ജിദ്ദ: ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ഭരണ സമിതിയിലേക്ക് രക്ഷിതാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചതായി സ്കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ അറിയിച്ചു. ഏഴംഗ സമിതിയിലേക്കാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ചുരുങ്ങിയത് ഒരാൾ വനിതയായിരിക്കണം. അപേക്ഷ ഫോറം ബോയ്സ് സ്കൂൾ റിസപ്ഷൻ കൗണ്ടറിൽനിന്ന് ഞായറാഴ്ച മുതൽ വിതരണം ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 16 വരെ പ്രവൃത്തി ദിനങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെ അപേക്ഷ ഫോറം ലഭിക്കും.
ആനുകൂല്യങ്ങളോ പ്രതിഫലമോ ഇല്ലാതെ സ്കൂളിന്റെ ഉന്നമനത്തിന് സേവനം ചെയ്യാൻ താല്പര്യമുള്ളവരിൽനിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷകർക്ക് സ്കൂളിൽ ഒരു വർഷത്തിൽ കുറയാത്ത രക്ഷാകർതൃത്വം ഉണ്ടായിരിക്കണം. നിലവിൽ 11, 12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാൻ അർഹതയില്ല. ഇന്ത്യക്കാരായ ജിദ്ദ നിവാസികളും അക്കാദമിക, ഭരണ നിർവഹണ, സാങ്കേതിക, സാമ്പത്തികരംഗങ്ങളിൽ മികച്ച യോഗ്യതയും പ്രവൃത്തിപരിചയമുള്ളവരും പ്രശസ്തമായ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പ്രഫഷനലുകളുമായിരിക്കണം. അഞ്ച് വർഷം പൂർത്തിയാക്കിയ ഡിഗ്രി, പി.ജി, എം.ബി.ബി.എസ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഇന്ത്യൻ എംബസിയോ മറ്റു ഇന്ത്യൻ ഉന്നത സ്ഥാപനങ്ങളോ സാക്ഷ്യപ്പെടുത്തിയിരിക്കണം. വനിതകളിൽ പ്രഫഷണൽ രംഗത്ത് ജോലി ചെയ്യുന്നവർക്കായിരിക്കും മുൻഗണന. നിലവിൽ സ്കൂളിൽ ജോലി ചെയ്യുന്നവരോ അവരുടെ ബന്ധുക്കളോ മുൻ ജീവനക്കാരോ മറ്റു സ്കൂൾ ഭരണ സമിതി അംഗങ്ങളോ ആവാൻ പാടില്ല.
ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അംഗീകാരപത്രവും 8,000 റിയാലിൽ കുറയാത്ത മാസശമ്പളം ലഭിക്കുന്നുണ്ടെന്ന സൗദി ചേംബർ ഓഫ് കോമേഴ്സ് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം. സ്ഥാപനത്തിൽനിന്ന് ഹാജരാക്കുന്ന രേഖയിൽ കാണിച്ച ജോലിയും ഇഖാമയിലുള്ള ജോലിയും ഒന്നായിരിക്കണം. സ്കൂളിന്റെ പുരോഗതി, കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തൽ എന്നിവ ലക്ഷ്യംവെച്ച് താൻ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെന്തെല്ലാമെന്ന് 100 വാക്കിൽ കവിയാതെ വിശദീകരിച്ച നോട്ടും ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.