റിയാദ്: ഇന്ത്യൻ ഭരണഘടന സ്കൂൾതലം മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് മുസ്ലിം ലീഗ് ട്രഷറർ സി.എച്ച്. ഇബ്രാഹീം കുട്ടി പറഞ്ഞു. റിയാദ് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങളാണ് ലോകത്തിന്റെ സൗന്ദര്യമെന്നും വൈവിധ്യങ്ങളെ ഉൾക്കൊള്ളുകയും ബഹുമാനിക്കുകയും ചെയ്യലാണ് മാനവികതയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം ഭരിക്കുന്നവർ തന്നെ രാജ്യത്തുടനീളം വെറുപ്പും വിദ്വേഷവും വിഭാഗീയതയും ബോധപൂർവം ഇൻജക്ട് ചെയ്തുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് എല്ലാവരെയും ഉൾക്കൊള്ളുന്ന മഹത്തായ ഭാരതം വീണ്ടെടുക്കാൻ ജനാധിപത്യവും മതേതരത്വവും ആത്മാവായി വർത്തിക്കുന്ന മഹത്തായ ഭരണഘടന സ്കൂൾതലം മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യത്തെ മുഴുവൻ പൗരന്മാരെയും പഠിപ്പിക്കലാണ് ഏറ്റവും നല്ല പ്രതിവിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡൻറ് നജീബ് നെല്ലാങ്കണ്ടി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര മണ്ഡലം പ്രസിഡൻറ് അബ്ദുൽ ഗഫൂർ കന്നാട്ടി അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ ഫറോക്ക്, റഷീദ് പടിയങ്ങൽ, ബഷീർ ചാലിക്കര എന്നിവർ സംസാരിച്ചു. സിറാജ് മേപ്പയൂർ സ്വാഗതവും താജുദ്ദീൻ ചേനോളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.