ജിദ്ദ: ഇന്ത്യൻ കലാരൂപങ്ങൾ പ്രവാസത്തിലും അന്യം നിന്നുപോകാതേയും കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ ജിദ്ദയിൽ ആരംഭിച്ച ലൈസൻസോടുകൂടിയ ആദ്യ കലാവിദ്യാലയമായ ഗുഡ്ഹോപ് ആർട്സ് അക്കാദമിയുടെ ഔദ്യോഗിക ഉദ്ഘാടനം കലാപ്രേമികളുടെ മഹോത്സവമായി. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടന്ന പരിപാടിക്കെത്തിയ നിറഞ്ഞു കവിഞ്ഞ ജനസാഗരത്തിന് മുമ്പിൽ പ്രശസ്ത സംവിധായകനും അക്കാദമിയുടെ ക്രിയേറ്റീവ് ഡയറക്ടറുമായ നാദിർഷ അക്കാദമിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
പ്രശസ്ത കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായിരുന്നു, കലാകാരന്മാരായ ജയരാജ് വാര്യർ, നിസ്സാം കോഴിക്കോട്, നർത്തകിമാരായ പാരിസ് ലക്ഷ്മി, ഇനിയ, ഗായകരായ സിയാഹുൽ ഹഖ്, ദാന റാസിഖ്, അക്കാദമി ഡയറക്ടർ ഡോ. അബ്ദുൽ ഹമീദ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ചാണ് ഉദ്ഘാടന കർമം നടന്നത്. അക്കാദമി അധ്യാപകരായ പുഷ്പ സുരേഷ്, ഗഫാർ കലാഭവൻ, ഗീത, സുമിജ, കൃഷ്ണേന്ദു, ആമിന ബിജു, അൻസിഫ് അബൂബക്കർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജിദ്ദയിലെ രാഷ്ട്രീയ, സാമൂഹികരംഗത്തുള്ളവർ ആശംസകൾ നേർന്നു. അക്കാദമി ഡയറക്ടർ ഷിബു തിരുവനന്തപുരം നന്ദി പറഞ്ഞു. ഗുഡ്ഹോപ്പ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ജുനൈസ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
ജുബൈലിൽനിന്നുള്ള നാട്ടരങ് കലാസംഘത്തിന്റെ ശിങ്കാരി മേളം, ശിങ്കാരി കാവടി, തെയ്യം പോലുള്ള വിവിധ കലാരൂപങ്ങൾ, നാടൻ പാട്ടുകൾ എന്നിവയോടെയായിരുന്നു സാംസ്കാരിക പരിപാടികളുടെ ആരംഭം. വിവിധ നൃത്തരൂപങ്ങൾ, യോഗ, ആയോധന കലകൾ എന്നിവ ഉൾപ്പെടുത്തിയുള്ള സദസ്സിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള സംഘനൃത്തം, കൃഷ്ണേന്തു ടീച്ചർ അവതരിപ്പിച്ച മോഹിനിയാട്ടം, പുഷ്പ സുരേഷ് അണിയിച്ചൊരുക്കിയ ഭരതനാട്യം, സുമിജ, കൃഷ്ണേന്ദു എന്നിവർ ചിട്ടപ്പെടുത്തിയ സംഘനൃത്തങ്ങൾ, അൻസിഫ് അബൂബക്കർ ചിട്ടപ്പെടുത്തിയ ഹിപ് ഹോപ് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, മുരുകൻ കാട്ടാക്കടയുടെ 'സൂര്യകാന്തി നോവ്' എന്ന പ്രശസ്ത കവിതയുടെ ദൃശ്യാവിഷ്കാരം എന്നിവ സദസ്സ് ഹർഷാരവത്തോടെ എതിരേറ്റു. മുരുകൻ കാട്ടാക്കടയുടെ കവിതാലാപനം, നാദിർഷ, സിയാഹുൽ ഹഖ്, ദാന റാസിഖ് എന്നിവരുടെ ഗാനങ്ങൾ, ജയരാജ് വാര്യർ, നിസ്സാം കോഴിക്കോട് എന്നിവരുടെ കലാപ്രകടനം, പാരിസ് ലക്ഷ്മിയുടെ നൃത്തം എന്നിവയും പരിപാടിയുടെ മികവുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.