ഖുർഷിദ ബാനു റിയാദിൽനിന്ന്​ യാത്ര തിരിക്കും മുമ്പ്​ സാമൂഹികപ്രവർത്തകരോടൊപ്പം

ഞാൻ ജീവനോടെയുണ്ടെന്ന് ഖുർഷിദ ബാനു: പരേതയെന്ന്​ രേഖകൾ

റിയാദ്: രേഖകളിൽ മരിച്ച ഖുർഷിദ ബാനുവിന്​ താൻ ജീവിച്ചിരിപ്പുണ്ടെന്ന്​ തെളിയിക്കാൻ ഏറെ പാടുപെടേണ്ടി വന്നു. റിയാദിലെ ബത്ഹ തെരുവിലൂടെ നടക്കു​േമ്പാഴും സർക്കാർ രേഖകളിൽ ‘പരേതയായ’ ഈ മുംബൈ സ്വദേശിനിക്ക്​ താൻ ജീവിച്ചിരിപ്പുണ്ടെന്ന്​ അധികാരികളെ ബോധ്യപ്പെടുത്തണമായിരുന്നു, കാൽനൂറ്റാണ്ടായി കാണാമറയത്തായ ജന്മനാട്ടിലേക്ക്​ വഴിതുറന്നുകിട്ടാൻ. ഒടുവിൽ ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകൻ സിദ്ധിഖ് തുവ്വൂരി​െൻറയും സഹായത്തോടെ തനിക്ക്​ ജീവനുണ്ടെന്ന് ഒൗദ്യോഗിക കേന്ദ്രങ്ങളെ​​ ബോധ്യപ്പെടുത്താനായി. അതോടെ നാണയാനുള്ള തടസ്സങ്ങളെല്ലാം മാറികിട്ടി.

ഇൗ വർഷം ഫെബ്രുവരി 29 ന് വേറൊരു കേസി​െൻറ ആവശ്യത്തിന്​ ഇന്ത്യൻ എംബസിയിലെത്തിയ സിദ്ധിഖ് തുവ്വൂർ അവിടെവെച്ചാണ് ഖുർഷിദ് ബാനുവിനെ കാണുന്നത്. നാട്ടിലേക്ക്​ പോകാൻ വഴി തേടി​െയത്തിയതായിരുന്നു അവർ. പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങാൻ തീരുമാനമെടുത്ത് ഫൈനൽ എക്സിറ്റിനായി അപേക്ഷിച്ചപ്പോഴാണ് ഇങ്ങനെയൊരാൾ ജീവിച്ചിരിപ്പില്ല എന്ന്​ രേഖകളിലുള്ളതായി ഉദ്യോഗസ്ഥർ അറിയിച്ചത്. മരിച്ചു എന്ന സ്​റ്റാറ്റസ് തിരുത്താതെ എക്സിറ്റ് വിസ അനുവദിക്കാനാവില്ലെന്നും ഇതിനായി മുതിർന്ന ഉഗ്യോഗസ്ഥർക്ക് പരാതി നൽകണമെന്നും ഉദ്യോഗസ്ഥരിൽ നിന്ന് നിർദേശം ലഭിച്ചു. പല തവണ ഓഫീസുകളിൽ കയറിയിറങ്ങിയെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണാതെ വന്നപ്പോഴാണ് ഔട്ട് പാസെങ്കിലും കിട്ടുമോ എന്നറിയാൽ എംബസിയിൽ എത്തിയതത്രെ.

ഉമ്മയുടെ പ്രായമുള്ള ഖുർഷിദി​െൻറ കണ്ണീര് അവഗണിക്കാൻ സിദ്ധിഖിന് കഴിഞ്ഞില്ല. വിഷയം ഏറ്റെടുത്ത്​ സിദ്ധിഖ് എംബസി ഓഫീസർ ആഫിയയുടെ മുന്നിലെത്തി. ഖുർഷിദി​െൻറ ദുരിതമറിഞ്ഞ്​ മനസലിഞ്ഞ എംബസി ഉദ്യോഗസ്ഥ ആവശ്യമായ സഹായങ്ങളെല്ലാം നൽകി. ​പ്രശ്​നപരിഹാരത്തിന് സൗദി പാസ്​പോർട്ട് (ജവാസത്​) ഓഫീസിനെയും മറ്റും സമീപിക്കാൻ എംബസി സിദ്ധീഖിനെ ചുമതലപ്പെടുത്തുകയും ചെയ്​തു. സൗദി സിവിൽ അഫയേഴ്‌സ്​ മന്ത്രാലയത്തിൽനിന്നുള്ള ഡെത്ത് സർട്ടിഫിക്കറ്റി​െൻറ അടിസ്ഥാനത്തിലാണ്​ ജവാസത്​ രേഖകളിൽ മരണം രേഖപ്പെടുത്തേണ്ടത്. അങ്ങനെ ഒരു രേഖയില്ല ഖുർഷിദി​െൻറ പേരിലെന്ന് അന്വേഷണത്തിൽ മനസിലായി. 10 വർഷം മുമ്പ് ഒരു ഉദ്യോഗസ്ഥന് പറ്റിയ കൈപ്പിഴയാണത്രെ അവരെ പരേതയാക്കിയത്​. ഇഖാമ നമ്പർ മാറി രേഖപ്പെടുത്തിയതാകാം എന്നാണ് നിഗമനം.

