ജിദ്ദ: സൂപ്പർമാർക്കറ്റുകളിലും ഭക്ഷ്യവിൽപന മേഖലയിലും സ്വദേശിവത്കരണം പ്രാബല്യത്തിലായതോടെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സൗദി മാനവവിഭവശേഷി മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന തുടങ്ങി. സ്ഥാപനങ്ങൾ നിയമം പാലിക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഈ മാസം രണ്ടു മുതലാണ് റസ്റ്റാറൻറുകൾ, കഫേകൾ, കാറ്ററിങ് സർവിസ്, സൂപ്പർ മാർക്കറ്റുകൾ, സെൻട്രൽ മാർക്കറ്റുകൾ എന്നിവിടങ്ങളിലെ തൊഴിലുകൾ നിശ്ചിത ശതമാനം സ്വദേശിവത്കരിക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നത്. സ്ഥാപനങ്ങൾ തീരുമാനം നടപ്പാക്കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനാണ് പരിശോധന. ആദ്യ ദിവസം റിയാദിലാണ് പരിശോധന നടന്നത്. മേഖല മാനവ വിഭവശേഷി മന്ത്രാലയ ബ്രാഞ്ച് മേധാവി ഡോ. മുഹമ്മദ് ബിൻ അബ്ദുല്ല അൽഹർബിയുടെ മേൽനോട്ടത്തിൽ ഫീൽഡ് പരിശോധന വിഭാഗം വിവിധ മാളുകളിലും കച്ചവടകേന്ദ്രങ്ങളിലും പരിശോധന നടത്തി.
18 ലധികം നിയമലംഘനങ്ങൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്. സ്വദേശിവത്കരണം നടപ്പാക്കാതിരിക്കുക, തൊഴിൽ കരാർ ഇല്ലാതിരിക്കുക, രേഖയിലുള്ള തൊഴിലുകളിൽനിന്ന് വ്യത്യസ്തമായിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് പിടികൂടിയത്. വ്യാപാര സമുച്ചയങ്ങളിലെ പരിമിതമായ തൊഴിലുകൾ ഒഴികെ എല്ലാ തൊഴിലുകളും സ്വദേശിവത്കരണ തീരുമാനത്തിലുൾപ്പെടുമെന്ന് റിയാദ് മാനവ വിഭവശേഷി ബ്രാഞ്ച് ഒാഫിസ് മേധാവി പറഞ്ഞു. റസ്റ്റാറൻറുകളിലെയും കഫേകളിലെയും സൂപ്പർ, സെൻട്രൽ മാർക്കറ്റുകളിലെയും ജോലികൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനത്തോടൊപ്പം നടപടിക്രമങ്ങൾ വിവരിക്കുന്ന ഗൈഡ് പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ വ്യക്തമാക്കിയ തൊഴിലുകൾക്കും അനുപാതങ്ങൾക്കും അനുസൃതമായി ഉടമകൾ സ്വദേശിവത്കരണ ശതമാനം പാലിച്ചിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.