കേരള ബജറ്റിനെപോലും വർഗീയവത്കരിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞദിവസം കാണാനിടയായി. വർഗീയത വ്യാപനം ചെയ്യുന്നതിൽ കുപ്രസിദ്ധി നേടിയ ‘കാസ’ എന്ന സംഘ്പരിവാർ സ്പോൺസേഡ് തീവ്രവർഗീയ സംഘടനയുടെ പോസ്റ്റായിരുന്നു അത്. അടഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക അധിക നികുതി ഏർപ്പെടുത്താനുള്ള ബജറ്റിലെ തീരുമാനത്തിന് പിന്നിൽ ഇടത്-ജിഹാദി സഖ്യത്തിന്റെ ഗൂഢലക്ഷ്യം എന്നായിരുന്നു അതിൽ പറഞ്ഞിരിക്കുന്നത്.
ഉടമസ്ഥർ കുടുംബസമേതം വിദേശത്തായതിനാൽ കേരളത്തിൽ ഏറ്റവും അധികം വീടുകൾ താമസമില്ലാതെ അടഞ്ഞുകിടക്കുന്നത് ക്രിസ്ത്യൻ സമുദായത്തിന്റെ മാത്രമാണെന്നും ഈ വീടുകളും സ്ഥലങ്ങളും ചുളുവിലയ്ക്ക് വാങ്ങിയെടുക്കുക എന്നുള്ള ലക്ഷ്യമാണ് ജിഹാദികളുടേതെന്നും അതിന് സഹായം ചെയ്തുകൊടുക്കാനുള്ള നീക്കമാണ് കേരളസർക്കാർ ഇത്തവണത്തെ ബജറ്റിലൂടെ നടത്തിയിരിക്കുന്നതെന്നുമുള്ള വിഷലിപ്ത പരാമർശങ്ങളാണ് ആ പോസ്റ്റിലുള്ളത്.
ഈ വർഷത്തെ കേരളസർക്കാറിന്റെ ബജറ്റ് പതിവിലും കവിഞ്ഞ വിമർശന വിധേയമാണെന്നത് ഒരു വസ്തുതയാണ്. ബജറ്റിലെ ന്യൂനതകൾ പൊക്കിപ്പിടിച്ച് ഒരു കീഴ്വഴക്കംപോലെ പ്രതിപക്ഷം സാധാരണ നടത്തിവരുന്ന അതൃപ്തിക്കപ്പുറം പൊതുജനങ്ങളും മാധ്യമങ്ങളും മാത്രമല്ല, ഭരണപക്ഷത്തെ പ്രമുഖർ പോലും അസ്വസ്ഥരാണെന്ന് നമുക്ക് കാണാൻ കഴിയും. ബജറ്റ് സമ്മേളനം നടക്കാനിരിക്കെ ചില ഇളവുകളെങ്കിലും ജനങ്ങൾ പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ ‘കാസ’ ഉയർത്തിയ ഈ ആരോപണം തീർത്തും ബജറ്റിനെ വിമർശിക്കുക എന്നതിന്റെ മറവിൽ വർഗീയത വിളമ്പുക എന്ന ലക്ഷ്യം മാത്രമാണ്. ആ കാര്യത്തിൽ സംഘപരിവാരം നാണിക്കുംവിധം കാസ തങ്ങളുടെ സ്വൈര്യവിഹാരം തുടരുകയാണ്. സാമൂഹികാന്തരീക്ഷം മലിനമാക്കാൻ കാരണമാകുന്ന ഇത്തരം ജൽപനങ്ങൾ, നിർഭയം നടത്താനുള്ള സംരക്ഷണം അധികാരികളിൽനിന്ന് ലഭിക്കുമെന്ന മുൻ അനുഭവമായിരിക്കും ഇത്തരം വിഷലിപ്തമായ പ്രസ്താവനകൾ തുടർക്കഥയാക്കുന്നതിന് പിന്നിൽ.
ഇന്നേവരെ ആധികാരികമായി തെളിയിക്കാൻ കഴിയാത്ത നാർക്കോട്ടിക് ജിഹാദ് വിവാദം ഒരു ബിഷപ് തന്നെ നിരുത്തരവാദമായി നടത്തിയപ്പോൾ അദ്ദേഹത്തിന് പണ്ഡിത പരിവേഷം നൽകാനാണ് സർക്കാർ തയാറായതെന്ന് കേരളം കണ്ടതാണ്.
കാസയുടെ നടപടി ഒരു പഴമൊഴിയെയാണ് ഓർമപ്പെടുത്തുന്നത്. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും കൊതുകിന് ചോരതന്നെ കൗതുകം. നികുതിയുമായി ബന്ധപ്പെട്ടും ബജറ്റിലെ പോരായ്മകളെ കുറിച്ചും എത്രയും പറയാനുണ്ടെന്നിരിക്കെ വർഗീയത തിരുകിക്കയറ്റാനുള്ള ത്വര ഈ ദുഷ്ടചിന്തയുടെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.