സിദ്ധിഖ് ഖുർഷിദിനെ മുതിർന്ന ഓഫീസർമാരുടെ മുന്നിൽ നേരിട്ട് ഹാജരാക്കി കാര്യങ്ങൾ ബോധ്യപ്പെടുത്തി. സിസ്​റ്റത്തിൽ ഖുർഷിദ് മരിച്ചുവെന്ന സ്​റ്റാറ്റസ് തിരുത്തിച്ചു. ഇതോടെ എക്സിറ്റ് വിസ ലഭിക്കാനുള്ള അവസരമൊരുങ്ങി. ഒറിജിനൽ പസ്​പോർട്ട് നഷ്‌ടപ്പെട്ടതിനാൽ യാത്രക്കായി എംബസി ഔട്ട് പാസ് അനുവദിച്ചു. യാത്രക്ക് ഒരുങ്ങുകയാണെന്നറിഞ്ഞപ്പോൾ ഖുർഷിദ് താമസിച്ചിരുന്ന കെട്ടിടയുടമയായ സൗദി പൗരൻ വിമാന ടിക്കറ്റ് നൽകി.

അയൽവാസികളും പരിചയക്കാരും മധുരവും സ്നേഹവും നിറച്ച​ പെട്ടികൾ സമ്മാനിച്ച്​ യാത്രയാക്കി. 20ാം വയസിൽ സൗദി അറേബ്യയിലെത്തിയ ഖുർഷിദ് 13 വർഷം മക്കയിലായിരുന്നു. പിന്നീട് ഭർത്താവിനൊപ്പം റിയാദിലെത്തി. തുടർന്ന് നീണ്ട 35 വർഷക്കാലം ബത്ഹയിലാണ് ജീവിച്ചത്. ഇതിനിടയിൽ ഭർത്താവ് ഉപേക്ഷിച്ചു. രണ്ട് മക്കളുണ്ടായിരുന്നു. ഒരു അവധിക്കലാത്ത് നാട്ടിൽ വെച്ചുണ്ടായ അപകടത്തിൽ മക്കളും ത​െൻറ സഹോദരിയും മരിച്ചു. സഹോദരിയുടെ മക്കളാണ് ഇപ്പോൾ നാട്ടിലുള്ളത്. അവരെ പഠിപ്പിച്ചതും വിവാഹം കഴിപ്പിച്ചതുമെല്ലാം പ്രവാസത്തിലെ വരുമാനം കൊണ്ട്​ ഖുർഷിദാണ്.

നീണ്ട കാൽനൂറ്റാണ്ടിന് ശേഷമുള്ള മടക്കയാത്രയിൽ എയർപോർട്ട് കവാടത്തിൽ തന്നെ സ്വീകരിക്കാൻ സഹോദരിയുടെ മക്കളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഖുർഷിദ ബാനുവി​െൻറ മടക്കം. ഒറ്റപ്പെട്ട് പോയപ്പോൾ പതറിപ്പോകാതിരിക്കാൻ ചേർത്ത് നിർത്തിയ സുമനസുകളോട് നിറകണ്ണുകളോടെ ഖുർഷിദ നന്ദി പറഞ്ഞു. സിദ്ധിഖ് തുവ്വൂരും എംബസി ഉദ്യോഗസ്ഥരും ചെയ്‌ത ജീവകാരുണ്യ പ്രവർത്തനം മറക്കാനാകാത്തതാണെന്നും അവർ പറഞ്ഞു. റിയാദിലെ കൊടും ചൂടിൽ ശരീരം പൊള്ളുമ്പോഴും തന്നെ സംരക്ഷിച്ചവരുടെ നന്മയോർക്കുമ്പോൾ മനസ്സിന് തണുപ്പാണ് അനുഭവപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർക്കുന്നു. കെ.എം.സി.സി വനിത വിങ്ങ്​ ഭാരവാഹി റഹ്​മത്ത് അഷ്റഫ്, സിദ്ധിഖി​െൻറ മാതൃസഹോദരി പാത്തുമ്മ, എംബസി ഉദ്യോഗസ്​ഥൻ ഷറഫുദ്ദീൻ, മുഹമ്മദ്​ നസീം എന്നിവരും സഹായത്തിനുണ്ടായിരുന്നു.

Tags:    
News Summary - Khurshida Banu says she is alive amid datas claiming she's dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.