ഹാജിമാർക്ക് പുണ്യസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള മഷാഇർ മെട്രോ ട്രെയിൻ

മക്ക: ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ മുഴുവൻ തീർഥാടകർക്കും മഷാഇർ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാൻ ഹജ്ജ് മന്ത്രാലയം അനുമതി നൽകി. ഇതാദ്യമായാണ് ഇന്ത്യയിൽനിന്നുള്ള എല്ലാ ഹാജിമാർക്കും മെട്രോയിലെ യാത്രാസൗകര്യം ലഭിക്കുന്നത്. നേരത്തെ പകുതിയിലധികം തീർഥാടകരും ബസുകളിലായിരുന്നു ഹജ്ജ് ചടങ്ങുകൾ നടക്കുന്ന പുണ്യസ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിരുന്നത്.

ഹജ്ജ് ചടങ്ങുകൾ നടക്കുന്ന പുണ്യസ്ഥലങ്ങളായ അറഫ, മിന, മുസ്ദലിഫ, ജംറ എന്നിവിടങ്ങളിലാണ് ഹജ്ജ് ദിനങ്ങളിൽ ഹാജിമാർക്ക് യാത്ര ചെയ്യാനുള്ളത്. ഹജ്ജ് ദിവസങ്ങളിൽ യാത്രയും താമസവും ഭക്ഷണവും ഒരുക്കുന്നത് ഹജ്ജ് സർവിസ് കമ്പനികളുടെ ചുമതലയിൽ പെട്ടതാണ്. മെട്രോ സൗകര്യം ലഭിക്കുന്നതോടെ തീർഥാടകരുടെ യാത്ര എളുപ്പമാവും.

അസീസിയക്കും മസ്ജിദുിൽ ഹറാമിനും ഇടയിൽ ഇന്ത്യൻ മിഷൻ ഏർപ്പെടുത്തിയ 24 മണിക്കൂർ ബസ് സർവിസ്

മുൻ വർഷങ്ങളിൽ അറഫയിൽ തീർഥാടകർ നേരത്തെ എത്താത്ത പരാതികൾ ഉണ്ടായിരുന്നു. മെട്രോയിൽ യാത്ര ചെയ്യാൻ വേണ്ടി ടിക്കറ്റുകൾ ദുൽഹജ്ജ് ഏഴിന് മുമ്പായി അതത് ബ്രാഞ്ചുകളിലെ ഖാദിമുൽ ഹുജ്ജാജുമാർ (ഇന്ത്യയിൽ നിന്നും വന്ന വളന്റിയർമാർ) വഴി വിതരണം ചെയ്യും. ഹജ്ജ് ചടങ്ങുകൾ നടക്കുന്ന ഏഴ് ദിവസവും ഹാജിമാർക്ക് ചടങ്ങുകൾ നടക്കുന്ന പുണ്യസ്ഥലങ്ങൾക്കിടയിൽ മെട്രോ ട്രെയിൻ ടിക്കറ്റ് ഉപയോഗിച്ചു യാത്ര ചെയാം. 10 ഹജ്ജ് സർവിസ് കമ്പനി (മക്തബ്)കൾക്ക് കിഴിലാണ് ഇത്തവണ ഇന്ത്യൻ തീർഥാടകർ ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നത്.

10, 16, 17, 18 എന്നീ നമ്പറുകളിലെ മക്തബുകൾക്ക് കീഴിലാണ് മലയാളി തീർഥാടകർ ഹജ്ജ് നിർവഹിക്കുന്നത്. മിനായിൽ ഇന്ത്യൻ ഹാജിമാർക്കുള്ള തമ്പുകളുടെ ഒരുക്കം അവസാന ഘട്ടത്തിലാണ്. ഇന്ത്യയിൽനിന്നും അവശേഷിക്കുന്ന മുഴുവൻ തീർഥാടകരും ഞായറാഴ്ച എത്തും. മുംബൈയിൽ നിന്ന് 113 ഉം അഹമ്മദാബാദിൽ നിന്നും 377ഉം തീർഥാടകരാണ് ഞായറാഴ്ച അവസാന വിമാനങ്ങളിലായി ജിദ്ദയിൽ ഇറങ്ങുന്നത്. ഹജ്ജ് മിഷൻ നിലവിൽ ഒരുക്കിയ ഹറമിലേക്കും തിരികെ താമസസ്ഥലമായ അസീസിയയിലേക്കുമുള്ള 24 മണിക്കൂർ ബസ് സർവിസ് ഞായറാഴ്ച അവസാനിക്കും. ഹജ്ജിന്റെ ദിനങ്ങൾ അടുത്തതോടെ തിരക്കൊഴിവാക്കാനാണ് തീരുമാനം.

വരുംദിനങ്ങളിൽ ഹാജിമാർ അസീസിയയിലെ താമസസ്ഥലത്ത് ആരാധനകളിലും പ്രാർഥനകളിലുമായി കഴിഞ്ഞുകൂടും. നമസ്കാരങ്ങൾക്കായി അടുത്തുള്ള പള്ളികളെയായിരിക്കും ആശ്രയിക്കുക. മസ്ജിദ് ഉൾപ്പെടെയുള്ള വിശദമായ അസീസിയ റൂട്ട് മാപ്പ് നേരത്തെ ഹജ്ജ് മിഷൻ പുറത്തിറക്കിയിരുന്നു. ദുൽഹജ്ജ് ഏഴിന് അർദ്ധരാത്രിയോടെ തീർഥാടകരെ മിനായിൽ ഹജ്ജ് സർവിസ് കമ്പനികൾ എത്തിക്കും.

Tags:    
News Summary - Indian pilgrims can travel in Al Mashaaer Metro this time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.