ജിദ്ദ: ജീസാൻ മേഖലയിൽ നിരവധി തൊഴിലുകൾ സ്വദേശിവത്കരിക്കാൻ തീരുമാനം. മദീന മേഖലയിലെ സ്വദേശിവത്കരണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ജീസാനിലും നിരവധി തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കാൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഉത്തരവിട്ടത്. ‘പ്രാദേശിക സ്വദേശിവത്കണ പദ്ധതി’യുടെ ഭാഗമായി മേഖല ഗവർണറേറ്റ്, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കുക. രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം ഉയർത്തുന്നതിനുമുള്ള സുപ്രധാന നീക്കമാണ് ഇത്.
സെയിൽസ് ഒൗട്ട്ലറ്റുകളിൽ പരസ്യ ഏജൻസികളുടെ പ്രവർത്തനത്തിനുള്ള കൗണ്ടറുകൾ, ഫോട്ടോ സ്റ്റുഡിയോ, ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകളുടെ റിപ്പയറിങ് ഷോപ്പ്, മെയിൻറനൻസ് ഔട്ട്‌ലറ്റുകൾ എന്നിവിങ്ങളിലെ ജോലികളിലാണ് സ്വദേശിവത്കരണം. മൊത്തം തൊഴിലാളികളുടെ 70 ശതമാനമാണ് സ്വദേശിവത്കരിക്കുക. കല്യാണ മണ്ഡപങ്ങൾ, ഹാളുകൾ, വിവാഹങ്ങൾക്കും ഇവൻറുകൾക്കുമുള്ള സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ബുക്കിങ് ഓഫീസുകളും മേൽനോട്ട ജോലികളും സ്വദേശിവത്കരിക്കും. ശുചീകരണം, കയറ്റിറക്കുമതി ജോലികൾ എന്നിവയെ സ്വദേശിവത്കരണത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. യൂനിഫോം വസ്ത്രമിടുന്ന ഇത്തരം ജോലികൾക്കാണ് ഇളവ്. ആ ജോലിക്കാരുടെ എണ്ണം അതത് സ്ഥാപനങ്ങളിലെ മൊത്തം തൊഴിലാളികളുടെ 20 ശതമാനത്തിൽ കവിയരുത്.
പാസഞ്ചർ കപ്പലുകൾ (ഫെറി) പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന തൊഴിലുകൾ 50 ശതമാനം സ്വദേശിവത്കരിക്കും. മറൈൻ എൻജിനീയർ, ഷിപ്പ് സേഫ്റ്റി ടെക്നീഷ്യൻ, നാവികൻ, അക്കൗണ്ട് മാനേജർ, ഷിപ്പ് ട്രാഫിക് കൺട്രോളർ, പോർട്ട് കൺട്രോളർ, നാവിഗേറ്റർ, മറൈൻ ഒബ്സർവർ എന്നീ ജോലികൾ ഇതിലുൾപ്പെടും. ഷിപ്പ് സ്റ്റുവാർഡ്, ടിക്കറ്റ് ക്ലാർക്ക്, അക്കൗണ്ട് ക്ലാർക്ക്, അക്കൗണ്ട് അസിസ്റ്റൻറ്, ഫിനാൻഷ്യൽ ക്ലാർക്ക്, അക്കൗണ്ട്‌സ് ആൻഡ് ബഡ്ജറ്റ് മാനേജർ, ഫിനാൻഷ്യൽ അനലിസ്റ്റ്, നാവികൻ, ഓർഡിനറി നാവികൻ എന്നിവ സ്വദേശിവത്കരിക്കുന്ന ജോലികളിലുൾപ്പെടും.
തീരുമാനം രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ആദ്യഘട്ടം ഉത്തരവിട്ട ഇന്ന് മുതൽ ആറ് മാസത്തിന് ശേഷവും രണ്ടാം ഘട്ടം 12 മാസത്തിന് ശേഷവുമായിരിക്കും. സ്ഥാപനങ്ങൾ തീരുമാനം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും അത് നടപ്പാക്കുന്നതിനും ആവശ്യമായ സംവിധാനങ്ങൾ വിശദീകരിക്കുന്ന നടപടിക്രമ ഗൈഡ് മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. പിഴകൾ ഒഴിവാക്കുന്നതിന് സ്ഥാപനങ്ങൾ ഈ തീരുമാനത്തിലെ വ്യവസ്ഥകൾ പാലിക്കേണ്ടതിെൻറ ആവശ്യകത മന്ത്രാലയം ഉണർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.