ദമ്മാം: സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ വധശിക്ഷാ വിധിക്ക് കാതോർത്തിരിക്കെ ദിയാധനം നൽകാൻ സ്വദേശി പ്രമുഖൻ സന്നദ്ധനായതിനെ തുടർന്ന് തമിഴ്നാട് സ്വദേശി രക്ഷപ്പെട്ടു. കന്യാകുമാരി സ്വദേശി സാദിഖ് ജമാലിനാണ് ബംഗ്ലാദേശ് സ്വദേശി ജമാൽ ഹൂസൈൻ കൊല്ലപ്പെട്ട കേസിെൻറ വിചാരണക്കൊടുവിൽ ശിക്ഷാവിധി പ്രതീക്ഷിച്ചിരിക്കെ സ്വദേശിയുടെ ദയാവായ്പ് തുണയായത്. ദമ്മാം ക്രിമിനൽ കോടതിയിലാണ് കഴിഞ്ഞ ദിവസം വികാര നിർഭര രംഗങ്ങൾ അരങ്ങേറിയത് എന്ന് പരിഭാഷകനായ മുഹമ്മദ് നജാത്തി പറഞ്ഞു.
അന്തിമവിധി പ്രസ്താവന നടത്താനിരിക്കെ സ്വദേശി പ്രമുഖനായ കിഴക്കൻ പ്രവിശ്യ സാന്ത്വനം സമിതി ചെയർമാൻ മുഹമ്മദ് സാഫി അപ്രതീക്ഷിതമായി കോടതി മുറിയിലെത്തി ദിയാധനം നൽകാമെന്നേൽക്കുകയായിരുന്നു.മൂന്ന് വർഷം മുമ്പായിരുന്നു കൊലപാതകം. ജമാൽ ഹുസൈനെ സ്വന്തം മുറിയിൽ മദ്യലഹരിയിൽ സാദിഖ് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ഇരുവരും സുഹൃത്തുക്കളും ഒരേ കമ്പനിയിലെ ജീവനക്കാരുമായിരുന്നു. ഉന്നത തല അന്വേഷണത്തിലും േചാദ്യം ചെയ്യലിലും സാദിഖ് കുറ്റം സമ്മതിച്ചതിനെ തുടർന്ന് ജയിലിലായി. മൂന്ന് വർഷമായി ദമ്മാം സെൻട്രൽ ജയിലിലായിരുന്നു സാദിഖ്. അല്ലലില്ലാത്ത ജീവിതം സ്വപ്നം കണ്ടാണ് സാദിഖ് പ്രവാസിയാവുന്നത്.
എന്നാൽ, കേസിലകപ്പെട്ട് ജയിലിലായതോടെ കുടുംബവും പട്ടിണിയിലായി. വധശിക്ഷ തന്നെ ലഭിക്കാവുന്ന കേസിൽ മോചന പ്രതീക്ഷ ഉണ്ടായിരുന്നില്ല. മൂന്ന് വർഷം നീണ്ട നിയമ നടപടികൾക്കും ജയിൽ വാസത്തിനും ഒടുവിലാണ് അന്തിമ വിധിയുടെ നാളെത്തിയത്. കോടതിയിലെ അവസാന നടപടിക്രമങ്ങളുടെ ഭാഗമായി വിചാരണക്ക് മരവിച്ച മനസ്സോടെയാണ് സാദിഖ് എത്തിയത്. അന്തിമ വിധി പ്രസ്താവന നടത്താനിരിക്കെയാണ് മുഹമ്മദ് സാഫി പെെട്ടന്ന് കോടതി മുറിയിലെത്തിയതും ദിയാധനം നൽകാമെന്നേറ്റതും. മൂകത തളംകെട്ടിയ കോടതി മുറിയിൽ വികാര നിർഭരമായ നിമിഷങ്ങളാണ് പിന്നീട് കണ്ടതെന്ന് പരിഭാഷകൻ മുഹമ്മദ് നജാത്തി പറഞ്ഞു.
തൂക്കുമരം കാത്തു നിന്നവനെ ജീവിതത്തിലേക്ക് കൈ പിടിച്ചാനയിച്ച ആ മനുഷ്യെൻറ നൻമക്കു മുന്നിൽ നിറ കണ്ണുകളോടെ സാദിഖ് കൈകൂപ്പി നിന്നു. രണ്ട് വർഷത്തെ ജയിൽ വാസം കൂടി കഴിഞ്ഞാൽ മോചനത്തിന് വഴിയൊരുങ്ങും. അതേ സമയം, കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ദിയാധനം ഉടൻ ൈകമാറാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി നജാത്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.