ജിദ്ദ: കേരളഹാജിമാർ വിശുദ്ധഹജ്ജ് കർമത്തിനായി പുണ്യമക്കയിലെത്തിത്തുടങ്ങി. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള തീർഥാടകരുടെ ആദ്യസംഘം സൗദി സമയം ഞായറാഴ്ച രാവിലെ 11 മണിയോടെ ജിദ്ദ വിമാനത്താവളത്തിലിറങ്ങി.
ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ്, കോൺസൽ ആനന്ത് കുമാർ, ബോബി മാനാട്ട് എന്നിവരുടെ നേതൃത്വത്തിൽ ഹാജിമാരെ സ്വീകരിച്ചു. കെ.എം.സി.സി വളണ്ടിയർമാർ ഹജ്ജ്ടെർമിനലിൽ സഹായങ്ങളുമായി സജീവമായിരുന്നു. വിമാനത്താവളത്തിലെ നടപടികൾ പൂർത്തിയാക്കി 12 മണിയോടെ തന്നെ ഹാജിമാർ പുറത്തിറങ്ങി. അവിടെ വിശ്രമവും ദുഹർ നമസ്കാരവും കഴിഞ്ഞ് ഉച്ചക്ക് ഒന്നരയോടെ ബിസിൽ മക്കയിലേക്ക് തിരിച്ചു.
സൗദിയ വിമാനത്തിലാണ് 300 പേരടങ്ങുന്ന ആദ്യ സംഘം എത്തിയത്. പുറപ്പെടാൻ വൈകിയതിനാൽ പ്രതീക്ഷിച്ചതിലും ഒരു മണിക്കൂർ വൈകിയാണ് ജിദ്ദയിലെത്തിയത്. വൈകുന്നേരവും രാത്രിയിലുമായി രണ്ട് വിമാനങ്ങൾ കൂടി മലയാളി ഹാജിമാരെയും വഹിച്ച് ജിദ്ദയിലിറങ്ങി. ഹജ്ജ് ക്യാമ്പ് മുതൽ എല്ലാ കാര്യങ്ങളിലും തൃപ്തരാണെന്ന് ഹാജിമാർ പറഞ്ഞു.
മക്കയിൽ ഉൗഷ്മള സ്വീകരണമാണ് മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഹാജിമാർക്ക് ലഭിച്ചത്. ഹറമിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ അസീസിയ്യയിലാണ് തീർഥാടകർക്ക് താമസം.റൂമിൽ പോയി വിശ്രമിച്ചയുടൻ ഹാജിമാർ മസ്ജദുൽ ഹറാമിലെത്തി ആദ്യഉംറ നിർവഹിച്ചു. പ്രായമായവരടക്കം സംഘത്തിലുണ്ടെങ്കിലും എല്ലാവരും ആവേശത്തോടെയാണ് കാണപ്പെട്ടത്. അല്ലാഹുവിെൻറ അതിഥകളായി പുണ്യഭൂമിയിലെത്താനായതിെൻറ ആത്മനിർവൃതിയിലാണ് ഹാജിമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.