സ്ഥിരമായി സാധനങ്ങൾ വാങ്ങാറുള്ള സൂപ്പർ മാർക്കറ്റിലേക്ക് അന്ന് ഞാൻ സാധനം വാങ്ങാൻ പോയപ്പോൾ, അവിടെയുള്ള യമനി ഒരു ഇംഗ്ലീഷ് പത്രം എന്റെ നേരെ നീട്ടിയിട്ട് പറഞ്ഞു ‘ഐബ് ഹാദാ ഐബ്...’ (മോശമായിപ്പോയി, ഇത് വളരെ മോശമായിപ്പോയി). പത്രത്തിലേക്ക് ഞാൻ ഒന്ന് നോക്കിയപ്പോഴാണ് മണിപ്പൂരിലെ വാർത്ത കണ്ടത്. ‘ആയിരം പേർ ചേർന്ന് രണ്ടു പെണ്ണുങ്ങളെ... അവർക്ക് പെങ്ങളില്ലേ, അവർക്ക് ഉമ്മയില്ലേ?’ അവൻ അതിനെക്കുറിച്ച് കൂടുതൽ പറയും മുമ്പേ ‘അന മാഫി ഹിന്ദി അന കേരള’ എന്നും പറഞ്ഞ് ഞാൻ അവിടന്ന് സ്ഥലംവിട്ടു.
നൂറോളം വരുന്ന ആൾകൂട്ടത്തിന് നടുവിലൂടെ കുക്കി യുവതികളെ നഗ്നരാക്കി കിലോമീറ്ററുകളോളം നടത്തിച്ചുകൊണ്ട് പോവുന്നു. അരുതെന്ന് കരഞ്ഞുപറഞ്ഞവരെയും തടയാൻ ശ്രമിച്ചവരെയും ഇരുമ്പുവടികൊണ്ടും തൃശൂലംകൊണ്ടും തലയ്ക്കടിച്ചുകൊല്ലുന്നു. ഉറ്റവരുടെ കൊലപാതകം നേരില്‍ കാണുകയും പിന്നീട് പീഡനത്തിന് ഇരയാവുകയും ചെയ്യേണ്ടി വരുന്ന സ്ത്രീകൾ. ഇതുപോലെ ഒന്നും രണ്ടുമല്ല നിരവധി സ്ത്രീകളെയാണ് അതിക്രൂരമായി ബലാത്സംഗം ചെയ്തത്. ഒരു കുക്കി യുവാവിന്റെ വെട്ടിയെടുത്ത തലയുമായി അക്രമി നടക്കുന്നതും അത് മതിലിൽ കുത്തിനിർത്തുന്നതും നാം സമൂഹമാധ്യമങ്ങളിൽ കണ്ടതാണ്.
തലക്കു വെടിയേറ്റ ഒരു കുട്ടിയെ ഇംഫാലിലേക്ക് ചികിത്സക്ക് കൊണ്ടുപോയ മൂന്നംഗ കുടുംബത്തെ അതേ ആംബുലന്‍സിന് തീയിട്ടു ചുട്ടുകൊന്നു. യുദ്ധഭൂമിയില്‍പോലും നടക്കാത്ത അതിഭയാനകമായ സമാനതകളില്ലാത്ത ക്രൂരതയുടെ മറ്റൊരു മുഖം... മണിപ്പൂർ ഇതുപോലെ നിന്നുകത്താൻ തുടങ്ങിയിട്ട് രണ്ടു മാസത്തിലധികമായി. ആക്രമിക്കപ്പെട്ട വീടുകൾക്കോ വ്യാപാര സ്ഥാപനങ്ങൾക്കോ കൊല്ലപ്പെട്ട മനുഷ്യരുടെ എണ്ണത്തിനുപോലും ഇപ്പോഴും കണക്ക് വ്യക്തമല്ല. മണിപ്പൂരിലെ നരനായാട്ടിൽ രാജ്യം വിറങ്ങലിക്കുമ്പോഴും രാജിവെക്കില്ലെന്ന് ആവർത്തിച്ച് മണിപ്പൂർ മുഖ്യമന്ത്രി. ലോകത്തിനു മുന്നിൽ നാണം കെട്ടു തലകുനിച്ചുനിൽക്കുമ്പോഴും പ്രധാനമന്ത്രി വിദേശരാജ്യങ്ങളിൽ ചുറ്റിക്കറങ്ങുകയായിരുന്നു. കലാപം ശമിപ്പിക്കാൻ ഒന്നും ചെയ്തില്ല. ഫാഷിസ്റ്റുകൾ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച മുസ്ലിംകൾക്കും ക്രൈസ്തവർക്കും എതിരെ രാജ്യവ്യാപകമായി കൊലയും അക്രമവും ഭീഷണിയും നടക്കുന്നത് ആദ്യത്തെ സംഭവമല്ല.
ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും പൗരന്മാർക്ക് ഭരണഘടന അവകാശം ഉറപ്പുനൽകുന്ന നമ്മുടെ മതേതര ഇന്ത്യ. ആ ഇന്ത്യയിലെ ഒഡിഷയിലാണ് മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും കാറിലിട്ട് ചുട്ടുകൊന്നത്. കൊല്‍ക്കത്ത മുതല്‍ നെല്ലിയിലും ഹാശിംപുരയിലും മീററ്റിലും ഭഗൽപുരിലും അസമിലും ഗുജറാത്തിലും ആയിരക്കണക്കിന് മുസ്ലിംകളെ കൊന്നും സ്ത്രീകളെ ബലാത്സംഗം ചെയ്തും ന്യൂനപക്ഷങ്ങളെ വംശഹത്യ നടത്തുന്ന ഫാഷിസം... അതിന് ചൂട്ടുപിടിക്കുന്ന ഭരണകൂടവും.
ദലിതന്റെ തലയിൽ മലമൂത്രവിസർജനം നടത്തുന്നു, ദുരഭിമാന കൊലകൾ, മുസ്ലിം വീടുകൾ ബുൾഡോസർ കയറ്റി തകർക്കുന്നു. എതിർശബ്ദങ്ങളെ കരിനിയമങ്ങൾ ചാർത്തി കാരാഗൃഹത്തിലടക്കുന്നു. ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുന്നു, ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടും പശുവിന്റെ പേരിലും ആൾക്കൂട്ട കൊലപാതകങ്ങളിലൂടെയും വംശഹത്യകളിലൂടെയും നിർമിച്ചെടുക്കുന്ന മോദിയുടെ ഇന്ത്യ. ലോകത്തിനു മുന്നിൽ ഇന്ത്യ തലയുയർത്തിനിൽക്കണമെന്നാണ് ഓരോ ഇന്ത്യൻ പ്രവാസിയും ആഗ്രഹിക്കുന്നത്.
സാഫ് ഫുട്ബാളിൽ ഇന്ത്യ കുവൈത്തിനെ പരാജയപ്പെടുത്തി കപ്പ് നേടിയപ്പോൾ ഞങ്ങൾ മറ്റു രാജ്യക്കാർക്കിടയിൽ തല ഉയർത്തിയാണ് നടന്നത്. അയൽരാജ്യങ്ങളുമായുള്ള ക്രിക്കറ്റ് കളിയിൽ ഇന്ത്യ വിജയിച്ചതിന് അവർക്ക് മധുരം നൽകി മധുര പ്രതികാരം വീട്ടിയ പ്രവാസികൾ. ചന്ദ്രനെ അറിയാൻ ബാഹുബലിയിലേറി ചന്ദ്രയാന്‍-3 കുതിച്ചപ്പോൾ ആ വാർത്ത കണ്ട് ഈജിപ്ഷ്യരും സൗദികളുമൊക്കെ അഭിനന്ദിച്ചപ്പോൾ ഇന്ത്യക്കാരനായതിൽ അഭിമാനം തോന്നിയ നിമിഷം...
എന്നാൽ, ഇന്ന് അതേ തല അവർക്കു മുന്നിൽ കുനിക്കേണ്ടിവന്നു. വംശഹത്യകളിലെ ഇരകൾ മുസ്ലിം, ദലിത്, ക്രിസ്ത്യാനികൾ എന്നിങ്ങനെ പേരും സ്ഥലവും മാറി മാറി വരുമെങ്കിലും പക്ഷേ വേട്ടക്കാർ ഒന്നുതന്നെ, സംഘ്പരിവാർ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.