ജിദ്ദ: ഇൗ വർഷം രണ്ട് ലക്ഷത്തിലേറെ തൊഴിലുകൾ കൂടി സ്വദേശികൾക്ക് വേണ്ടി കണ്ടെത്തുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം.
സ്വദേശിവത്കരണ പദ്ധതിയിലൂടെ ഈ വർഷം 2,13,000 ത്തിലധികം തൊഴിൽ അവസരങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വകുപ്പ് മന്ത്രി എൻജി. അഹമദ് ബിൻ സുലൈമാൻ അൽറാജിഹി പറഞ്ഞു. അൽജൗഫ് മേഖലയിലെ വ്യാപാരികളുമായും ചേംബർ ഓഫ് കൊമേഴ്സ് അംഗങ്ങളുമായും നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് മരന്തി ഇക്കാര്യം വ്യക്തമാക്കിയത്. നിരവധി മന്ത്രാലയ ഉദ്യോഗസ്ഥരുടെയും സ്വകാര്യ മേഖലയിലെ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടന്നത്. തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കുന്നത് സൗദി കൗൺസിൽ ഒാഫ് ചേംബേഴ്സുമായി സഹകരിച്ചാണെന്ന് മന്ത്രി വ്യക്തമാക്കി. ഇത് തൊഴിൽ രംഗത്ത് ഗുണമേന്മയും സമഗ്രതയും ഉറപ്പാക്കുന്നു. ബിസിനസ് ത്വരിതപ്പെടുത്തുന്നതിെൻറയും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിെൻറയും പ്രാധാന്യം മന്ത്രാലയം മനസിലാക്കുന്നു.
സമ്പൂർണ ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള പ്രയാണത്തിലാണ് മന്ത്രാലയം. തൊഴിൽ കാര്യ ഒാഫീസ് ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിലൂടെ നിലവിൽ പ്രതിദിനം 21,000 ത്തിലധികം ജോലികൾ നടക്കുന്നു. നേരത്തെ ഇത് 700 ആയിരുന്നു. അതാണിപ്പോൾ വർധിച്ച് ഇത്രയുമെത്തിയിരിക്കുന്നത്.
വിഷൻ 2030െൻറ വെളിച്ചത്തിൽ തൊഴിൽ വിപണിയുടെ ഭാവി മുൻകൂട്ടി കാണാനും പുതിയ തൊഴിൽ രീതികളിൽ മാറ്റങ്ങൾ വരുത്താനും മന്ത്രാലയം പ്രവർത്തിക്കുന്നുണ്ട്. ഫ്യൂച്ചർ വർക്ക് കമ്പനി ഉണ്ടാക്കി സ്വതന്ത്ര പ്ലാറ്റ്ഫോം ആരംഭിച്ചു. എട്ട് ലക്ഷത്തിലധികം സ്വയം തൊഴിൽ രേഖകൾ നൽകി.
വിദൂര തൊഴിൽ അവസരങ്ങൾ ധാരാളം ഉണ്ടാക്കി. വിദൂര തൊഴിൽ പ്ലാറ്റ്‌ഫോമിലൂടെ 52,000 ത്തിലധികം പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രയോജനം ലഭിച്ചതായും മാനവ വിഭവശേഷി മന്ത്രി പറഞ്ഞു. സ്വകാര്യമേഖലക്ക് നിതാഖാത്ത് കൈകാര്യം ചെയ്യൽ സുഗമമാക്കുന്നതിന് ജീവനക്കാരുടെ എണ്ണത്തെ ആശ്രയിക്കുന്ന ഒരു സമവാക്യത്തിലേക്ക് സ്വദേശിവത്കരണ അനുപാതങ്ങളെ ബന്ധിപ്പിച്ചിട്ടുണ്ട്.
ദേശീയ തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനാണിതെന്നും മന്ത്രി പറഞ്ഞു. നിലവിൽ തൊഴിൽ ഓഫീസുകളിലൂടെ മുമ്പ് 700 ഓപ്പറേഷനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രതിദിനം 21 ആയിരത്തിലധികം പ്രവർത്തനങ്ങൾ ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിൽ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.