ജിദ്ദ: പ്രതിരോധ സുരക്ഷാ മേഖലകളുമായി ബന്ധപ്പെട്ട ആദ്യത്തെ അന്താരാഷ്ട്ര പ്രദർശനമേളയും സമ്മേളനവും മാർച്ച് ആറ് മുതൽ ഒമ്പത് വരെ റിയാദിൽ നടക്കും. ഈ രംഗത്ത് പ്രവർത്തിക്കുന്ന 37 രാജ്യങ്ങളിൽ നിന്നുള്ള 450-ലധികം കമ്പനികൾ പങ്കെടുക്കും. മേള നടത്തിപ്പിനും സ്റ്റാളുകളുടെയും കൗണ്ടറുകളുടെയും ബുക്കിങ്ങിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും ലോകത്തെ മുൻനിര പ്രതിരോധ-സുരക്ഷ പ്രദർശനമായിരിക്കും റിയാദിൽ നടക്കാൻ പോകുന്നതെന്നും മേള സംഘാടകർ വ്യക്തമാക്കി.
പ്രദർശനമേളയുടെ മുന്നോടിയായി അതിന് ഒരു ദിവസം മുമ്പ് ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് (ഐ.ഐ.എസ്.എസ്) 'റിയാദ് ഡിഫൻസ് ഫോറം' എന്ന പേരിൽ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കും. ലോകമെമ്പാടുമുള്ള സൈനിക, രാഷ്ട്രീയ പ്രമുഖർ ഫോറത്തിൽ പങ്കെടുക്കും.
പ്രതിരോധത്തിന്‍റെയും സുരക്ഷയുടെയും ഭാവി രൂപപ്പെടുത്തുന്ന, മേഖലയിലെ ഏറ്റവും പുതിയ പ്രവണതകളെക്കുറിച്ച് ഫോറം ചർച്ച ചെയ്യും. ശേഷം 'റിയാദ് സല്യൂട്ട്' പരിപാടി നടക്കും. അന്താരാഷ്ട്ര സൈനിക വിമാനങ്ങൾ റിയാദിന് മുകളിലൂടെ പറക്കും. വിസ്മയകരമായ എയർ ഷോ അവതരിപ്പിക്കും.
എല്ലാ മേഖലകളിലെയും പ്രതിരോധ, സുരക്ഷാ സംവിധാനങ്ങൾ യോജിപ്പിച്ചുള്ള തത്സമയ പ്രദർശനങ്ങൾ ഉൾപ്പെടുന്ന ഉദ്ഘാടന ചടങ്ങോടെയാണ് മേളയുടെ ആദ്യ ദിവസം ആരംഭിക്കുക. ആയിരക്കണക്കിന് സന്ദർശകരും നൂറുകണക്കിന് വ്യവസായ ഭീമന്മാരും അതിൽ പങ്കെടുക്കും.
പ്രതിരോധ, സുരക്ഷ ഉപകരണങ്ങളുടെ ലോകോത്തര നിർമാതാക്കളായ ലോക്ക്ഹീഡ് മാർട്ടിൻ, ബോയിങ്, ജനറൽ ഡൈനാമിക്സ്, നവൻറിയ, ബി.എ.ഇ സിസ്റ്റംസ്, എൽ ത്രീ ഹാരിസ്, നോറികോ തുടങ്ങിയ കമ്പനികളാണ് പങ്കെടുക്കുന്നത്. കര, കടൽ, വായു, ബഹിരാകാശ, വിവര സുരക്ഷ എന്നീ മേഖലകളിൽ ഏറ്റവും പുതിയ പ്രതിരോധ, സുരക്ഷാ വ്യവസായ സാങ്കേതിക വിദ്യകൾ പ്രദർശിപ്പിക്കുന്നതിനായി ഇത്തരത്തിൽ 37 രാജ്യങ്ങളിൽ നിന്നുള്ള 450-ലധികം കമ്പനികൾ പങ്കെടുക്കും.
സൈനിക, സർക്കാർ ഏജൻസികളുടെയും പ്രാദേശിക കമ്പനികളുടെയും വിപുലമായ പങ്കാളിത്തത്തോടെ ഒരുക്കുന്ന സൗദി പവലിയനിലൂടെ രാജ്യ സുരക്ഷാ, പ്രതിരോധ വ്യവസായങ്ങളിലെ പ്രാദേശിക കഴിവുകൾ പ്രദർശിപ്പിക്കും. സൗദി പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നാഷനൽ ഗാർഡ് മന്ത്രാലയം, രാജ്യ സുരക്ഷാ പ്രസിഡൻസി, സൈനിക വ്യവസായങ്ങൾക്കായുള്ള ജനറൽ അതോറിറ്റി, നിരവധി സർക്കാർ ഏജൻസികൾ തുടങ്ങിയവയാണ് മേളയുടെ നടത്തിപ്പിലെ പ്രധാന പങ്കാളികൾ. കൂടാതെ പ്രദർശനത്തിന്‍റെ തന്ത്രപ്രധാന പങ്കാളിയായ സൗദി മിലിട്ടറി ഇൻഡസ്ട്രീസ് കമ്പനി (സമി) പോലുള്ള ദേശീയ കമ്പനികളും നിരവധി സൗദി കമ്പനികളും പങ്കെടുക്കും. പങ്കാളിത്തം സ്ഥാപിക്കുന്നതിനും സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനും പ്രാദേശിക കഴിവുകൾ വികസിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള കമ്പനികളുമായും നിക്ഷേപകരുമായും ആശയവിനിമയം നടത്താൻ മികച്ച അവസരങ്ങൾ ഒരുക്കുന്നതായിരിക്കും അന്താരാഷ്ട്ര പ്രതിരോധ പ്രദർശനം. 2030-ഓടെ രാജ്യത്തിന്‍റെ സൈനിക ചെലവിന്‍റെ 50 ശതമാനത്തിലധികം സ്വദേശിവത്കരിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പ് കൂടിയാണ് ഈ അന്താരാഷ്ട്ര മേള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.