റിയാദ്: 2021ൽ എയർ കണക്റ്റിവിറ്റി പ്രോഗ്രാം ആരംഭിച്ച ശേഷം സൗദി അറേബ്യയിൽനിന്ന് ലോകത്തിെൻറ നാനാഭാഗങ്ങളിലേക്ക് നേരിട്ടുള്ള 60ലധികം പുതിയ വിമാന റൂട്ടുകൾ സൃഷ്ടിച്ചതായി പ്രോഗ്രാം സി.ഇ.ഒ മാജിദ് ഖാൻ പറഞ്ഞു.
ബഹ്റൈൻ ആതിഥേയത്വം വഹിച്ച ‘റൂട്ട്സ് വേൾഡ് 2024’ എക്സിബിഷനിലും സമ്മേളനത്തിലും പെങ്കടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
സൗദിയും ലോകരാജ്യങ്ങളും തമ്മിലുള്ള വ്യോമ ബന്ധം വർധിപ്പിച്ച്, നിലവിലുള്ളതും സാധ്യതയുള്ളതുമായ എയർ റൂട്ടുകൾ വികസിപ്പിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കിയതെന്നും രാജ്യത്തെ ടൂറിസം വളർച്ചക്ക് വ്യോമഗതാഗത ശൃംഖലയുടെ വ്യാപനം സഹായകമായെന്നും മാജിദ് ഖാൻ പറഞ്ഞു.
ഇൗ വർഷം ജനുവരി ആരംഭം മുതൽ ഒക്ടോബർ വരെ രാജ്യത്തേക്ക് 12 വിദേശ വിമാന കമ്പനികളെ പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രാ റൂട്ടുകളുമായി പ്രവേശിപ്പിക്കാൻ പ്രോഗ്രാമിന് കഴിഞ്ഞു. വ്യോമയാന മേഖലയിൽ രാജ്യങ്ങളിലേക്കുള്ള വിദേശ കമ്പനികളുടെ പ്രവേശനത്തിന്റെ ആഗോള ശരാശരി രണ്ട് മുതൽ നാല് വരെ കമ്പനികളാണ്.
എന്നാൽ സൗദിക്ക് അത് 12 എന്ന നേട്ടത്തിലേക്ക് ഉയർത്താൻ കഴിഞ്ഞു. ഇതിലൂടെ യാത്രാ ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും സൗദിയിലേക്ക് കൂടുതൽ ഇൻകമിങ് ടൂറിസത്തെ സ്വാഗതം ചെയ്യുന്നതിനും പുറമേ നിരവധി വിമാന കമ്പനികളെ ആകർഷിക്കാനും കഴിഞ്ഞുവെന്നും മാജിദ് ഖാൻ പറഞ്ഞു.
രാജ്യത്തെ പുതിയ ആഗോള ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ടൂറിസം എയർ കണക്റ്റിവിറ്റി മേഖലയിൽ ലോകത്തെ മുൻനിര വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും പ്രോഗ്രാം വലിയ സംഭാവനയാണ് നൽകാൻ കഴിഞ്ഞിട്ടുള്ളത്.
സൗദിയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തിന് വലിയ പ്രാധാന്യമുണ്ട്. എട്ട് മണിക്കൂറിനുള്ളിൽ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും ലോകത്തെ വ്യോമയാന മേഖല നിർമാതാക്കൾക്ക് നിരവധി അന്താരാഷ്ട്ര ഓപ്ഷനുകളിലേക്കും ലക്ഷ്യസ്ഥാനങ്ങളിലേക്കും എത്താൻ സഹായിക്കുന്നതാണ് സൗദിയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനമെന്നും മാജിദ് ഖാൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.