ജിദ്ദ: ക്രിസ്മസും പുതുവർഷവും ജിദ്ദയിലെ ഇന്ത്യൻ സമൂഹം സംയുക്തമായി ആഘോഷിച്ചു. ഇന്ത്യൻ ക്രിസ്ത്യൻ കമ്യൂണിറ്റി (ഐ.സി.സി) ജിദ്ദയുടെ നേതൃത്വത്തിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടന്ന ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ഉദ്ഘാടനം ചെയ്തു.
ഇന്ത്യയും സൗദിയും കാത്തുസൂക്ഷിക്കുന്ന ദീർഘമായ സൗഹൃദത്തിന്റെ ഫലമായാണ് ഇന്ത്യൻ സമൂഹത്തിന് ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കാൻ സാധിക്കുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കോൺസുലേറ്റ് അങ്കണത്തിൽ കോൺസൽ ജനറലും അദ്ദേഹത്തിന്റെ പത്നിയും കോൺസലർമാരായ ഹംന മറിയം, മുഹമ്മദ് അബ്ദുൽ ജലീൽ, മുഹമ്മദ് ഹാഷിം, ടി. ഹാങ്ഷിങ്, ദീപക്, യാദവ് എന്നിവരും ചേർന്ന് ക്രിസ്മസ് കേക്ക് മുറിച്ചു. വി.വി വർഗീസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ഹാനോക് അഭിനവ് രജപുടി, ഫാ. ജോർജ് വർഗീസ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ മനോജ് മാത്യു അടൂർ സ്വാഗതവും അൽവുറൂദ് സ്കൂൾ പ്രിൻസിപ്പൽ പീറ്റർ റൊണാൾഡ് നന്ദിയും പറഞ്ഞു.
ഐ.സി.സി ക്വയർ ടീമിന്റെ നേതൃത്വത്തിൽ നടന്ന സംഗീത വിരുന്നിന് അജിത് സ്റ്റാൻലി നേതൃത്വം നൽകി. സിറോ മലബാർ ചർച്ച് അസോസിയേഷൻ തിരുപ്പിറവി ദൃശ്യം അവതരിപ്പിച്ചു. ജിദ്ദ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ കരോൾ സർവിസും ക്രിസ്മസ് ഫാദറിന്റെ ആഗമനവും വേദിയെ ഇളക്കി മറിച്ചു. മനോഹരമായ ഗാനങ്ങൾ ആലപിച്ച് ജിദ്ദ മാർത്തോമ ചർച്ച് കോൺഗ്രിഗേഷൻ, ജിദ്ദ പ്രയർ ഗ്രൂപ്, നളദൻ ചർച്ച്, ബൈബിൾ ബേസ്ഡ് ചർച്ച്, ഗ്ലോറിയസ് തെലുഗു ചർച്ച്, വേ ഓഫ് ലൈഫ് ചർച്ചുകൾ എന്നിവർ സംഗീത വിരുന്നൊരുക്കി.
മലങ്കര കാത്തോലിക് മിഷൻ ജിദ്ദ, സെൻറ് മേരിസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ, ലാറ്റിൻ കാത്തലിക് ചർച്ച്, ജിദ്ദ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക, സിറോ മലബാർ ചർച്ച് അസോസിയേഷൻ അംഗങ്ങൾ എന്നിവർ വിവിധ നൃത്തങ്ങൾ അവതരിപ്പിച്ചു. എസ്എം.സി.എ ഒരുക്കിയ പരമ്പരാഗത മാർഗം കളി, സാരെഫാത് പ്രയർ ഗ്രൂപ് അവതരിപ്പിച്ച കോൽക്കളി എന്നിവ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.
സുശീല ജോസഫിന്റെ നേതൃത്വത്തിൽ ആൻഡ്രിയ ലിസ ഷിബു, അനറ്റ് ജിബു ടോം, നിസ്സി ഹാനോക്ക് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ജോസഫ് വർഗീസ്, എൻ.ഐ. ജോസഫ്, സജി സാമുവൽ, ഷിബു ജോർജ്, ജിമ്മി മാത്യു, രാജേഷ് കെ. അലക്സാണ്ടർ, ജോൺസൻ വർഗീസ്, ഷെൽജൻ പാറക്കൽ, എൽദോ ജോയ്, ലിജു രാജു, ജിബു ടോം, റോജി മാത്യു എന്നിവർ വിവിധ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.