ജിദ്ദ: ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയിലെ ഇന്ത്യൻ കൂട്ടായ്മ മിത്രാസ് വിവിധ കലാപരിപാടികളോടെ വർണശബളമായ ഓണാഘോഷം സംഘടിപ്പിച്ചു. കേരളത്തനിമ ഒട്ടും ചോരാതെ പരിവാരങ്ങളോടും നാദസ്വര താളങ്ങളോടുംകൂടിയുള്ള മഹാബലിയുടെ രാജകീയ എഴുന്നള്ളിപ്പോടുകൂടി ഓണാഘോഷപരിപാടിക്ക് തുടക്കമായി. മിത്രാസ് കൂട്ടായ്മയിലെ വിവിധ കലാകാരന്മാരുടെ നാദസ്വര നൃത്ത വിസ്മയങ്ങൾകൊണ്ട് കണ്ണിനും മനസ്സിനും കുളിരേകി. ഓണാഘോഷ ഭാഗമായി നടന്ന മത്സരങ്ങൾ കുട്ടികളുടെയും മുതിർന്നവരുടെയും സജീവ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. കഥ, കവിതരചന മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണം മുഖ്യാതിഥിയായ എഴുത്തുകാരി രജിയ വീരാൻകുട്ടി നടത്തി.
വിഭവസമൃദ്ധമായ ഓണസദ്യ രുചിവൈവിധ്യങ്ങൾകൊണ്ട് സമ്പന്നമായിരുന്നു. അഞ്ഞൂറോളം ആളുകൾ പങ്കെടുത്ത ഓണാഘോഷ പരിപാടി കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രി ഓങ്കോളജി വിഭാഗം മേധാവി ഡോ. ശാദി അൽ കയ്യാത്ത് ഉദ്ഘാടനം ചെയ്തു. മിത്രാസ് പ്രസിഡൻറ് സബീന റഷീദ് അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ മുസാഫിർ മുഖ്യപ്രഭാഷണം നടത്തി. ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ് പ്രതിനിധി ബേബി തോമസ്, കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രി നഴ്സ് മാനേജർ സദത്ത് അബ്ദുല്ല, ഡെപ്യൂട്ടി ഹെഡ് നഴ്സ് താരീഖ് അൽ സഹറാനി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മിത്രാസ് സെക്രട്ടറി നിധിൻ ജോർജ് സ്വാഗതവും വൈസ് പ്രസിഡൻറ് അഫ്സൽ റഹ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.