റിയാദ്: ഇന്ത്യൻ ടൂറിസ്റ്റ് വിസാ നടപടിക്രമങ്ങളിൽ നടപ്പായ പുതിയ നിബന്ധനകൾ വിനോദ സഞ്ചാര മേഖലക്ക് കനത്ത തിരിച്ചടിയാകുന്നു. കഴിഞ്ഞ വർഷം നിലവിൽ വന്ന പുതിയ വ്യവസ്ഥകളാണ് സൗദിയുൾപ്പെടെ ചില ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളെ പിന്തിരിപ്പിക്കുന്നത്. ഇവരുടെ സഞ്ചാരലക്ഷ്യം വഴിതിരിഞ്ഞതോടെ ശ്രീലങ്ക പോലുള്ള രാജ്യങ്ങൾക്ക് അത് ഗുണകരമായി മാറുന്നു. ഗൾഫിൽ വേനലവധി ആരംഭിച്ചിരിക്കെ കേരളത്തിലെ മൺസൂൺ കാലം കണക്കാക്കി വൻതോതിൽ അറബി ടൂറിസ്റ്റുകളുടെ ഒഴുക്കുണ്ടാവേണ്ടതായിരുന്നു.
എന്നാൽ സീസൺ ആരംഭിച്ചിട്ടും ഒരു ചലനവുമില്ലാത്തത് തങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്ന് ട്രാവൽ ആൻഡ് ടൂറിസം ഏജൻസി വൃത്തങ്ങളിലുള്ളവർ തുറന്നുപറയുന്നു. കേരളത്തിെൻറ അതേ കാലാവസ്ഥയും പ്രകൃതി ഭംഗിയുമുള്ള ശ്രീലങ്കയാണ് പകരം തെരഞ്ഞെടുക്കുന്നത്. ഗൾഫിൽ വിസക്ക് അപേക്ഷിക്കാൻ വിദേശികൾക്ക് വിരലടയാളം നിർബന്ധമാക്കിയ നടപടി 2016 ജൂൺ ഒന്ന് മുതലാണ് നടപ്പായത്. ശേഷം ചില നിബന്ധനകൾ കൂടി കൂട്ടിച്ചേർത്തു. മൂന്നുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻറ് ഹാജരാക്കണമെന്നതായിരുന്നു ഒന്ന്. വിസ ഫീസും വർധിപ്പിച്ചു.
ഒാൺലൈൻ വിസയില്ലാത്തതിനാൽ എംബസികളുടെ വിസ കേന്ദ്രങ്ങളിൽ ചെന്ന് ക്യൂനിൽക്കുന്ന പ്രയാസത്തിന് പുറമെ പുതിയ നിബന്ധനകളുണ്ടാക്കുന്ന സങ്കീർണതയും സഞ്ചാരികളുടെ മനസ് മടുപ്പിക്കുന്നതായെന്ന് ഏജൻസി വൃത്തങ്ങൾ പറയുന്നു. ഇന്ത്യ ഇ - ടൂറിസ്റ്റ് വിസ അനുവദിക്കാത്ത രാജ്യങ്ങളിലെ പൗരന്മാർക്കാണ് പുതിയ നിബന്ധനകൾ ബാധകം. ഗൾഫിൽ സൗദി അറേബ്യക്ക് പുറമെ ബഹ്റൈൻ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങൾ ഇ – ടൂറിസ്റ്റ് വിസ (ഇ.ടി.വി) സൗകര്യം ലഭ്യമല്ലാത്ത പട്ടികയിലാണുള്ളത്. മുൻവർഷങ്ങളിൽ അറബി വിനോദ സഞ്ചാരികളുടെ വൻതോതിലുള്ള പ്രവാഹം ഇന്ത്യയിലേക്കുണ്ടായിരുന്നു.
പുതിയ വ്യവസ്ഥകൾ വന്നതോടെ കഴിഞ്ഞ വർഷം അത് മന്ദഗതിയിലാവുകയും ഇപ്പോൾ തീർത്തും നിലച്ച മട്ടിലുമാണ്. സൗദി പൗരന്മാർ ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാന എംബസിയുടെ പുറംകരാർ സ്ഥാപനമായ വി.എഫ്.എസ് ഗ്ലോബലിെൻറ കൗണ്ടറുകളിൽ നേരിട്ടെത്തി വിരലടയാളം അടക്കമുള്ള ജൈവിക വിവരങ്ങൾ നൽകണം. അപേക്ഷയിലെ വിവരങ്ങളും വിരലടയാളവും പരിശോധിച്ച് യോഗ്യമെന്ന് കണ്ടാൽ മാത്രം വിസ അനുവദിക്കുന്നതാണ് നടപടി. അപേക്ഷയോടൊപ്പം ബാങ്ക് സ്റ്റേറ്റ്മെൻറും നൽകണം. രാജ്യത്തിെൻറ വിദൂര ഭാഗങ്ങളിൽ നിന്ന് പോലും നൂറുകണക്കിന് കിലോമീറ്റർ സഞ്ചരിച്ച് റിയാദ്, ദമ്മാം ജിദ്ദ നഗരങ്ങളിൽ മാത്രമുള്ള വി.എഫ്.എസ് കൗണ്ടറുകളിൽ എത്തേണ്ടത് അപേക്ഷകരുടെ മനസ് മടുപ്പിക്കും.
കൗണ്ടറുകളിൽ ക്യൂ നിന്ന് വിരലടയാളം നൽകലും വിസ കിട്ടുമെന്ന് ഒരുറപ്പുമില്ലാത്ത കാത്തിരിക്കലും പ്രയാസമാണെന്ന അഭിപ്രായം തങ്ങളുടെ ഇടപാടുകാരായ സൗദി പൗരന്മാർക്കിടയിൽ വ്യാപകമായി ഉണ്ടായിട്ടുണ്ടെന്നും ഈ ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത മറ്റ് രാജ്യങ്ങൾ തേടാൻ അവർ നിർബന്ധിതരാകുന്നത് അതുകൊണ്ടാണെന്നും ഏജൻസി രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. പുതിയ നിബന്ധനകൾ ഒഴിവാക്കുകയോ ഒാൺലൈൻ വിസ അനുവദിക്കുകയോ ചെയ്തില്ലെങ്കിൽ ഇനി പ്രതീക്ഷയില്ലെന്ന നിരാശയിലാണ് ടൂറിസം ഏജൻസികൾ. അതേസമയം ഇന്ത്യ നിലവിൽ 150 രാജ്യങ്ങളിലെ പൗരന്മാർക്ക് ഓൺലൈൻ വഴി ടൂറിസ്റ്റ് വിസ അനുവദിക്കുന്നുണ്ട്.
ഇതിനുള്ള നടപടിക്രമങ്ങൾ ലളിതമാണ്. വെബ്സൈറ്റിൽ അപേക്ഷിക്കുക, വിസ ഫീസ് ഓൺലൈനായി അടക്കുക, ഇ–ടൂറിസ്റ്റ് വിസ ഓൺലൈനായി തന്നെ നേടുക, ഇന്ത്യയിലേക്ക് പറക്കുക എന്ന വളരെ ലളിതമായ ഈ സൗകര്യം യു.എ.ഇ, ഒമാൻ എന്നിവ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് അനുവദിക്കാതിരിക്കുകയും എന്നാൽ നേരിട്ടുള്ള വിസക്ക് കടുത്ത വ്യവസ്ഥകൾ ഏർപ്പെടുത്തുകയും ചെയ്തതിെൻറ ഭവിഷ്യത്താണ് വിനോദ സഞ്ചാര മേഖല ഇപ്പോൾ അനുഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.