തെ ചൂണ്ടിക്കാണിക്കുന്നത്, അക്രമിയുടെ പൈശാചികതയിൽനിന്നും കുറച്ചു പാവം മനുഷ്യരുടെ ജീവനും ജീവിതവും തേടുന്ന നീതിയെക്കുറിച്ചാണ്.
ഏതുനിമിഷവും തന്നിലേക്കു പതിക്കാവുന്ന ബോംബുകളെയും മാരകായുധങ്ങളെയും കുറിച്ച് വേവലാതിപ്പെടുന്ന നിഷ്കളങ്കരായ കുട്ടികളെക്കുറിച്ചാണ്. വീടും കുടുംബവും മക്കളും അന്യായമായി നഷ്ടപ്പെട്ട ആയിരങ്ങളുടെ വേദനകളെക്കുറിച്ചാണ്. എവിടെനിന്നാണ് അവർക്ക് നീതി ലഭിക്കുക എന്നാണ് അവർ ലോകത്തോട് ചോദിച്ചുകൊണ്ടേയിരിക്കുന്നത്.
പണവും സ്വാധീനവുമാണ് ഇന്ന് ഈ ലോകത്തെ ഭരിക്കുന്നത്. അവിടെ മനുഷ്യത്വം പ്രതീക്ഷിക്കരുത്. ഈ ജീവനും ജീവിതവും മരണംകൊണ്ടവസാനിക്കും. എത്രയെത്ര രാജാക്കന്മാരെ നാം ചരിത്രത്തിൽ കണ്ടിരിക്കുന്നു? വെട്ടിപ്പിടിച്ച സാമ്രാജ്യങ്ങൾക്കുമേൽ ഒന്നും ശേഷിപ്പിക്കാതെ ഒരു പേരു മാത്രം അവശേഷിപ്പിച്ച് കടന്നുപോയ മഹാരഥന്മാർ. കുപ്രസിദ്ധരും സുപ്രസിദ്ധരുമായ ലോക നേതാക്കൾ, ഭരണാധിപന്മാർ. ഇവരുടെയൊക്കെ ജീവിതത്തിൽനിന്ന് പാഠമുൾക്കൊണ്ട് ജീവിക്കാൻ ശരാശരി വിവേകമെങ്കിലും ഓരോ മനുഷ്യനുമുണ്ടാകണം. നാം ജീവിക്കുന്ന പ്രകൃതിയോട്, അവെൻറ ചുറ്റുപാടുകളോട്, സഹജീവികളോട് സ്നേഹം വേണം. ഉൽകൃഷ്ടമായ സ്വഭാവഗുണങ്ങൾ വേണം. ഇവയൊക്കെയും ഈ പ്രവാസം എനിക്ക് സമ്മാനിക്കുന്നു. മനോഹരമായ മനസ്സുള്ള ലോകമുള്ളിടത്തോളം, പ്രാർഥനകൾ ദൈവസന്നിധിയിലേക്കെത്തുക തന്നെ ചെയ്യും. ഫലസ്തീനെന്ന ചെറു രാജ്യത്തിനുവേണ്ടി, ഹൃദയത്തിൽ വെളിച്ചം സൂക്ഷിക്കുന്ന ഈ ലോകത്തിലെ ഓരോ മനുഷ്യനുമൊപ്പം നമുക്ക് ഒന്നിച്ചു കൈകോർക്കാം. അടിച്ചമർത്തപ്പെട്ടവെൻറ വേദനയേക്കാൾ വലിയൊരു വേദന ഈ ലോകത്തില്ല.
അവെൻറ ആവശ്യങ്ങളേക്കാൾ നിവർത്തിച്ചുകൊടുക്കേണ്ട ഒരാവശ്യവും ഈ ഭൂമിയിലില്ല. ഗൾഫ് രാജ്യങ്ങൾ അവരെ കൈയയച്ച് സഹായിക്കുമെന്നറിയാം. അഭയം നൽകുമെന്നറിയാം. എങ്കിലും സ്വന്തം വീടു നഷ്ടപ്പെട്ട, വേണ്ടപ്പെട്ടവർ നഷ്ടപ്പെട്ട, നാട് നഷ്ടപ്പെട്ട വേദന ആ ജനത എങ്ങനെ മറക്കാനാണ്?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.