റിയാദ്: സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷ നിയമങ്ങൾ ലംഘിച്ചതിന് ഒരാഴ്ചക്കിടയിൽ 15,806 വിദേശ തൊഴിലാളികൾ പിടിയിലായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നാണ് ഇവർ പിടിയിലായത്.
നിയമലംഘകരില്ലാത്ത രാജ്യം എന്ന ശീർഷകത്തിൽ സൗദി ആഭ്യന്തര മന്ത്രാലയം തുടരുന്ന കാമ്പയിെൻറ ഭാഗമാണ് രാജ്യവ്യാപകമായ റെയ്ഡുകൾ. വിവിധ സുരക്ഷവിഭാഗങ്ങൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഇഖാമ കാലാവധി കഴിഞ്ഞ 7609 പേരും തൊഴിൽ നിയമം ലംഘിച്ച് ജോലി ചെയ്ത 1672 പേരും അതിർത്തിസുരക്ഷ നിയമങ്ങൾ ലംഘിച്ച് രാജ്യത്തേക്കു കടന്ന 6525 പേരുമാണ് പിടിയിലായത്. അതിർത്തിയിലൂടെ നുഴഞ്ഞുകടക്കാൻ ശ്രമിച്ച 469 പേരും അറസ്റ്റിലായി. ഇതിൽ 50 ശതമാനവും യമനികളാണ്. 46 ശതമാനം ഇത്യോപ്യൻ പൗരന്മാരും നാലു ശതമാനം മറ്റു പല രാജ്യക്കാരുമാണ്. ഇതിൽ 90 പേർ അതിർത്തിയിലൂടെ രാജ്യത്തിന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വലയിലായത്.
നിയമലംഘകർക്ക് താമസ, ഗതാഗത സൗകര്യം ഒരുക്കിയതിനും അനധികൃതമായി തൊഴിലെടുക്കാൻ സഹായം നൽകിയതിനുമാണ് 12 പേർ പിടിയിലായത്. നിലവിൽ 87,840 നിയമലംഘകരാണ് നിയമനടപടികൾ നേരിടുന്നത്. ഇതിൽ 78,698 പേർ പുരുഷന്മാരും 9142 സ്ത്രീകളുമാണ്. ഇതിൽ 73,313 പേരെ സ്വന്തം നാടുകളിലേക്ക് മടങ്ങാനുള്ള യാത്രാരേഖകൾ ശരിയാക്കാനും അനന്തര നടപടികൾക്കുമായി അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾക്ക് കൈമാറി.
2228 പേർ യാത്രാനടപടികൾ പൂർത്തിയാക്കി. 6380 പേർ ഇതിനകം നാടണഞ്ഞു. അനധികൃതമായും അതിർത്തി നുഴഞ്ഞുകയറ്റം വഴിയും രാജ്യത്തേക്കു കടക്കുന്നവരെ യാത്രാസഹായം, താമസസൗകര്യം തുടങ്ങി ഏതുതരത്തിലുള്ള സഹായവും നൽകുന്നവരെ കാത്തിരിക്കുന്നത് 15 വർഷത്തെ തടവുശിക്ഷയും 10 ലക്ഷം റിയാൽ പിഴയുമാണെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.