റിയാദ്: കലാലയം സാംസ്കാരികവേദി ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 13ാമത് ‘പ്രവാസി സാഹിത്യോത്സവ്’ ഇന്ന് റിയാദിൽ അരങ്ങേറും. രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) റിയാദ് സോൺ സാഹിത്യോത്സവ് മത്സരങ്ങൾക്കാണ് രാവിലെ എട്ടു മുതൽ സുലൈ റീമാസ് ഓഡിറ്റോറിയത്തിൽ തുടക്കമാകുകയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കലാ, സാഹിത്യ രംഗത്ത് പ്രവാസി വിദ്യാർഥി യുവജനങ്ങൾക്കിടയിലെ സർഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇടപെടലായാണ് സാഹിത്യോത്സവ് നടത്തിവരുന്നത്.
66 യൂനിറ്റ് തല മത്സരങ്ങളും 16 സെക്ടർ തല മത്സരങ്ങളും പൂർത്തിയാക്കിയാണ് സോൺ തല മത്സരങ്ങളിൽ പ്രതിഭകൾ മാറ്റുരക്കാനെത്തുക. കിഡ്സ്, പ്രൈമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍ ജനറല്‍, കാമ്പസ് എന്നീ വിഭാഗങ്ങളിലായി 87 ഇനങ്ങളിൽ നാനൂറിലധികം മത്സരാർഥികൾ സോൺ സാഹിത്യോത്സവിന്റെ ഭാഗമാകും. വിവിധ ഭാഷകളിലുള്ള ഗാനങ്ങള്‍, പ്രസംഗങ്ങള്‍, ഖവാലി, സൂഫിഗീതം, കാലിഗ്രഫി, മാഗസിന് ഡിസൈന്‍, കവിത, കഥ, പ്രബന്ധം തുടങ്ങി സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങൾക്കായി സാഹിത്യോത്സവ് നഗരിയിൽ നാലു വേദികളാണ് ഒരുക്കുക. സ്പെല്ലിങ് ബീ, ട്രാൻസ്ലേഷന്, തീം സോങ് രചന, ഫീച്ചര്‍ രചന, ഖസീദ, കോറല്‍ റീഡിങ് എന്നിവ ഇത്തവണത്തെ പ്രവാസി സാഹിത്യോത്സവിന് പുതിയ മത്സര ഇനമായുണ്ട്.
കലാസാഹിത്യ രംഗത്തെ ഏറ്റവും വലിയ സാംസ്കാരികസംഗമമായി റിയാദ് സാഹിത്യോത്സവ് മാറും. സമാപന സമ്മേളനത്തിൽ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. പ്രതിഭകളെയും കലാപ്രേമികളെയും സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങളാണ് നഗരിയിൽ സംഘാടകസമിതി സംവിധാനിച്ചിട്ടുളളത്. ഇതുസംബന്ധമായി വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ ഉമർ മുസ്ലിയാർ പന്നിയൂർ, അബ്ദുല്‍ അസീസ് സഖാഫി, ആർ.എസ്.സി സോൺ നേതാക്കളായ സുഹൈൽ നിസാമി, ശുഹൈബ് സഅദി, ഇബ്രാഹിം ഹിമമി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.