ജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ‘തദ്കിറ’ എന്ന പഠനക്ലാസ് സംഘടിപ്പിച്ചു. ജനന മരണങ്ങളുടെ ഹ്രസ്വകാലത്തിനിടയിൽ തീരുന്നതല്ല മനുഷ്യ ജീവിതമെന്നും മരണാനന്തരം ആത്യന്തികമായ നീതിയുടെ ഒരു ലോകം വരാനുണ്ടെന്നും അവിടങ്ങളിൽ വിജയിക്കുക എന്നതാണ് മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യമാകേണ്ടതെന്നും ‘സന്തോഷത്തോടെ സ്വർഗത്തിലേക്ക്’ എന്ന വിഷയത്തിലൂന്നി മഅ്റൂഫ് സ്വലാഹി അഭിപ്രായപ്പെട്ടു.
മനുഷ്യൻ ഈ ലോകത്ത് ചെയ്യുന്ന കർമങ്ങളുടെ ഉദ്ദേശ്യശുദ്ധിക്ക് അനുസരിച്ചാണ് മരണാനന്തരം പ്രതിഫലം നിശ്ചയിക്കപ്പെടുന്നത്. പ്രപഞ്ച സ്രഷ്ടാവിനുള്ള സമ്പൂർണ സമർപ്പണം മാത്രമാണ് ആത്യന്തിക വിജയത്തിന്റെ അടിസ്ഥാനം. അതുകൊണ്ടുതന്നെ ഈ ലോകത്ത് ചെയ്യുന്ന കർമങ്ങൾ ആളുകളെ കാണിക്കാൻ വേണ്ടിയാകാതെ പ്രപഞ്ചനാഥന്റെ പ്രീതി ഉദ്ദേശിക്കുമ്പോൾ മാത്രമാണ് അത് സ്രഷ്ടാവിങ്കൽ സ്വീകരിക്കപ്പെടുന്നത്. ഇത്തരത്തിൽ നിഷ്കളങ്കമായ കീഴ്വണക്കം പ്രകടിപ്പിക്കുന്നതിലൂടെ മനുഷ്യൻ ഉന്നതമായ വ്യക്തിത്വം സ്വായത്തമാക്കുകയും അതോടൊപ്പം പരലോക വിജയം നേടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
‘കണ്ണടക്കും മുമ്പേ കൺതുറന്ന് പ്രവർത്തിക്കാം’ എന്ന വിഷയത്തിൽ അനസ് സ്വലാഹി കോയിച്ചെന സംസാരിച്ചു. മനുഷ്യന്റെ എല്ലാ സന്തോഷങ്ങളും പൊടുന്നനെ ഇല്ലാതാക്കുന്ന അപ്രതീക്ഷിതമായ പ്രതിഭാസമാണ് മരണം. അതുകൊണ്ടുതന്നെ ആ യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ ഓരോ വിശ്വാസിയും മനസ്സിനെ പാകപ്പെടുത്തേണ്ടതുണ്ടെന്നദ്ദേഹം പറഞ്ഞു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡൻറ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും ശിഹാബ് സലഫി എടക്കര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.