കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്തോടുന്ന സമീപനമാണ് ഏക സിവിൽ കോഡ് വിഷയത്തിൽ രാജ്യമാകെ ഉയർന്നുവരുന്ന ചർച്ചകൾ. ഇതുതന്നെയാണ് സംഘ് രാഷ്ട്രീയം ഏക സിവിൽ കോഡിലൂടെ ലക്ഷ്യം വെക്കുന്നതും. കേട്ടപാതി കേൾക്കാത്ത പാതി വൈകാരികമായി ഇറങ്ങി പുറപ്പെടുന്ന മുസ്ലിം സമുദായം മറ്റുള്ളവർ സംവിധാനിക്കുന്ന അജണ്ടയനുസരിച്ച് മുന്നോട്ടുപോകേണ്ടതുണ്ടോ എന്ന് ഇനിയെങ്കിലും ചിന്തിക്കണം. ഏറെ വൈജാത്യങ്ങളും വൈവിധ്യങ്ങളും നിറഞ്ഞ ഒരു രാജ്യത്ത് ഇങ്ങനെയൊരു ഏകീകൃത സിവിൽ കോഡ് അടിച്ചേൽപിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതം എത്രത്തോളമുണ്ടായിരിക്കുമെന്ന് ഭരിക്കുന്നവർക്കു പോലുമറിയാം.
പക്ഷേ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ രാജ്യത്ത് വിഭജന രാഷ്ട്രീയത്തിലൂടെ നേട്ടം കൊയ്യാമെന്ന ഫാഷിസ്റ്റ് കുബുദ്ധിയാണ് ഇതിനു പിന്നിലെന്ന് പകൽപോലെ വ്യക്തം. ന്യൂനപക്ഷങ്ങളും ആദിവാസികളുമടങ്ങുന്ന വലിയൊരു ജനവിഭാഗത്തെ നേരിട്ട് ബാധിക്കുന്ന യൂനിഫോം സിവിൽ കോഡ് മുസ്ലിംകൾക്കെതിരെയുള്ള ആയുധമെന്ന നിലയിലാണ് സംഘ് കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്. അതുവഴി ഹിന്ദുവോട്ടുകൾ ഏകീകരിക്കുകയും തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാമെന്ന് കണക്കുകൂട്ടുകയും ചെയ്യുന്നു. പണപ്പെരുപ്പവും ഇന്ധന, പാചകവാതക വിലവർധനയും തൊഴിലില്ലായ്മയുമൊക്കെ വരിഞ്ഞുമുറുക്കുന്ന രാജ്യത്തെ സാധാരണക്കാരുടെ കണ്ണിൽ പൊടിയിടാനുള്ള ചെപ്പടിവിദ്യ.
സംഘ്പരിവാർ കുഴിച്ച കുഴിയിൽ വീഴാതെ മുസ്ലിം സംഘടനകൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. പൗരത്വ വിഷയത്തിൽ തെരുവിലിറങ്ങിയ മുസ്ലിം സമുദായത്തിനുണ്ടായ നഷ്ടങ്ങളും അതുവഴി സംഘ്പരിവാറിനുണ്ടായ നേട്ടങ്ങളും കാണാതെ പോകരുത്.
രാജ്യത്തെ മിക്ക സ്ഥലങ്ങളിലും പൗരത്വ സമരങ്ങളുടെ പേരിൽ മുസ്ലിം സമുദായം ഇപ്പോഴും കേസുകളിൽ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഉമർ ഖാലിദിനെ പോലെയുള്ള നിരവധി ചെറുപ്പക്കാർ ഇപ്പോഴും കാരാഗൃഹത്തിൽനിന്ന് പുറത്തിറങ്ങിയിട്ടില്ല. കേരളത്തിൽ പോലും നൂറുകണക്കിന് കേസുകൾ പൗരത്വ സമരത്തിന്റെ പേരിൽ നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് മുസ്ലിംകൾ കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്ന് പറയേണ്ടിവരുന്നത്.
കേരളത്തിൽ സി.പി.എം സംഘടിപ്പിച്ച സെമിനാർ ഇതൊരു മുസ്ലിം പ്രശ്നമാണെന്ന് അഡ്രസ് ചെയ്യുന്നതിൽ വിജയിച്ചു. അതുതന്നെയാണ് ബി.ജെ.പി ലക്ഷ്യം വെക്കുന്നതും. ക്രിസ്ത്യൻ മതസംഘടനകൾക്ക് എന്തുകൊണ്ട് ഈ സെമിനാറിൽ വേണ്ടത്ര പ്രാധാന്യമുണ്ടാകുന്നില്ല? അവരുടെ സാന്നിധ്യവും അസാന്നിധ്യവും എന്തുകൊണ്ട് ചർച്ച ചെയ്യപ്പെടുന്നില്ല? അവിടെയാണ് സംഘ് രാഷ്ട്രീയം വിജയിക്കുന്നത്.
ഓരോ രാഷ്ട്രീയ പാർട്ടിക്കും അവരുടെ രാഷ്ട്രീയ നിലപാടുകളുണ്ടാവും. അതിനനുസരിച്ച് ആടാനിറങ്ങിയാൽ സമുദായത്തെ വെച്ച് നേട്ടമുണ്ടാക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കു മുന്നിൽ ഇനിയും കോമാളിവേഷം കെട്ടാൻ മാത്രമേ സമുദായത്തിന് സമയമുണ്ടാകൂ. കലുഷിതമായ കാലത്ത് വിവേകത്തോടെ സമുദായത്തെ നയിക്കാൻ മുസ്ലിം മത നേതൃത്വങ്ങൾക്കാവുന്നില്ലെങ്കിൽ ആരെങ്കിലും തെളിക്കുന്ന വഴിയിൽ തലകുനിച്ച് നടക്കേണ്ടിവരുമെന്നതിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.