ജിദ്ദ പൗരസമൂഹം പങ്കെടുത്ത ഓൺലൈൻ മീഡിയവൺ ഐക്യദാർഢ്യസംഗമം വി.പി മുഹമ്മദലി ഉദ്‌ഘാടനം ചെയ്യുന്നു. 

മീഡിയവൺ ചാനൽ നിരോധത്തിനെതിരെ യോജിച്ച മുന്നേറ്റം അനിവാര്യം - ജിദ്ദ പൗരസമൂഹം

ജിദ്ദ: ദേശസുരക്ഷയുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ മീഡിയവൺ ചാനല്‍ സംപ്രേഷണം ചെയ്യുന്നത് നിരോധിച്ചതിനെതിരെ മുഴുവൻ മതേതര, ജനാധിപത്യ വിശ്വാസികളുടെയും യോജിച്ച മുന്നേറ്റം അനിവാര്യമാണെന്ന് ജിദ്ദ പൗരസമൂഹം ഐക്യഖണ്ഡേന അഭിപ്രായപ്പെട്ടു. വിവിധ മത രാഷ്ട്രീയ സാംസ്കാരിക സംഘടന പ്രതിനിധികൾ പങ്കെടുത്ത ഓൺലൈൻ മീഡിയവൺ ഐക്യദാർഢ്യസംഗമം വ്യവസായിയും ജിദ്ദ നാഷനൽ ആശുപത്രി മാനേജിങ് ഡയറക്ടറുമായ വി.പി മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു. മീഡിയവണ്‍ ചാനല്‍ സംപ്രേഷണം തുടങ്ങിയ ആദ്യദിനം മുതല്‍ എല്ലാവിധ പിന്തുണയും നല്‍കിയ വ്യക്തിയാണ് താനെന്നും ഏത് പ്രതിസന്ധിയിലും ചാനലിനോടൊപ്പം നിലയുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒത്തൊരുമിച്ച് നിയമപോരാട്ടത്തിലൂടെ ചാനലിന് അനുമതി ലഭ്യമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാഴ്ചയില്ലാത്തവരുടെ കാഴ്ചയും കേള്‍വിയില്ലാത്തവരുടെ കേള്‍വിയുമായിരുന്ന മീഡിയവൺ ചാനലെന്നും അതിന്റെ സംപ്രേഷണം നിരോധിച്ചതിലൂടെ സത്യം അറിയാനുള്ള പൗരന്റെ അവകാശത്തിന് നേരെയുള്ള കടന്നാക്രമമാണെന്നും ആമുഖഭാഷണത്തില്‍ ഖലീല്‍ പാലോട് പ്രസ്താവിച്ചു. ഏകാധിപതി രാജ്യം ഭരിക്കുന്നത് സ്വപ്നം കാണുന്നവരാണ് ഇന്ത്യ ഭരിക്കുന്നതെന്നും ഇത് അപകടകരമായ പ്രവണതയാണെന്നും മീഡിയവൺ ചാനലിനെതിരെയുള്ള നീക്കത്തെ ജനാധിപത്യ വിശ്വാസികള്‍ ചെറുത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മീഡിയവൺ ചാനല്‍ സീനിയർ ബ്രോഡ്‌കാസ്റ്റിങ് ജേർണലിസ്റ്റും സൗദി ചീഫ് റിപ്പോർട്ടറുമായ അഫ്താബുറഹ്മാന്‍ ചാനലിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംഗ്രഹിച്ചു സംസാരിച്ചു. ചാനലിന്റെ ലൈസൻസ് റദ്ദാക്കിയ വിവരം ആദ്യം കേട്ടപ്പോള്‍ ജീവനക്കാരായ തങ്ങളില്‍ ഞെട്ടലുളവാക്കിയെങ്കിലും, ഇപ്പോള്‍ വിവിധ കോണുകളിൽ നിന്നുള്ള പിന്തുണയിൽ തങ്ങൾ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും ചാനലിന് നീതി ലഭിക്കുമെന്നുതന്നെയാണ് ജീവനക്കാരുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിക്കല്ല് ഇളക്കുന്ന പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും ഡോ. ഇസ്മായില്‍ മരുതേരി പറഞ്ഞു. സാംസ്കാരിക രംഗത്തെ പല പ്രമുഖരും വധിക്കപ്പെട്ടു. നീതിക്ക് നിരക്കാത്ത കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ ജനങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

മാധ്യമ രംഗത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്നും അതിന്റെ ഭാഗമായാണ് മീഡിയവൺ ചാനല്‍ സംപ്രേഷണം വിലക്കിയതെന്നും ജിദ്ദ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം അഭിപ്രായപ്പെട്ടു. പുതിയ നീക്കം മീഡിയവൺ ചാനലിന് നേരെ മാത്രമുള്ള ഒരു ആക്രമണമായി കാണേണ്ടതില്ലെന്നും ഭണഘടന അനുവദിക്കുന്ന ഓരോരുത്തരുടെയും സ്വാതന്ത്ര്യത്തിന് നേരെയുള്ള ഇത്തരം കടന്നാക്രമണത്തെ ചെറുക്കണമെന്നും ഒ.ഐ.സി.സി വെസ്റ്റേൻ റീജിയൻ പ്രസിഡന്റ് കെ.ടി.എ മുനീര്‍ പറഞ്ഞു. ഭീതിജനകമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്ന് പോവുന്നതെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ എന്ത് വിലകൊടുത്തും സംരക്ഷിക്കണമെന്നും കെ..എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര പറഞ്ഞു.

പി.പി റഹീം, സലാഹ് കാരാടൻ, റഹീം ഒതുക്കുങ്ങൽ, എ.എം അബ്ദുള്ളക്കുട്ടി, അബ്ദുൽ ഗനി, ഉസ്മാൻ എടത്തിൽ, നാസർ ചാവക്കാട്, ജലീൽ കണ്ണമംഗലം, കബീര്‍ കൊണ്ടോട്ടി, അബ്ദുൽ ഗഫൂർ പൂങ്ങാടൻ, നസീർ വാവക്കുഞ്ഞു, കെ.എം മുസ്തഫ, സി.എം അഹമ്മദ്, അബ്ദുല്ല മുക്കണ്ണി, മുഹ്‌സിൻ കാളികാവ്, അരുവി മോങ്ങം, സക്കീന ഓമശ്ശേരി, കുബ്റ ലതീഫ്, റജീന നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. സാദിഖലി തുവ്വൂർ മോഡറേറ്റർ ആയിരുന്നു. എ. നജ്മുദ്ദീന്‍ സ്വാഗതവും സി.എച്ച് ബഷീർ നന്ദിയും പറഞ്ഞു. വിവിധ തുറകളിൽ നിന്നുള്ള മുന്നൂറോളം പേർ മീഡിയവൺ ഐക്യദാർഢ്യസംഗമത്തിൽ പങ്കെടുത്തു.

Tags:    
News Summary - Jeddah malayali community's protection against Mediaone ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.