കലാലയം സാംസ്കാരിക വേദി ജിദ്ദ 'പ്രവാസി സാഹിത്യോത്സവ്' സംഘാടകർ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു

കലാലയം സാംസ്കാരിക വേദി ജിദ്ദ 'പ്രവാസി സാഹിത്യോത്സവ്' നവംബർ ഒന്നിന്

ജിദ്ദ: രിസാല സ്റ്റഡി സർക്കിളിന് (ആർ.എസ്.സി) കീഴിലുള്ള കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 'പ്രവാസി സാഹിത്യോത്സവ്' 14 മത് എഡിഷന്‍ നവംബര്‍ ഒന്നിന് ജിദ്ദയില്‍ അരങ്ങേറുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രവാസി വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ സർഗാത്മകത വികസിപ്പിക്കുക, സാമൂഹിക ധാർമിക മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുക എന്ന മാനുഷിക ദൗത്യമാണ് സാഹിത്യോത്സവ് നിർവ്വഹിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.

ഫാമിലി സാഹിത്യോത്സവിൽ നിന്നും തുടങ്ങി യൂനിറ്റ്, സെക്‌ടർ, സോൺ, നാഷനൽ തലങ്ങളിൽ വ്യവസ്ഥാപിതമായി 19 രാഷ്ട്രങ്ങളിലാണ് ഇത്തവണ സാഹിത്യോത്സവുകൾ നടക്കുന്നത്. ജിദ്ദയിലെ വിവിധ കാമ്പസുകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരക്കുന്ന കാമ്പസ് വിഭാഗം മത്സരങ്ങളും സാഹിത്യോത്സവിൽ നടക്കും. രാവിലെ എട്ട് മണിക്ക് ഉദ്ഘാടന സംഗമത്തോടെ മത്സരങ്ങൾക്ക് തിരശീല ഉയരും. വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക ഒത്തിരിപ്പിൽ ജിദ്ദയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ സംബന്ധിക്കും. ശേഷം നടക്കുന്ന സമാപന സെഷനിൽ ചാമ്പ്യന്മാർക്കുള്ള ട്രോഫി വിതരണം ചെയ്യും.

60 യൂനിറ്റുകളിൽ നിന്നും റാബഖ്, ഹംദാനിയ, സഫ, ഹിറ, ബവാദി, അനാക്കിഷ്, ശറഫിയ്യ, ബലദ്, മഹ്ജർ, ജാമിഅ, സുലൈമാനിയ്യ, ബഹ്‌റ എന്നിങ്ങനെ 12 സെക്ടറുകളിൽ നിന്നുമായി പ്രാഥമിക മത്സരങ്ങളിൽ വിജയികളായ 500 ഓളം പ്രതിഭകൾ പ്രൈമറി, ജൂനിയർ, സെക്കന്ററി, സീനിയർ, ജനറൽ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. മൂന്ന് മുതൽ 30 വയസ് വരെയുള്ള കുട്ടികൾ, സ്ത്രീകൾ, പുരുഷന്മാർ എന്നിവർക്ക് വ്യത്യസ്ത വേദികളിലായിട്ടായിരിക്കും മത്സരങ്ങൾ അരങ്ങേറുക. വിവിധ ഭാഷ പ്രസംഗങ്ങൾ, മാപ്പിളപ്പാട്ട് , കവിതാ പാരായണം, കഥ പറച്ചിൽ, ദഫ്, ഖവാലി എന്നിവയും കഥ, കവിത, വാർത്ത തയ്യാറാക്കൽ, സോഷ്യൽ ട്വീറ്റ്, കാലിഗ്രഫി, സ്പോട്ട് മാഗസിൻ, ഹൈക്യു തുടങ്ങിയ രചനാ മത്സരങ്ങളുമടക്കം 99 ഇനങ്ങളിൽ 12 വേദികളിലായാണ് സാഹിത്യോത്സവ് മത്സരങ്ങൾ അരങ്ങേറുക. ജൂനിയർ, സെക്കന്ററി, സീനിയർ, ജനറൽ മത്സരവിജയികൾ

നവംബർ എട്ടിന് ജിസാനിൽ നടക്കുന്ന വെസ്റ്റ് നാഷനൽ സാഹിത്യോത്സവിൽ പങ്കെടുക്കും. സാഹിത്യോത്സവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്‌ട്രേഷനായി 0530650025, 0544318802 എന്നീ നമ്പറിറുകളിൽ ഒക്ടോബർ 15 നകം ബന്ധപെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. സംഘാടക സമിതി ചെയർമാൻ സൈനുൽ ആബിദീൻ, ആർ.എസ്.സി ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം മൻസൂർ ചുണ്ടമ്പറ്റ, കലാലയം സാംസ്കാരിക വേദി സൗദി വെസ്റ്റ് കൺവീനർ ഖലീലു റഹ്മാൻ കൊളപ്പുറം, ജിദ്ദ സിറ്റി ചെയർമാൻ ജാബിർ നഈമി, സംഘാടക സമിതി അംഗം മുഹമ്മദ്‌ റിയാസ് കടക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Kalalayam Samskarika Vedi's Jeddah Pravasi Sahithyolsav on 1st November

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.