റിയാദ്: സ്പെയിൻ തലസ്ഥാനമായ മഡ്രിഡിൽ വെള്ളിയാഴ്ച നടന്ന സംയുക്ത അറബ്-ഇസ്ലാമിക് മന്ത്രിതല കമ്മിറ്റി യോഗം ഗസ്സയിലെ ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാനും ‘ദ്വിരാഷ്ട്ര പരിഹാരം’ നടപ്പാക്കുന്നതിനുള്ള സമയക്രമം നിശ്ചയിക്കാനും ആവശ്യപ്പെട്ടു.
സ്പെയിൻ, നോർവേ, സ് ലൊവീനിയ വിദേശകാര്യ മന്ത്രിമാരുടെയും യൂറോപ്യൻ യൂനിയൻ വിദേശനയ ഉന്നത പ്രതിനിധി ജോസഫ് ബോറെലിന്റെയും സാന്നിധ്യത്തിലാണ് യോഗം നടന്നത്. സംഘത്തെ സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സ്വീകരിച്ചു.ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാനും പശ്ചിമേഷ്യയിലും ലോകത്തും സുരക്ഷിതത്വവും സമാധാനവും ഉറപ്പാക്കാനും കഴിയുന്ന തരത്തിൽ ഫലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരം സജീവമാക്കുന്നതിന് എല്ലാ പിന്തുണയും നൽകുന്നത് തുടരേണ്ടതിന്റെ പ്രാധാന്യം മന്ത്രിതല സമിതി അംഗങ്ങൾ ചർച്ച ചെയ്തു. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള അടിയന്തര ശ്രമങ്ങൾ അവലോകനം ചെയ്തു.
റഫ അതിർത്തിയിൽ ഫലസ്തീൻ ഭാഗത്തുനിന്നും ഫിലാഡൽഫി ഇടനാഴിയിൽനിന്നും ഇസ്രായേൽ സൈന്യം പിൻവാങ്ങേണ്ടതിന്റെയും ഫലസ്തീൻ അതോറിറ്റിക്ക് പൂർണ നിയന്ത്രണം പുനഃസ്ഥാപിക്കേണ്ടതിന്റെയും ആവശ്യകതയും മന്ത്രിതല സമിതി അംഗങ്ങൾ ഊന്നിപ്പറഞ്ഞു.
ന്യായവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനും ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മേഖലയിൽ സുരക്ഷിതത്വം കൈവരിക്കുന്നതിനും ഇസ്രായേൽ സെറ്റിൽമെന്റുകളുടെ വിപുലീകരണം തടയേണ്ടതിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലോക മാനുഷിക നിയമങ്ങളുടെയും എല്ലാ ലംഘനങ്ങൾക്കും അന്താരാഷ്ട്ര ഉത്തരവാദിത്ത സംവിധാനങ്ങൾ സജീവമാക്കേണ്ടതിന്റെയും ആവശ്യകതയും യോഗം സ്പർശിച്ചു. ഗസ്സയിലെ സംഭവവികാസങ്ങളെ തുടർന്ന് അറബ്-ഇസ്ലാമിക് ഉച്ചകോടി നിയോഗിച്ച സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസമാണ് സ്പെയിനിലെത്തിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.